കോഴിക്കോട്: അസമിലെ നാഗോണിൽ വെച്ച് ആത്മഹത്യ ചെയ്ത ടൂറിസ്റ്റ് ബസ് ജീവനക്കാരന്റെ മൃതദേഹം ഇന്ന് രാത്രി വീട്ടിലെത്തിക്കും. കോഴിക്കോട് മേപ്പയ്യൂർ മഠത്തിൽ കുളങ്ങര വീട്ടിൽ അഭിജിത്താണ് കഴിഞ്ഞ ദിവസം അസമിലെ നഗോണിൽ ബസിനുള്ളിൽ വെച്ച് ആത്മഹത്യ ചെയ്തത്. അഭിജിതിന്റെ മൃതദേഹം ഇന്ന് രാത്രി മേപ്പയ്യൂരിലെ വീട്ടിലെത്തിക്കും.

വടകര ശ്രീറാം ടൂർസ് ആൻഡ് ട്രാവൽസിലെ ഡ്രൈവറായിരുന്ന അഭിജിത് ഏപ്രിൽ ഏഴിനാണ് പെരുമ്പാവൂരിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് പോയത്. എന്നാൽ പിന്നാലെ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് അസമിൽ നിന്നും തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരാനുള്ള അനുമതി ലഭിച്ചത് അറിയാതെയാണ് അഭിജിത് ആത്മഹത്യ ചെയ്തത്. നാട്ടിലേക്ക് വരാൻ കഴിയാത്തതിൽ മാനസിക പ്രയാസമുള്ളതായി അഭിജിത് ഫോൺ ചെയ്ത സമയത്ത് കൂട്ടുകാരോട് പറഞ്ഞിരുന്നു.നാല് വർഷങ്ങൾക്ക് അഭിജിതിന്റെ അച്ഛൻ ബാലകൃഷ്ണന്റെ മരണത്തോടെ അമ്മയും അച്ഛമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാതിത്വം ഏറ്റെടുത്തുകൊണ്ടാണ് അഭിജിത് ബസ് ഡ്രൈവറായി ജോലി ആരംഭിച്ചത്. 21 വയസ്സ് മാത്രമായിരുന്നു അഭിജിതിന്റെ പ്രായം.

അഭിജിതിന്റെ മരണത്തോടെ വീട്ടിൽ അമ്മ ഗീതയും അച്ഛമ്മ പെണ്ണൂട്ടിയും തനിച്ചായിരിക്കുകയാണ്. ഇവരുടെ ഏക ആശ്രയവും പ്രതീക്ഷയുമായിരുന്നു അഭിജിത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പോലും സുഹൃത്തുക്കളുമായും ശ്രീറാം ട്രാവൽസിലെ മാനേജറുമായും അഭിജിത് സംസാരിച്ചിരുന്നു. നാട്ടിലേക്ക് വരുന്നതിനെ കുറിച്ചായിരുന്നു അഭിജിത് സംസാരിച്ചിരുന്നത്. ബസ് കഴുകിയിടുകയാണെന്നാണ് അഭിജിത് അപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ വൈകീട്ട് വന്ന വാർത്ത അഭിജിത്തിനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നാണ്.

കോവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി പെരുമ്പാവൂരിൽ നിന്നും അസമിലേക്ക് പോയതായിരുന്നു അഭിജിത്. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ തിരിച്ച് നാട്ടിലേക്ക് വരാൻ സാധിച്ചില്ല. മാത്രവുമല്ല തൊഴിലാളികൾ തിരികെ വരാൻ തയ്യാറാകാതിരുന്നതും പ്രതിസന്ധിയായി.

അസമിലെ നഗോണിൽ പാർക്ക് ചെയ്തിരുന്ന ബസിനകത്ത് വച്ചാണ് അഭിജിത് ആത്മഹത്യ ചെയ്തത്. നാല് വർഷങ്ങൾക്ക് മുമ്പ് അച്ചനും സഹോദരിയും മരണപ്പെട്ട അഭിജിത് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. വടകര സ്വദേശി സനലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്ന അഭിജത് ജോലി ചെയ്തിരുന്ന ടൂറിസ്റ്റ് ബസ്. ഇന്ന് നാട്ടിലേക്ക് തിരികെ വരാൻ അനുമതി വാങ്ങിയിരുന്നതായി ബസ് ഉടമ സനൽ അറിയിച്ചു. എന്നാൽ അനുമതി ലഭിച്ച വിവരം അറിയുന്നതിന് മുമ്പ് തന്നെ അഭിജിത് ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നു എന്നാണ് വിവരം.

നാല് വർഷങ്ങൾക്ക് മുമ്പ് അന്തരിച്ച ബാലകൃഷണനാണ് അഭിജിതിന്റെ അച്ഛൻ. അമ്മ ഗീത. അഭിജിതിന്റെ സമാനമായി പ്രശ്‌നങ്ങൾ അനുഭവിക്കുന്ന നിരവധി ബസ്‌തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാൻ സർക്കാർ തലത്തിൽ നടപടിവേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ഒരു ജീവനക്കാരൻ ആത്മഹത്യ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് അസം അതിർത്തിയിൽ കുടുങ്ങിയ മലയാളി ഡ്രൈവർമാരിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചത്. തൃശൂർ സ്വദേശി നജീബ് ആണ് അന്ന് മരിച്ചത്. അസം- പശ്ചിമ ബംഗാൾ അതിർത്തിയായ അലിപൂരിൽ വച്ചായിരുന്നു മരണം. അതിഥി തൊഴിലാളികളുമായി പോയ ബസ് ജീവനക്കാർ വലിയ ദുരിതമാണ് അവിടെ അനുഭവിക്കുന്നത്. സ്വന്തം കയ്യിൽ നിന്ന് ദിവസ വാടക കൊടുത്താണ് ഇവർ ബസുകൾ അവിടെ പാർക്കു ചെയ്യുന്നത്. പൈസ നൽകിയില്ലെങ്കിൽ ഗുണ്ടകളുടെ ഭീഷണിയും നേരിടേണ്ടിവരുമെന്ന് ഇവർ പറയുന്നു. ഭക്ഷണം പോലും ലഭിക്കാതെ ദുരിത ജീവിതമാണ് ഇവർ നയിക്കുന്നത്.

കേരള ബസുകൾ ഉടൻ സംസ്ഥാനം വിടണമെന്ന് അസം സർക്കാറും ആവശ്യപ്പെട്ടിട്ടുണ്ട്. ഏജന്റുമാർ കബളിപ്പിച്ചതിനാൽ നൂറുകണക്കിന് ബസുകളാണ് ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നത്. ബസുകൾ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ബസ് ഉടമകളും കാര്യമായ ഇടപെടൽ നടത്തുന്നില്ല. തിരിച്ചു വരാൻ ഡീസലടിക്കാനുള്ള പണം പോലും കയ്യിലില്ലാത്ത അവസ്ഥയിലാണ് ബസ് ഡ്രൈവർമാർ.

കണ്ണൂർ, കോഴിക്കോട്, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബസ് ജീവനക്കാരിൽ കൂടുതലും. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ വരെ വലിയ ശ്രദ്ധ ചെലുത്തുന്ന കേരള സർക്കാർ നാട്ടുകാർ മറ്റൊരു നാട്ടിൽ കുടുങ്ങിക്കിടന്നിട്ടും കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഈ വിഷയം കഴിഞ്ഞ ദിവസം നിയമ സഭയിലും ചർച്ചയായിരുന്നു. ഇതേ സമയം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവർമാരെ തിരികെയെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.