വൈക്കം: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. അദ്ധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി ബാലചന്ദ്രൻ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ പ്രശസ്തനായത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും മികവ് തെളിയിക്കുകയായിരുന്നു. 2012ൽ പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗീസ് ചേകവർ, ഉള്ളടക്കം, അങ്കിൾ ബൺ, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'വണ്ണിൽ' പ്രതിപക്ഷ എംഎ‍ൽഎ.യുടെ വേഷം ചെയ്തിരുന്നു. വൈക്കം മുനിസിപ്പൽ ചെയർപേഴ്‌സൺ ആയിരുന്ന ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാർവതി എന്നിവർ മക്കളാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വൈക്കത്ത് വീട്ടുവളപ്പിൽ നടക്കും.

ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം 'പാവം ഉസ്മാൻ' എന്ന നാടകത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 1989ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, കേരള പ്രൊഫഷണൽ നാടക പുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ ഓഫ് ഡ്രാമാ വിദ്യാർത്ഥിയായിരുന്ന ബാലചന്ദ്രൻ, എംജി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ അദ്ധ്യാപകനായിരുന്നു. ഏകാകി, ലഗോ, തീയേറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്‌സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

ഭദ്രന്റെ സംവിധാനം ചെയ്ത 'അങ്കിൾ ബൺ' എന്ന സിനിമയാണ് തിരക്കഥാകൃത്ത് എന്ന നിലയിൽ ആദ്യം പുറത്തിറങ്ങിയ സിനിമ. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങളുടെ പിന്നണി പ്രവർത്തകനായായിരുന്നു. 2012ൽ റിലീസ് ചെയ്ത 'ഇവൻ മേഘരൂപനി'ലൂടെ സംവിധായകനായി. വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമർമ്മരം, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, കടൽ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് പാവം ഉസ്മാനിലൂടെ പി ബാലചന്ദ്രനെ തേടിയെത്തി. 1989-ൽ പ്രതിരൂപങ്ങൾ എന്ന നാടകരനയ്ക്ക് കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് നേടി. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് ഇദ്ദേഹത്തിനായിരുന്നു. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും പി ബാലചന്ദ്രനായിരുന്നു

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ 'പുനരധിവാസം' മികച്ച കഥയ്ക്കും, മികച്ച നവാഗത സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടി. 2016ൽ തിരക്കഥയെഴുതി രാജീവ് രവി സംവിധാനം ചെയ്ത 'കമ്മട്ടിപ്പാടം', നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. നാൽപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിലയിൽ നടനെന്ന 'ട്രിവാൻഡ്രം ലോഡ്ജ്' സിനിമയിലെ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു.