തിരുവനന്തപുരം: കേരളാ പൊലീസിനെ അഴിമതിക്കുരുക്കിലാക്കിയ പൊലീസുകാരൻ മകൻ. എസ് ഐയായി സർവ്വീസിൽ കയറി എസ് പിയായി വിരമിച്ച സോമരാജൻ എന്ന പേരെടുത്ത പൊലീസുകാരന്റെ മകനാണ് സുനിൽ രാജ്. കിഫ്ബിയുടെ കടമെടുപ്പ് ചോദ്യം ചെയ്തു സർക്കാരിനെതിരെ പുതിയ വിവാദത്തിന് തുടക്കമിടുന്നതും പൊലീസിലെ ക്രമക്കേടുകളുടെ ഞെട്ടിക്കുന്ന പട്ടിക പുറത്തുവിട്ട മലയാളിയായ അതേ അക്കൗണ്ടന്റ് ജനറൽ എസ്. സുനിൽരാജ്.

കഴിഞ്ഞ മേയിൽ അരുണാചലിലേക്കു സ്ഥലംമാറ്റം ലഭിച്ചെങ്കിലും കോവിഡ് വ്യാപനം കാരണം 2 മാസം കൂടി തിരുവനന്തപുരത്തെ ചുമതലയിൽ തുടർന്നു. ഇതിനിടയിലാണു ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയത്. പിന്നാലെ ഡൽഹിയിലെത്തി പ്രിൻസിപ്പൽ ഡയറക്ടറായി ചുമതലയേറ്റു. അരുണാചലിലേക്കുള്ള മാറ്റം റദ്ദാക്കിയാണു ഡൽഹിയിൽ നിയമിച്ചത്. ഇതും നിർണ്ണായകമായി. സുനിൽ രാജാണ് മസാലാ ബോണ്ടിലെ ഭരണഘടനാ വിരുദ്ധത റിപ്പോർട്ട് ചെയ്തതും. സർക്കാരിനെ വെട്ടിലാക്കിയ പൊലീസ് അഴിമതിക്ക് പിന്നിൽ ചാലകശക്തിയായ സുനിൽ രാജ് അന്ന് നടത്തിയ വാർത്താ സമ്മേളനം ഏറെ ചർച്ചയായിരുന്നു. കിഫ്ബിയിലെ റിപ്പോർട്ടോടെ സംസ്ഥാന സർക്കാരിന് രണ്ടാമത്തെ വെല്ലുവളി നൽകുകയാണ് സുനിൽ രാജ്.

1996 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ സുനിൽരാജ് കിഫ്ബിയിൽ സമഗ്ര സമ്പൂർണ ഓഡിറ്റ് വേണമെന്ന കർക്കശ നിലപാടാണ് ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. പിന്നാലെ കിഫ്ബിക്കെതിരായ പരാമർശങ്ങളടങ്ങിയ സിഎജി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെ സർക്കാർ സിഎജിക്കെതിരെ തിരിഞ്ഞു. റിപ്പോർട്ട് തിരുത്തണമെന്നാവശ്യപ്പെട്ടു സിഎജിക്കു കിഫ്ബി സിഇഒ കത്തു നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണു സംസ്ഥാന പൊലീസ് ചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്ന ക്രമക്കേടുകളുടെ പരമ്പര തന്നെ സിഎജി റിപ്പോർട്ടിലൂടെ പുറത്തുവന്നത്. വെടിയുണ്ട കാണാതായതും ഫണ്ട് വകമാറ്റി ഉന്നത ഉദ്യോഗസ്ഥർ വില്ല പണിതതും കാർ വാങ്ങിയതുമൊക്കെ കേട്ടു കേരളം അന്തംവിട്ടു.

