തിരുവനന്തപുരം: സിനിമാ നടൻ കൃഷ്ണകുമാറിന്റെ വീട്ടിന് നേരെ ആക്രമണ ശ്രമം. മലപ്പുറം സ്വദേശിയായ ഫസിലുൾ അക്‌ബറാണ് പരിവാർ ബന്ധമുള്ള കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്. ഇയാളെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ഗേറ്റിൽ ബഹളം കേട്ട് പുറത്തെത്തിയ കൃഷ്ണകുമാർ കണ്ടത് അസഭ്യം പറയുന്ന ചെറുപ്പക്കാരനെയാണ്. ഗേറ്റിൽ മുട്ടി ശബ്ദമുണ്ടാക്കി. വീട്ടിലേക്ക് ചാടിക്കയറാനും ശ്രമിച്ചു. അകത്തേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണകുമാർ തടഞ്ഞു. എന്നാൽ യുവാവ് ബല പ്രയോഗത്തിന് മുതിർന്നു. ഇതോടെ പൊലീസിനെ വിളിച്ചു. അതിവേഗം പൊലീസ് എത്തി. ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു

ബിടെക് പഠന പൂർത്തിയാക്കാത്ത യുവാവാണ് അക്രമം കാട്ടിയത്. നാട്ടിലും ഇയാൾ സ്ഥിരം പ്രശനക്കാരനാണെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. അതിക്രമിച്ച് കയറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. ഇതെല്ലാം പൊലീസിനെ തെറ്റിധരിപ്പിക്കാനാണോ എന്നും പരിശോധിക്കും.

കൃഷ്ണകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപിയോട് അടുപ്പം കാട്ടുന്ന കൃഷ്ണകുമാറിന് നേരെ പലവിധ ഭീഷണികൾ സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ വീട്ടിലേക്കുള്ള അതിക്രമത്തേയും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. വിശദ അന്വേഷണം നടത്തും. ഫസിലുൾ അക്‌ബറിന്റെ മൊബൈൽ രേഖകളും പരിശോധിക്കും.