ന്യൂഡൽഹി: അലോപ്പതി ചികിത്സരീതിക്കെതിരേ രാംദേവ് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ ഐഎംഎ പ്രസിഡന്റിനെതിരെ മതപരിവർത്തന ആരോപണം ഉന്നയിച്ച് രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ. രാജ്യത്തെ ജനങ്ങളെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടത്താനുള്ള ഗൂഢാലോചന നടക്കുന്നുവെന്നാണ് ബാലകൃഷ്ണയുടെ ആരോപണം.

'ഇന്ത്യയെ മുഴുവൻ ക്രിസ്തുമത വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന ഗൂഢാലോചനയുടെ ഭാഗമായി യോഗി രാംദേവിനെ ലക്ഷ്യമിട്ടുകൊണ്ട് യോഗയെയും ആയുർവേദത്തെയും അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഗാഢമായ ഉറക്കത്തിൽ നിന്ന് ജനങ്ങൾ ഉണരണം. ഇല്ലെങ്കിൽ ഭാവി തലമുറ നിങ്ങളോട് ക്ഷമിക്കില്ല.' ട്വീറ്റിൽ ആചാര്യ ബാലകൃഷ്ണ പറയുന്നു.

തുടരെയുള്ള ട്വീറ്റുകളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റായ ഡോ.ജോൺറോസ് ജയലാലിനെതിരേയും ആചാര്യ ബാലകൃഷ്ണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആളുകളെ മതപരിവർത്തനം നടത്തുന്നതിൽ ഡോക്ടർക്കും പങ്കുണ്ടെന്നാണ് ആരോപണം.

ആചാര്യ ബാലകൃഷ്ണയുടെ ട്വീറ്റിനെതിരേ നിരവധി ഡോക്ടർമാരാണ് രംഗത്തെത്തിയിരിക്കുന്നത്. ജീവൻരക്ഷാമരുന്നുകൾക്കെതിരായി തങ്ങൾ നടത്തിയ തെറ്റായ പരാമർശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം രാംദേവും അനുയായികളും വ്യാജപ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ഡോക്ടർമാർ ആരോപിച്ചു.

നിരവധി ആളുകൾ ഫോളോവേഴ്‌സായിട്ടുള്ള പ്രമുഖർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണെന്നും ഇത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഐഎംഎയുടെ കർമസമിതി അംഗമായ ഡോ.ഡി.ഡി.ചൗധരി പറഞ്ഞു.

അലോപ്പതി മൂഢശാസ്ത്രമാണെന്ന ബാബ രാംദേവിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് ഗൂഢാലോചനാ സിദ്ധാന്തവുമായി ആചാര്യ ബാലകൃഷ്ണ രംഗത്തെത്തിയത്. കോവിഡ് ബാധിച്ച് മരിച്ചതിനേക്കാൾ കൂടുതൽ പേർ അലോപ്പതി മരുന്നുകഴിച്ചതുമൂലമാണ് മരിച്ചതെന്നായിരുന്നു രാംദേവിന്റെ പരാമർശം.

രാംദേവിന്റെ പരാമർശം രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. ആരോഗ്യമന്ത്രി ഹർഷവർധനും രാംദേവിനെ വിമർശിച്ച് രംഗത്തെത്തി. പരാമർശം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് പരാമർശം ബാബാ രാംദേവ് പിൻവലിച്ചു.