തിരുവനന്തപുരം: അഭയകേസിൽ സിബിഐ കോടതി പ്രതികളെന്ന് കണ്ടെത്തിയ ഫാദർ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സെഫി. കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ വൈദ്യ പരിശോധനയിൽ ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. കേസിൽ നാളെയാണ് ശിക്ഷാ വിധി വരുന്നത്.

ഫാ. തോമസ് കോട്ടൂർ , സിസ്റ്റർ സെഫി എന്നിവരെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം (വകുപ്പ് 302) , രാത്രിയിലുള്ള ഭവന കൈയേറ്റം (449) , തെളിവു നശിപ്പിക്കൽ (201) എന്നീ കുറ്റങ്ങൾ ചെയ്തതായി വിചാരണക്കോടതി കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കേട്ട ഫാ: കോട്ടൂരും സിസ്റ്റർ സെഫിയും വിധി കേട്ട് പ്രതിക്കൂട്ടിൽ നിന്ന് ഞെട്ടി. ഇരുവരെയും ജയിലിലേക്ക് റിമാന്റു ചെയ്യാനും ബുധനാഴ്ച കോടതിയിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടതോടെ സെഫിയുടെ കണ്ണുകൾ നിറഞ്ഞു.

കൺവിക്ഷൻ വാറണ്ടു 11.45 മണിക്ക് തയ്യാറാവുന്നത് വരെ പ്രതികൾ പ്രതിക്കൂട്ടിൽ സി ബി ഐ കസ്റ്റഡിയിൽ നിർത്തി. ലോക്കൽ പൊലീസ് ക്രമസമാധാന പാലനത്തിനായി കോടതി വളപ്പിൽ നിലയുറപ്പിച്ചിരുന്നു. കന്യാസ്ത്രീ വേഷമണിഞ്ഞ 15 ഓളം കന്യാസ്ത്രീകൾ സ്റ്റെഫിക് പിൻതുണയർപ്പിച്ച് കോടതിയിൽ എത്തി. അവർ സ്റ്റെഫിയെ സമാധാനിപ്പിക്കുന്നതിനിടെ സെഫി വിങ്ങിപ്പൊട്ടി. ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാനും 30 ഓളം കോട്ടയത്തെ കോൺവെന്റു ജീവനക്കാരും ബന്ധുക്കളും എത്തിയിരുന്നു.

കേസിൽ വെറുതെ വിടുമെന്ന പ്രതീക്ഷയിൽ ആഹ്ലാദം പങ്കിടുനായാണ് എല്ലാവരും എത്തിയതെങ്കിലും വിധി എതിരായതോടെ അക്ഷരാർത്ഥത്തിൽ അവർ ഞെട്ടിപ്പോയി. ഫാ.കോട്ടൂരും ഇടക്കിടെ വിതുമ്പുന്നുണ്ടായിരുന്നു. 11.50 മണിയോടെ ഫാ. കോട്ടൂരിനെയും സെഫിയേയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും തുടർന്ന് ജയിലിലേക്ക് മാറ്റുകയും ചെയ്തു.

നീണ്ട 28 വർഷത്തിന് ശേഷമാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസേിൽ വിധി വരുന്നത്. . കോട്ടയം പയസ് ടെൻത് കോൺവന്റിൽ 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പറയുന്നത്. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഒന്നും മൂന്നും പ്രതികൾ . രണ്ടാംപ്രതി ഫാ. ജോസ് പൂതൃക്കയിലെ കോടതി വിട്ടയച്ചിരുന്നു. നാലാംപ്രതി എഎസഐ വിവി അഗസ്റ്റിൽ വിചാരണക്കിടെ മരിച്ചതോടെ കുറ്റപത്രത്തിൽനിന്നും ഒഴിവാക്കപ്പെട്ടു.

ലോക്കൽ പൊലീസ് അന്വേഷണം തുടങ്ങിയ കേസ് പിന്നീട് ക്രൈം ബ്രാഞ്ചും തുടർന്ന് സിബിഐയും അന്വേഷിച്ചു.മകളുടെ കൊലപാതകികളെ പുറത്തുകൊണ്ടുവരാൻ കാത്തിരുന്നിരുന്ന അഭയയുടെ അച്ഛനും അമ്മയും വിചാരണ കാലയളവിൽ മരിച്ചു.28 വർഷം കാലപ്പഴക്കമുള്ള കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചുപോയതിനാൽ പ്രൊസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാൻ കഴിഞ്ഞില്ല

അതേ സമയം അഭയാ കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോട്ടയത്തെ ക്ലാനായ സഭാ ആസ്ഥാനത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വിധിയോടുള്ള പ്രതികരണം അറിയിക്കാൻ ഇത് വരെ സഭാ നേതൃത്വം തയ്യാറായിട്ടില്ല. ഒരു പക്ഷേ ഉച്ചക്ക് ശേഷം സഭയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.