ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികൾ നൽകിയതോടെ കേരള സർവ്വകലാശാലയ്ക്കെതിരെ നടപടിക്കൊരുങ്ങി വിവരാവകാശ കമ്മീഷൻ. കാര്യവട്ടം കാമ്പസിലെ സൈക്കോളജി വകുപ്പ് മുൻ മേധാവി ഇമ്മാനുവലിന്റെ പരാതിയിലാണ് നടപടി. ജോയിന്റ് രജിസ്ട്രാർ ഗുരുതര ചട്ട ലംഘനം നടത്തിയെന്നാണ് വിവരാവകാശ കമ്മീഷണറുടെ കണ്ടെത്തൽ. രജിസ്ട്രാർക്കും ജോയിന്റ് രജിസ്ട്രാർക്കും ബോധവത്ക്കരണ ക്ലാസ് നൽകണം എന്നാണ് കമ്മീഷണർ നിർദ്ദേശിച്ചിരിക്കുന്നത്. സർവ്വകലാശാല വിവരാവകാശ  അപേക്ഷ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്നാണ് കണ്ടെത്തൽ. 15 ദിവസത്തിനകം വിശദീകരണം നൽകാനും സർവ്വകലാശാലയോട് നിർദ്ദേശിച്ചിട്ടുണ്ട്. ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികൾ നൽകിയതിനാണ് സർവ്വകലാശാലക്കെതിരെ നടപടി. 

കാര്യവട്ടം കാമ്പസിലെ സൈക്കോളജി വിഭാഗം മുൻ മേധാവി ഡോ. ഇമ്മാനുവൽ തോമസ് ജോലിയിൽ നിന്നും വിരമിച്ചതോടെ കാമ്പസിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കിയിരുന്നു. രജിസ്ട്രാർ നൽകിയ കത്തിൽ അച്ചടക്ക നടപടിയുടെ കാരണം വ്യക്തമാക്കിയിരുന്നില്ല. ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ല.

കാമ്പസിലേക്കുള്ള പ്രവേശനം സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതോടെ അദ്ധ്യാപകന്റെ ജീവിതവും ദുരിതത്തിലായി. കാമ്പസിനോട് ചേർന്ന തൃപ്പാദപുരത്ത് താമസിക്കുന്ന മുൻ അദ്ധ്യാപകൻ വീട്ടിലേക്കുപോകുന്നത് കാമ്പസിനുള്ളിലൂടെയുള്ള റോഡിലൂടെയാണ്. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് കാര്യവട്ടം കാമ്പസിനുള്ളിലെ ശാഖയിലാണ്. എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റിയിലും അംഗത്വമുണ്ട്.

സിൻഡിക്കേറ്റ് നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും കത്തിൽ പരാമർശിക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇമ്മാനുവേൽ തോമസിനെതിരേ പരാമർശങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, പ്രസ്തുത യോഗത്തിൽ കാമ്പസിലെ മറ്റൊരു അദ്ധ്യാപകനെതിരേയുള്ള അച്ചടക്ക നടപടി ഉൾപ്പെട്ടിരുന്നു. ഈ കേസിൽ ഇമ്മാനുവേൽ തോമസ് സാക്ഷിയാണ്. വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയതിന് സൈക്കോളജി വിഭാഗത്തിലെ ഒരു അദ്ധ്യാപകൻ അച്ചടക്ക നടപടി നേരിടുന്നുണ്ട്. അദ്ധ്യാപകനെതിരേയുള്ള പരാതികൾ ഉയരുമ്പോൾ ഇമ്മാനുവേൽ തോമസായിരുന്നു വകുപ്പ് മേധാവി. കുറ്റക്കാരനെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകാൻ കേരള സർവകലാശാല തയ്യാറായിട്ടില്ല. വൈസ് ചാൻസലറെയും അധികൃതരെയും ബന്ധപ്പെട്ടെങ്കിലും അവർ പ്രതികരിച്ചില്ല. സൈക്കോളജി വിഭാഗത്തിലെ അദ്ധ്യാപകനെതിരായ അച്ചടക്കനടപടി തീർപ്പാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ നടപടികൾ പുരോഗമിക്കവേ വിരമിച്ച അദ്ധ്യാപകൻ കാമ്പസിൽ എത്തുന്നത് അവിടത്തെ സ്വഭാവിക അന്തരീക്ഷത്തിന് വിഘാതമാകുന്നതുകൊണ്ടാണ് വിലക്കേർപ്പെടുത്തിയതെന്നാണ് അനൗദ്യോഗിക വിശദീകരണം.