പുതുമുഖ താരങ്ങളെ ഓഡിഷൻ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞ് സംവിധായകൻ എബ്രിഡ് ഷൈൻ. ഓഡിഷന് വിളിക്കുമ്പോൾ കഥാപാത്രത്തിന്റെ എല്ലാ സ്വഭാവവും പറയാൻ കഴിയില്ലെന്നും ആവശ്യമുള്ള രൂപം തെരഞ്ഞെടുക്കാറാണ് പതിവെന്നും സംവിധായകൻ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. കഥാപാത്രത്തെ സൂക്ഷ്മമായി വിവരിച്ചാൽ അതു ചിലപ്പോൾ ബോഡിഷെയിമിങ്ങായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിക്കുന്ന സിനിമയിലേക്ക് പുതുമുഖതാരങ്ങളെ തേടുന്നതിനിടെയാണ് ഓഡിഷനിലെ വെല്ലുവിളികളെ കുറിച്ച് അദ്ദേഹം തുറന്ന് പറയുന്നത്. നായിക ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകളെയാണ് തേടുന്നതെന്നാണ് എബ്രിഡ് ഷൈൻ അഭിമുഖത്തിൽ പറയുന്നത്. തന്റെ മുൻചിത്രങ്ങളിലെല്ലാം ഓഡിഷൻ വഴിയാണ് നടീനടന്മാരെ തെരഞ്ഞെടുക്കുന്നതെന്നും ആക്ഷൻ ഹീറോ ബിജുവിലെ അരിസ്റ്റോ സുരേഷ്, പൂമരത്തിലെ കുട്ടികൾ എന്നിവരെയെല്ലാം തെരഞ്ഞെടുത്തത് അങ്ങനെയാണെന്നും എബ്രിഡ് ഷൈൻ പറഞ്ഞു.

ഓഡിഷന് വിളിക്കുമ്പോൾ കഥാപാത്രത്തിന്റെ എല്ലാ സ്വഭാവവും പറയാൻ കഴിയില്ലെന്നും ആവശ്യമുള്ള രൂപം തെരഞ്ഞെടുക്കാറാണ് പതിവെന്നും സംവിധായകൻ പറയുന്നു. എന്നാൽ കഥാപാത്രത്തെ സൂക്ഷ്മമായി വിവരിച്ചാൽ അതു ചിലപ്പോൾ ബോഡിഷെയിമിങ്ങായി വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്നും അദ്ദേഹം പറഞ്ഞു. ഓഡിഷനിൽ പങ്കെടുക്കുന്നവർക്ക് അവസരം കിട്ടാതെ വരുമ്പോൾ അവർ കരുതുക തനിക്ക് എല്ലാ ഗുണങ്ങളും ഉണ്ടല്ലോ എന്നും എന്നിട്ടും എന്തുകൊണ്ട് തെരഞ്ഞെടുത്തില്ലെന്നുമാണെന്നും എബ്രിഡ് ഷൈൻ പറയുന്നു. എല്ലാവരും മിടുക്കരാണെങ്കിലും അനുയോജ്യരായവരെ തെരഞ്ഞെടുക്കാനേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻഹീറോ ബിജു സിനിമയിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളും ബോഡി ഷെയ്മിങ്ങും ഉണ്ടായിരുന്നതായി നേരത്തേ വിമർശനമുയർന്നിരുന്നു. സിനിമയിലെ പൊലീസ് സ്റ്റേഷനിൽ വെച്ചുള്ള ചില രംഗങ്ങളിലാണ് സ്ത്രീവിരുദ്ധതയും ബോഡിഷെയ്മിങ്ങും ഉൾപ്പെട്ടിരുന്നതായി വിമർശനങ്ങൾ വന്നിരുന്നത്.

1983, ആക്ഷൻ ഹീറോ ബിജു ചിത്രങ്ങൾക്ക് ശേഷമാണ് നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നത്. നിവിൻ പോളി-എബ്രിഡ് ഷൈൻ ടീമിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ് ഇപ്പോൾ. 'ആക്ഷൻ ഹീറോ ബിജുവിന്' ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ഈ സിനിമയിലേക്ക് 20നും 50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30നും 55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങൾക്കുമാണ് കാസ്റ്റിങ് കോൾ എത്തിയിരിക്കുന്നത്.

മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം. നാടകം, മറ്റ് ദൃശ്യാവിഷ്കാരങ്ങളിൽ മികവ് രേഖപ്പെടുത്തൽ, മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വീഡിയോസ് എന്നിവ ചേർത്ത് ഡിസംബർ 15ന് മുൻപായി അയയ്ക്കാനാണ് കാസ്റ്റിങ് കോളിൽ പറയുന്നത്. ആൺകഥാപാത്രങ്ങൾക്ക് abridmoviemaleactor@gmail.com എന്ന മെയിൽ ഐഡിയിലും സ്ത്രീകഥാപാത്രങ്ങൾക്ക് abridmoviefemaleactor@gmail.com എന്ന ഇമെയിൽ വിലാസത്തിലുമാണ് അയയ്ക്കേണ്ടത്. പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.