ഹവാന: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ അബ്ഡാല വാക്സിന്റെ മൂന്ന് ഡോസ് 92.28 ശതമാനം ഫലപ്രദമാണെന്ന് ക്യൂബൻ ഭരണകൂടം. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ് ഇത് തെളിയിക്കപ്പെട്ടതെന്നും അധികൃതർ വ്യക്തമാക്കി. സെന്റർ ഫോർ ജനിറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജിയാണ് അബ്ഡാല വാക്സിന്റെ നിർമ്മാതാക്കൾ.

ക്യൂബയുടെ മറ്റൊരു വാക്സിനായ സൊബെരാന 2 അറുപത്തിരണ്ട് ശതമാനം ഫലപ്രദമാണെന്ന വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ക്യൂബൻ സർക്കാർ ബയോഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ബയോക്യൂഫാർമയാണ് സൊബെരാന 2 വാക്സിീന്റെ ഉത്പാദകർ. രണ്ട് വാക്സിനുകൾക്കും ഉടൻ തന്നെ പ്രാദേശിക റെഗുലേറ്റർമാർ അടിയന്തര അംഗീകാരം നൽകുമെന്നാണ് വിവരം.

ബയോടെക് മേഖലയിൽ പതിറ്റാണ്ടുകളായി വാക്സിനുകൾ കയറ്റുമതി ചെയ്യുന്ന ക്യൂബയിൽ അഞ്ച് കൊറോണ വൈറസ് വാക്സീൻ കാൻഡിഡേറ്റുകളുണ്ട്. അർജന്റീന, ജമൈക്ക, മെക്സിക്കോ, വിയത്നാം, വെനസ്വേല തുടങ്ങി നിരവധി രാജ്യങ്ങൾ ക്യൂബയുടെ വാക്സിനുകൾ വാങ്ങാൻ ഇതിനോടകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി ഇറാൻ ഈ വർഷം ആദ്യം സൊബെരാന 2 ഉത്പാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

ക്യബയിൽ ഒരു ദശലക്ഷം പേർക്ക് ഇതുവരെ വാക്സിനേഷൻ നൽകിയിട്ടുണ്ട്. ഒരു മാസം മുമ്പ് വാക്സിനേഷൻ പ്രചാരണം ആരംഭിച്ചതു മുതൽ തലസ്ഥാനമായ ഹവാനയിൽ ദിവസേനയുള്ള കേസുകൾ പകുതിയായി കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ക്യൂബയിൽ 1,69,365 കോവിഡ് കേസുകളും 1,170 മരണങ്ങളുംമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.