തന്റെ നിലപാടുകൾ തുറന്ന് പറയാൻ തന്റേടം കാട്ടുന്ന നടിയാണ് സായ് പല്ലവി. പ്രേമമെന്ന ചിത്രത്തിലൂടെയായിരുന്നു സായി പല്ലവി കേരളക്കര കീഴടക്കിയത്. മലർ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിൽ നിന്നുമുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. എംബിബിഎസ് പഠനത്തിനിടയിലെ വെക്കേഷൻ സമയത്തായിരുന്നു സായി പല്ലവി സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലും സിനിമയിൽ സജീവമായിരുന്നു താരം. ഇതിനിടയിലാണ് രണ്ട് കോടി രൂപ പ്രതിഫലം വാ​ഗ്ദാനം ചെയ്തിട്ടും ഒരു ഫേസ്‌ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ താരം തയ്യാറാകാതിരുന്നത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കുകയാണ് സായ് പല്ലവി. ബോളിവുഡ് ഹംഗാമ എന്ന ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

ഒരുകാലത്ത് താനും ഫേസ്‌ക്രീമുകൾ ഉപയോഗിച്ചിരുന്നെന്ന് സായ് പല്ലവി പറയുന്നു. പ്രേമത്തിന് മുൻപ് മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകൾ താനും പരീക്ഷിച്ചിട്ടുണ്ട്. വീടിന് പുറത്തു പോകാൻ പോലും മടിയായിരുന്നു. താൻ വീട്ടിൽ തന്നെ ഇരിക്കുമായിരുന്നെന്നും സായ് പറയുന്നു. എന്റെ വിചാരം ആളുകൾ എന്റെ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കുക… എന്റെ കണ്ണിൽ നോക്കി സംസാരിക്കില്ല. അങ്ങനെ ഗുരുതരമായ പ്രശ്‌നങ്ങൾ എനിക്കുണ്ടായിരുന്നു. എന്നാൽ പ്രേമത്തിനു ശേഷം ആളുകൾ എന്നെ മുഖക്കുരുവുള്ള മുഖത്തോടെ സ്വീകരിച്ചു. അവർക്ക് എന്നെ കൂടുതൽ ഇഷ്ടമായി. കൗമാരപ്രായത്തിലുള്ള കുട്ടികളെ ആ കഥാപാത്രം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അത് എന്നെ കൂടുതൽ കരുത്തയാക്കി. അവരുടെ സ്‌നേഹത്തിന് പകരമായി എനിക്ക് എന്തെങ്കിലും അവർക്ക് കൊടുക്കണമായിരുന്നു. അവരാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. അവർ ഒറ്റയ്ക്കല്ല എന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ട് എന്നും സായ് പല്ലവി പറഞ്ഞു

എന്റെ വീട്ടിൽ പോലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നേക്കാളും ഡാർക്ക് ആണ് എന്റെ അനുജത്തി. അവൾ ചില പച്ചക്കറി കഴിക്കാതിരിക്കുമ്പോൾ അമ്മ പറയും, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കിൽ ഇതെല്ലാം കഴിക്കണമെന്ന്. ഇഷ്ടമല്ലെങ്കിലും അവൾ അതെല്ലാം കഴിക്കും. ഇതെല്ലാം കണ്ടാണ് ഞാൻ വളർന്നത്. നിറത്തിന്റെ പേരിൽ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട് എന്നും സായ് പറഞ്ഞു. ‘അവർക്കൊപ്പം നിൽക്കണമെന്ന് എനിക്ക് തോന്നി. മറ്റാർക്കും വേണ്ടിയല്ല… എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്കിത് ചെയ്യണമായിരുന്നു. അതു ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം? അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു' സായ് പറയുന്നു.