തിരുവനന്തപുരം: തന്റെ യൂട്യൂബ് വരുമാനത്തിൽ നിന്നും ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അർബുദബാധിതയായി ചികിത്സയിൽ കഴിയുന്ന നടി ശരണ്യ. പത്തുപേർക്കുള്ള കോവിഡ് വാക്‌സിന്റെ തുകയായി പതിനായിരം രൂപ ശരണ്യ സംഭാവന നൽകിയതായി അമ്മയാണ് യുട്യൂബിലൂടെ അറിയിച്ചത്.

കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നമ്മുടെ ജനകീയ സർക്കാരിനെ സഹായിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. എല്ലാവരും തന്നാൽ കഴിയുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും ശരണ്യയുടെ അമ്മ പറയുന്നു.

കേരളം പ്രളയ ദുരന്തത്തെ നേരിട്ടപ്പോഴും ചികിത്സയ്ക്കായി കരുതിവച്ച തുകയിൽ നിന്നും ഒരു പങ്ക് നാടിനായി നൽകാൻ ശരണ്യ തയ്യാറായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനിക്കു ചികിത്സാ സഹായമായി ലഭിച്ച തുകയുടെ ഒരു ഭാഗമാണ് സംഭാവന ചെയ്തത്.

'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്..' ശരണ്യ അന്ന് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

മിനി സ്‌ക്രീനിൽ നിറഞ്ഞു നിന്നിരുന്ന ശരണ്യ ശശിധരൻ കണ്ണൂർ സ്വദേശിയാണ്. ശസ്ത്രക്രിയകൾ പലതു നടന്നപ്പോഴും ടെലിവിഷൻ സീരിയൽ, ആൽബം രംഗങ്ങളിൽ ശരണ്യ തന്റേതായ തിരിച്ചു വരവുകൾ നടത്തിയിരുന്നു. ഛോട്ടാ മുംബൈ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരിയുടെ വേഷം ചെയ്തിരുന്നു.

2012ൽ ആണ് ആദ്യമായി ശരണ്യക്ക് ട്യൂമർ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. അന്ന് മുതൽ നടത്തിയത് മേജർ സർജറികൾ ആയിരുന്നു. തുടരെത്തുടരെയുള്ള ശസ്ത്രക്രിയകൾ ശരണ്യയുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചു.ശരണ്യയുടെ അവസ്ഥയെപ്പറ്റി വിഡിയോയിൽ നടി സീമ ജി.നായരും സംസാരിച്ചിരുന്നു.