മലപ്പുറം: മുരിങ്ങ മരത്തിലെ കായ പറിക്കാൻ കയറിയ യുവാവ് 35 അടി താഴ്‌ച്ചയുള്ള കിണറ്റിൽ വീണു. ആൾതാമസമില്ലാത്ത വീട്ടിലെ അഞ്ചടി വെള്ളവുമുള്ള കിണറ്റിൽ അബദ്ധത്തിൽ വീണ യുവാവിന് കാലിന് പരുക്ക്. നെറ്റും റോപ്പും ഉപയോഗിച്ച് രക്ഷകരായി ഫയർഫോഴ്സും.

ആനമങ്ങാട് ടൗണിലെ സ്വകാര്യവ്യക്തിയുടെ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ വീണ യുവാവിന് രക്ഷപ്പെടുത്തിയത് ഫയർഫോഴ്സിന്റെ സമയോചിത ഇടപെടൽ കൊണ്ടാണ്. അനമങ്ങാട് ഒളിയത്ത് വീട്ടിൽ രാജനെയാണ് (40) രക്ഷിച്ചത്. കിണറിന്റെ സമീപത്തെ മുരിങ്ങയിൽ നിന്ന് കായ പറിക്കുന്നതിനിടെ അബദ്ധത്തിൽ വീണതായിരുന്നു യുവാവ്.

പെരിന്തൽമണ്ണ നിലയത്തിൽ നിന്നും അസി: സ്റ്റേഷൻ ഓഫീസർ സഞ്ജുകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ എഫ്.ആർ.ഒ മുജീബ് റഹ്മാൻ ചെയർനോട്ടിൽ കിണറ്റിലിറങ്ങി നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ രാജനെ പുറത്തെത്തിച്ചു. വീഴ്ചയിൽ കാലിന് സാരമായ പരിക്കുള്ളതിനാൽ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന്. എം.ഇ.എസ് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.

ഫയർ ഓഫീസർമാരായ എം. അബ്ദുള്ള, എ.പി നിയാസുദ്ദീൻ, എം.അബ്ദുൾ ജലീൽ, ഹോംഗാർഡുമാരായ പി.മുരളി, കെ.വി.സുരേന്ദ്രൻ. സിവിൽ ഡിഫൻസ് അംഗങ്ങളായ ഷഫീക്ക് അമ്മിനിക്കാട്, അൻവർ മലബാർ, ഷഫീക്ക് ശാന്തപുരം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.