കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത താമസക്കാരെയും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വ്യാജ ഓഫീസുകളും കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം പരിശോധനകൾ തുടരുന്നു. ഒക്ടോബർ ഒന്നുമുതൽ നവംബർ 10 വരെ നടത്തിയ പരിശോധനകളിൽ 22 വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകൾ പൂട്ടിച്ചു. റെസിഡൻസ് നിയമലംഘകരായ 106 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങൾക്ക് ഒരു മാസത്തിനിടെ വിവിധ രാജ്യക്കാരായ 2,221 പ്രവാസികളെയാണ് നാടുകടത്തൽ കേന്ദ്രത്തിലയച്ചത്.

അനധികൃതമായി രാജ്യത്ത് കഴിയുന്ന പ്രവാസികളെ അറസ്റ്റ് ചെയ്ത് എത്രയും വേഗം നാടുകടത്തണമെന്ന നിർദേശമാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമർ അലി സബാഹ് അൽ സലീം അൽ സബാഹ് നൽകിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. നാടുകടത്തൽ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നടപടികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിരുന്നു.

നേരത്തെ കോവിഡ് കാലത്ത് ഉൾപ്പെടെ അനധികൃത താമസക്കാർ രേഖകൾ ശരിയാനും താമസവും ജോലിയും നിയമ വിധേയമാക്കാനുമുള്ള അവസരങ്ങൾ പല തവണ നൽകിയിരുന്നു. കോവിഡ് കാലത്ത് ഇത്തരം പരിശോധനകൾ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. എന്നാൽ വിമാന സർവീസുകൾ പുനഃരാരംഭിച്ചതോടെ കർശന പരിശോധനയും തുടർ നടപടികളും പുനഃരാരംഭിക്കുകയായിരുന്നു.