രാജ്യത്തിനു പുറത്തു നിന്നു സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണു മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിനെ സിഎജി കാണുന്നത്. കേന്ദ്രത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ടെങ്കിൽ കേന്ദ്ര അനുമതി വാങ്ങാതെ ആഭ്യന്തര കടമെടുപ്പു പോലും പാടില്ലെന്നും ഭരണഘടനയിൽ പറയുന്നു. കേന്ദ്ര അനുമതിയില്ലാതെ കിഫ്ബി ആഭ്യന്തര വായ്പയെടുത്തത് ഈ വ്യവസ്ഥയുടെ ലംഘനമാണെന്നാണു സിഎജിയുടെ മറ്റൊരു കണ്ടെത്തൽ. കിഫ്ബിയെ സർക്കാർ സ്ഥാപനമായി സിഎജി കാണുമ്പോൾ കോർപറേറ്റ് സ്ഥാപനമായാണു കേരള സർക്കാർ വ്യാഖ്യാനിക്കുന്നത്.

ധന അഡീഷനൽ ചീഫ് സെക്രട്ടറിയുടെ മുന്നിലെത്തിയ റിപ്പോർട്ടിൽ ഗുരുതര വിമർശനങ്ങൾ കണ്ടതോടെയാണു മന്ത്രി തോമസ് ഐസക് ഇടപെട്ടത്. ഡിജിപി റാങ്കിലുള്ള ഋഷിരാജ് സിങ് അടക്കമുള്ള സൗഹൃദങ്ങൾ 1996 ബാച്ചുകാരനായ സുനിൽ രാജ് എന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനുണ്ട്. ഓഫീസിൽ കർശന നിലപാടുകളെടുക്കുന്ന സുനിൽ രാജിനെതിരെ ജീൻസ് വിവാദം പോലും ജീവനക്കാർ ഉയർത്തി. എന്നാൽ പക്വമായ പ്രതികരണത്തിലൂടെ അതെല്ലാം ഒഴിവാക്കുകയും ചെയ്തു. വാട്ടർ അഥോറിട്ടിയിൽ മെമ്പറായിരിക്കെ അഴിമതിക്കെതിരെ അതിശക്തമായ നിലപാട് എടുത്ത ഐഎഎഎസ് ഉദ്യോഗസ്ഥനാണ് സുനിൽ രാജ്.

സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക് രജിസ്റ്ററും രേഖകളും ശരിയായ രീതിയിലല്ല സൂക്ഷിച്ചിരിക്കുന്നതെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ ഏറെ ചർച്ചയായിരുന്നു. 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളും 12,061 കാർട്രിഡ്ജും സ്റ്റോക്കിൽ കുറവുണ്ടെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അന്ന് പതിവ് ശൈലി വിട്ടുള്ള പത്ര സമ്മേളനമാണ് സുനിൽ രാജ് നടത്തിയത്. എല്ലാം ചോദ്യത്തിനും കിറു കൃത്യമായ മറുപടി നൽകി. ഇതോടെ വെട്ടിലായത് പൊലീസും ഡിജിപി ലോക്നാഥ് ബെഹ്റയുമായിരുന്നു. പൊലീസിനെ വെട്ടിലാക്കിയത് പൊലീസുകാരന്റെ മകനാണെന്നത് കൗതുകത്തോടെയാണ് സേനയ്ക്കുള്ളിലുള്ളവരും കാണ്ടത് ഇരട്ട പിജിയുള്ള സുനിൽ രാജ് എന്നും അഴിമതിക്കെതിരെ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്. ഇതിന്റെ പ്രതികാരമാണ് സുനിൽ രാജിന്റെ സ്ഥലമാറ്റമെന്ന വാദവും സജീവമായിരുന്നു.

എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് എക്കണോമിക്സിൽ പിജിയും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ പിജെയും നേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് അക്കൗണ്ടന്റെ ജനറലാകുന്നതിന് മുമ്പ് മധ്യപ്രദേശിലും ഇതേ ജോലി ചെയ്തിരുന്നു. ചെന്നൈയിലും രാജ്കോട്ടിലും മുംബൈയിലും എല്ലാം ജോലി ചെയ്തിട്ടുണ്ട്. രണ്ട് കൊല്ലം മുമ്പാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഓഫീസിൽ കർശന നിലപാടാണ് ഇദ്ദേഹം എടുക്കാറുള്ളത്. ഓഫീസിൽ ഔദ്യോഗിക വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന നിലപാട് ഇദ്ദേഹം എടുത്തിരുന്നു. ഇതിനെ ജീൻസ് നിരോധിക്കലായി ഒരു കൂട്ടർ ചിത്രീകരിച്ചു. ഇതേ തുടർന്ന് സുനിൽരാജ് യോഗം വിളിച്ചു. ജീൻസ് നിരോധിച്ചെന്ന വ്യാജ പ്രചരണം നിർത്തണമെന്നും ആവശ്യപ്പെട്ടു.

