മുംബൈ: മൂന്ന് ദിവസമാണ് തപ്‌സി പന്നുവിന്റെ ഉടമസ്ഥതയിലുള്ള ഓഫീസുകളിലും വീടുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതാണ് ഇരുവർക്കും എതിരെ റെയ്ഡിന് കാരണമെന്ന് വിമർശനം ഉയർന്നതോടെ, 2013ലും തപ്‌സി യുടെ വീട് റെയ്ഡ് ചെയ്തിരുന്നെന്ന വാദവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും ​രം​ഗത്തെത്തി. ഇപ്പോഴിതാ, ഇതിനെല്ലാം പ്രതികരണവുമായി താരം രം​ഗത്തെത്തി. ആദായ നികുതി വകുപ്പിനെ പരിഹസിച്ചുകൊണ്ടാണ് തപ്‌സി യുടെ ട്വീറ്റ്.

മൂന്ന് ദിവസത്തെ പരിശോധനയിൽ പാരീസിൽ തനിക്ക് ഇല്ലാത്ത ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടി ഇടപാടിന്റെ രസീതുമാണ് അധികൃതർ തേടിയതെന്നാണ് താരം പറയുന്നത്. മൂന്ന് ട്വീറ്റുകളിലൂടെയാണ് തപ്സിയുടെ മറുപടി.മൂന്ന് ദിവസത്തെ കഠിന പരിശോധനയുടെ മൂന്ന് പ്രാഥമിക കണ്ടെത്തലുകൾ എന്ന് പറഞ്ഞാണ് തപ്സിയുടെ ട്വീറ്റ്.

1.പാരീസിൽ എനിക്ക് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ താക്കോൽ. കാരണം വേനലവധി അടുത്തല്ലോ.
2.ഞാൻ സ്വീകരിച്ചെന്ന് പറയുന്ന അഞ്ച് കോടി രൂപയുടെ കണക്ക്. എന്നെ കുരുക്കാനും ഭാവിയിൽ എനിക്ക് എതിരെ ആരോപണങ്ങൾക്കായും ഉള്ളത്.
3.ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞതുകൊണ്ട് മാത്രം ഞാനറിഞ്ഞ 2013ൽ ഞാൻ നേരിട്ടുവെന്ന് പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്.

മൂന്നാമത്ത ട്വീറ്റിൽ കങ്കണയ്ക്കെതിരെ പരോക്ഷ വിമർശനവും താരം നടത്തി. കങ്കണയുടെ വിലകുറഞ്ഞ കോപ്പിയാണ് തപ്‌സി എന്ന് നേരത്തെ കങ്കണയുടെ സഹോദരി രംഗോലി പരിഹസിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം താൻ ഇനി അത്ര വില കുറഞ്ഞ ആളല്ല എന്നും തപ്സി പറയുന്നു.

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി തപ്സി പന്നു, സംവിധായകനും നിർമ്മാതാവുമായ വികാസ് ബഹൽ, മധു മന്തേന എന്നിവരുടെ വീടുകളിലും വസ്തുവകകളിലും നടത്തിയ റെയ്‌ഡിൽ 650 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. സംഭവത്തക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമനും പ്രതികരിച്ചിരുന്നു 'എ അല്ലെങ്കിൽ ബി വ്യക്തിയെക്കുറിച്ചും അഭിപ്രായം പറയുന്നില്ല. ഇതേ ആളുകൾ തന്നെ 2013 ൽ റെയ്ഡ് ചെയ്യപ്പെട്ടിരുന്നു, അന്ന് അത് വലിയ പ്രശ്നമല്ലായിരുന്നു എന്നാൽ ഇപ്പോൾ അതൊരു പ്രശ്നമാണ്.