ഡൽഹിയിലെ കർഷക സമരം കൂടുതൽ തീവ്രമാകുന്നു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതി ഒരുങ്ങുന്നത്. നിലവിൽ മൂന്നു ലക്ഷത്തോളം കർഷകരാണു ഡൽഹിയെ വളഞ്ഞു നിലയുറപ്പിച്ചിരിക്കുന്നത്.ഡൽഹി ഹരിയാന അതിർത്തിയിലെ സിംഘു, തിക്രി എന്നിവയ്ക്കു പുറമെ ഉത്തർപ്രദേശ് അതിർത്തിയിലുള്ള ഗസ്സിപുർ, നോയിഡ എന്നിവിടങ്ങളിലും കർഷകർ തമ്പടിച്ചിട്ടുണ്ട്. സമരം പത്താംനാളിലേക്കെത്തുന്നതോടെ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുന്ന കർഷകർക്കു ദിവസേന പിന്തുണയേറുന്നുമുണ്ട്. പ്രമുഖനേതാക്കളും കായികതാരങ്ങൾക്കുമൊപ്പം അനുബന്ധമേഖലയിലെ സംഘടനകളും സമരത്തിനുള്ള പിന്തുണ ശക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐക്യദാർഢ്യ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ, കർഷക സമരത്തിന് പിന്തുണയുമായി തമിഴ് സിനിമാ താരം കാർത്തിയും രം​ഗത്തെത്തി. നമ്മുടെ കർഷകരെ മറക്കരുത് എന്ന തലക്കെട്ടോടെ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് കാർത്തി കർഷകർക്ക് പിന്തുയണച്ചിരിക്കുന്നത്.

ജലദൗർഭല്യതയും പ്രകൃതി ദുരന്തങ്ങളും കർഷകർ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ഉത്പന്നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ല. അധികാരികൾ അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെടുക്കണം.കാർഷിക ബില്ലിനെതിരെ ഒരാഴ്‌ച്ചയിലേറെയായി തെരുവിൽ കർഷകർ സമരം ചെയ്യുന്ന കാഴ്‌ച്ചയാണ് കാണുന്നത്. ബില്ലിനെതിരെ കർഷകർ എന്ന ഒറ്റ സ്വത്വമായാണ് അവർ അണിനിരന്നിരിക്കുന്നത്.അധ്വാനിക്കാതെ ഒരു ദിവസം പോലും മുന്നോട്ടു കൊണ്ടുപോകാനാത്ത ജനങ്ങളാണ് തങ്ങളുടെ സ്വത്തും കൃഷി ഭൂമിയും കാർഷിക വിളകളും ജീവിതോപാധികളും ഉപേക്ഷിച്ച് ഡൽഹിയിലേക്കുള്ള റോഡുകളിൽ നിൽക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾ കൈവശമാക്കുമെന്നും അതിനാൽ ബില്ലുകൾ പിൻവലിക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. കൊടും തണുപ്പും കോവിഡ് ഭീതിയും വകവെക്കാതെ ഒരാഴ്ചയായി അവർ തെരുവിൽ സമരം ചെയ്യുന്നുവെങ്കിൽ അത് ഒറ്റ വികാരത്തിന് പുറത്തുമാത്രമാണെന്നും കാർത്തി പറയുന്നു.

രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി ആളുകളാണ് കർഷക സമരത്തിന് പിന്തുണ അറിയിച്ച് എത്തുന്നത്. വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ബംഗാളിലും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. പ്രതിഷേധാഗ്‌നിയിൽ നരേന്ദ്ര മോദിയുടെ അധികാരക്കസേര കത്തിയമരുമെന്നു ഡൽഹി-ഹരിയാന അതിർത്തിയിലെ തിക്രിയിൽ നടന്ന സമ്മേളനത്തിൽ സിപിഎം എംപി: കെ.കെ. രാഗേഷ് പറഞ്ഞു.

കർഷകർക്കു പിന്തുണയറിയിച്ചു ബിനോയ് വിശ്വം എംപി, ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് എന്നിവർ ഹരിയാന അതിർത്തിയിലെ സിംഘുവിലെത്തി. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ പത്മവിഭൂഷൺ പുരസ്‌കാരം തിരികെ നൽകി. ജനാധിപത്യ ശിരോമണി അകാലിദൾ നേതാവും പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗവുമായ സുഖ്‌ദേവ് സിങ് ധിൻസ പത്മഭൂഷൺ തിരികെ നൽകുമെന്നു പ്രഖ്യാപിച്ചു.