മുംബൈ: ഡൽഹിയിൽ നിന്നും പഞ്ചാബിലേക്കും ​ഗോവയിലേക്കും വളർന്ന ആം ആദ്മി പാർട്ടി മഹാരാഷ്ട്രയിലും വേരുറപ്പിക്കുന്നു. മഹാരാഷ്ട്രയിൽ നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 96 സീറ്റുകൾ നേടി. യവത്മാൽ ജില്ലയിൽ മാത്രം 41 സീറ്റുകളാണ് പാർട്ടി നേടിയത്.13 ജില്ലകളിലായി 300 സീറ്റുകളിൽ ആം ആദ്മി പാർട്ടി മത്സരിച്ചിരുന്നു. ആകെ ലഭിച്ചതിൽ 75 ശതമാനും ബിജെപിയുടെ ശക്തി കേന്ദ്രമായ വിദർഭയിലാണ്.

കർഷകരുടെ ആത്മഹത്യകളുടെ കേന്ദ്രമാണ് വിദർഭയിലെ യവത്മാൽ ജില്ല. കഴിഞ്ഞ മൂന്ന് വർഷമായി കർഷകരുടെ പ്രക്ഷോഭത്തെത്തുടർന്ന് ആം ആദ്മി പാർട്ടി പൊതുജനാഭിപ്രായം നേടിയിട്ടുണ്ടെന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗവും വക്താവുമായ പ്രീതി ശർമ്മ മേനോൻ അവകാശപ്പെട്ടു.

ലത്തൂർ, നാഗ്പൂർ, സോളാപൂർ, നാസിക്, ഗോണ്ടിയ, ചന്ദ്രപൂർ, പൽഘർ, ഹിംഗോളി, അഹമ്മദ്‌നഗർ, ജൽന, യവത്മാൽ, പർഭാനി ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിൽ പാർട്ടി സീറ്റുകൾ നേടി. പ്രാദേശിക കക്ഷികളുമായി സഖ്യം ചേർന്ന് മത്സരിച്ച് 13 സീറ്റുകളാണ് ആം ആദ്മി നേടിയത്. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ 2022ലെ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് ആംആദ്മി പാർട്ടി.

2022 ൽ മുംബൈയിലെ ബിഎംസി തെരഞ്ഞെടുപ്പ് ഉൾപ്പെടെ കല്യാൺ ഡോംബിവാലി, കോലാപ്പൂർ, ഔറംഗബാദ് മെട്രോപൊളിറ്റൻ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾക്കായി ആം ആദ്മി പാർട്ടി തയ്യാറെടുപ്പ് ആരംഭിച്ചുവെന്നും മേനോൻ വ്യക്തമാക്കി. ഡൽഹിയിലെ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും മാതൃക മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരാനുള്ള ദൃഢനിശ്ചയവും പാർട്ടിക്കുണ്ടെന്ന് അവർ വ്യക്തമാക്കി.