സോമരാജന്റെ അച്ഛൻ പൊലീസിൽ എസ് ഐയായിട്ടാണ് സർവ്വീസിൽ കയറിയത്. ഐപിഎസ് കൺഫർ ചെയ്തു കിട്ടുകയും ചെയ്തു. സർവ്വീസിൽ നിന്ന് വിരമിച്ചിട്ട് നാളേറെയാവുകയും ചെയ്തു. അന്വേഷണ മികവിലും മറ്റും പേരെടുത്ത സോമരാജൻ കുറ്റാന്വേഷണത്തിലും മറ്റും മികവ് കാട്ടിയ വ്യക്തിയാണ്. സുനിൽരാജും അച്ഛനെ പോലെ ജോലിയിൽ ഉറച്ച നിലപാടുകളാണ് എടുക്കാറുള്ളത്. സുനിൽ രാജിന്റെ ഭാര്യാ പിതാവ് എസ് എൻ ഡി പിയുടെ പ്രധാന നേതാവുമാണ്. 2010ലാണ് വാട്ടർ അഥോറിറ്റിയിലെ അക്കൗണ്ട് മെമ്പറായി സുനിൽ രാജ് എത്തുന്നത്. അന്ന് ഡോ ജയതിലകായിരുന്നു ചെയർമാൻ. എംഡി സുസൻ ജേക്കബായിരുന്നു. വാട്ടർ അഥോറിറ്റിയിലെ കെടുകാര്യസ്ഥകളിൽ ജയതിലകിനൊപ്പം നിന്ന് പോരാട്ടം നടത്തുകയായിരുന്നു സുനിൽ രാജ്.

അന്ന് എൻകെ പ്രേമചന്ദ്രനായിരുന്നു ജലവിഭവ മന്ത്രി. കള്ളക്കളികളിൽ സുനിൽ രാജ് ഉറച്ച നിലപാട് എടുത്തപ്പോൾ വാട്ടർ അഥോറിട്ടിയെ സമ്പൂർണ്ണമായും അഴിച്ചു പണിയുകയായിരുന്നു അന്നത്തെ ഇടത് സർക്കാർ ചെയ്തത്. അങ്ങനെ അഴിമതിക്കെതിരെ കർശന നിലപാടാണ് സുനിൽ രാജ് എടുത്തിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിലും സുനിൽരാജ് പ്രവർത്തിച്ചിട്ടുണ്ട്. യുഎന്നിലും ലോക ഭക്ഷ്യസുരക്ഷാ പദ്ധതിയിലും എല്ലാം ഓഡിറ്ററായി. അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസിയിലും ജോലി നേക്കി. വിയന്ന, ജപ്പാൻ, കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും വിവിധ ജോലികളുമായി എത്തി. ആഫ്രിക്കൻ രാജ്യങ്ങളായ സെനഗലിലും നൈഗറിലും ജോലി നോക്കി.

ഒഴിവ് സമയത്ത് വായനയോടാണ് കൂടുതൽ താൽപ്പര്യം. ബാഡ്മിന്റണും കളിക്കും. ടെന്നീസും ക്രിക്കറ്റും കളിക്കാനും സമയം കണ്ടെത്താറുണ്ട്. അങ്ങനെ ജോലിതിരക്കുകൾക്കൊപ്പം വായനയും കളികളുമായി മുമ്പോട്ട് പോകുന്ന സിവിൽ സർവ്വീസുകാരനാണ് സുനിൽ രാജ്. ഇത് തന്നെയാണ് പൊലീസുമായി ബന്ധപ്പെട്ട അന്വേഷണത്തിലും നിറയുന്നത്. കർശനമായ നിലപാടുകൾ റിപ്പോർട്ടിലും സ്വീകിരച്ചു. ഇപ്പോൾ കിഫ്ബിയിലും ചർച്ചയാകുന്നത് ഈ മലയാളി ഉദ്യോഗസ്ഥനാണ്.