തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് സാംസ്‌കാരിക നായകർ. അതിനാൽ മഹാമാരിക്കാലത്തുള്ള പൂരാഘോഷം മാറ്റിവെക്കണമെന്ന് കെ.ജി. ശങ്കരപ്പിള്ള, വൈശാഖൻ, കല്പറ്റ നാരായണൻ തുടങ്ങി നിരവധി പ്രമുഖർ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

തൃശൂർ ജില്ലയിൽ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവർ ആയിരം കടന്നു. ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിനിൽക്കുന്ന ഈ സമയത്തുള്ള പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ല. പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂർണ്ണമാക്കുന്നത്. എന്നാൽ, ഇന്ന് അത്തരം ഒത്തുകൂടൽ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഭാവിയിൽ ഓക്‌സിജനും മരുന്നുകൾക്കുപോലും ക്ഷാമം നേരിടാം.

നിയന്ത്രണങ്ങളോ, സാമൂഹ്യഅകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്. അമിതമായ പൊലീസ് നിയന്ത്രണങ്ങൾക്ക് അത് വഴിതുറക്കുകയും ചെയ്യും. വലിയ പ്രതിസന്ധികൾ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സർക്കാരിനോടും ഇവർ അഭ്യർത്ഥിച്ചു.

കെ.ജി. ശങ്കരപ്പിള്ള, വൈശാഖൻ, കല്പറ്റ നാരായണൻ, കെ. വേണു, കെ. അരവിന്ദാക്ഷൻ, അഷ്ടമൂർത്തി, ഐ. ഷണ്മുഖദാസ്, പി.എൻ. ഗോപീകൃഷ്ണൻ, ആസാദ്, ഡോ. കെ. ഗോപീനാഥൻ, കുസുമം ജോസഫ്, ഡോ. ടി.വി. സജീവ്, അഡ്വ. ചന്ദ്രശേഖർനാരായണൻ, വി എസ്. ഗിരീശൻ, പി.എസ്. മനോജ്കുമാർ, ജയരാജ് മിത്ര, അഡ്വ. കുക്കുമാധവൻ, കെ സന്തോഷ് കുമാർ, ഐ ഗോപിനാഥ്, ഡോ കെ രാജേഷ്, ഡോ കെ വിദ്യാസാഗർ, ശരത് ചേലൂർ, കെ ജെ ജോണി, ചെറിയാൻ ജോസഫ്, പി കൃഷ്ണകുമാർ, ഡോ ബ്രഹ്മപുത്രൻ, സൂസൻ ലിജു, ഡോ പി ശൈലജ, സരള ടീച്ചർ, ഡോ സ്മിത പി കുമാർ, ഡേവിസ് വളർക്കാവ്, കെ സി സന്തോഷ്‌കുമാർ, ടി സത്യനാരായണൻ എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.