തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളിലെ ദുരഭിമാനം വിഷയമാക്കുന്ന വെട്രിമാരൻ സിനിമയായ ഊർ ഇരവ് ചർച്ചയാവുകയാണ്. ഗൗതം വസുദേവ് മേനോൻ, വെട്രി മാരൻ, സുധ കൊങ്കര, വിഗ്നേഷ് ശിവൻ എന്നിവർ ഒരുക്കുന്ന നാല് ലഘുചിത്രങ്ങൾ ചേർന്നതാണ് പാവ കഥൈകൾ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രങ്ങൾ ഇതിനകം പ്രേക്ഷക ശ്ര​ദ്ധ നേടിക്കഴിഞ്ഞു. ഊർ ഇരവ് എന്ന ചിത്രത്തിൽ തന്റെ കഥാപാത്രത്തെ കുറിച്ചും ജീവിതത്തിലെ അനുഭവത്തെ കുറിച്ചും വിശദീകരിക്കുകയാണ് സായ് പല്ലവി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുട്ടിക്കാലത്തെ അനുഭവങ്ങളിൽ നിന്നും താൻ മനസ്സിലാക്കിയ ജാതീയ വിവേചനങ്ങളെക്കുറിച്ച് താരം വ്യക്തമാക്കുന്നത്.

ദളിത് വിഭാഗത്തിൽ പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിൽ സ്വന്തം കുടുംബത്തിൽ കടുത്ത വിവേചനം നേരിടേണ്ടി വരുന്ന കഥാപാത്രമായാണ് ചിത്രത്തിൽ സായ് പല്ലവിയെത്തുന്നത്. ചിത്രത്തിൽ പ്രതിപാദിക്കുന്ന ബഡാഗ എന്ന വിഭാഗത്തിൽപ്പെട്ട സായ് പല്ലവി കുട്ടിക്കാലത്തെ അനുഭവങ്ങളിൽ നിന്നും താൻ മനസ്സിലാക്കിയ ജാതീയ വിവേചനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

‘എന്റെ കമ്മ്യൂണിറ്റിയിൽ നടന്നിരുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്ന് പറയാനാവില്ല. ചെറിയ കുട്ടിയായിരുന്ന സമയം മുതൽ തന്നെ വലുതാകുമ്പോൾ ബഡാഗ സമുദായത്തിൽ പെട്ടയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് പറയുമായിരുന്നു. കുറെ പേർ സമുദായത്തിന് പുറത്തുനിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അവരാരും തന്നെ കോട്ടഗിരിയിൽ ഹാട്ടിയിൽ താമസിക്കുന്നില്ല.'

ബഡാഗ സമുദായത്തിന് പുറത്തുള്ളയാളെ വിവാഹം കഴിച്ചാൽ ഗ്രാമത്തിലുള്ളവർ നിങ്ങളെ വേറൊരു രീതിയിലാണ് കാണുക. അവർ നിങ്ങളോട് സംസാരിക്കില്ല. ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ക്ഷണിക്കില്ല. ശവസംസ്‌ക്കാരച്ചടങ്ങിന് പോലും വരാൻ അവർക്ക് അനുവാദമില്ല. ഇത് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാം. ആ ഗ്രാമത്തിൽ ജനിച്ചു വളർന്നവർക്ക് അവരെ ഇങ്ങനെ ഒഴിവാക്കുന്നത് സഹിക്കാനാവില്ലെന്നും സായ് പല്ലവി പറഞ്ഞു.

സുധ കൊങ്കര സംവിധാനം ചെയ്യുന്ന തങ്കം, വിഗ്നേഷ് ശിവന്റെ ലവ് പണ്ണ ഉട്രനും, വെട്രി മാരന്റെ ഊർ ഇരവ്, ഗൗതം വസുദേവ് മേനോന്റെ വാന്മകൾ എന്നിവയാണ് ആന്തോളജിയിലെ നാല് ചിത്രങ്ങൾ. ആദിത്യ ഭാസ്കർ, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വസുദേവ് മേനോൻ, ഹരി, കാളിദാസ് ജയറാം, കൽക്കി കേറ്റ്ലിൻ, പദം കുമാർ, പ്രകാശ് രാജ്, സായ് പല്ലവി, ശന്തനു ഭാഗ്യരാജ്, സിമ്രാൻ തുടങ്ങി വലിയ താരനിരയും ഈ നാല് ചിത്രങ്ങളിലായി അണിനിരക്കുന്നുണ്ട്. ആർഎസ്‍വിപി മൂവീസും ഫ്ളൈയിങ് യൂണികോൺ എൻറർടെയ്ൻ‍മെൻറും ചേർന്നാണ് നിർമ്മാണം.