മുംബെ: ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെയും സമ്പന്നന്മാരുടെ പട്ടികയിൽ ഒന്നാമതാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഭീഷണികളൊന്നുമില്ലാതെ, കുത്തകയായി മുകേഷ് അംബാനി നിലനിറുത്തിപ്പോന്ന ഒന്നാംസ്ഥാനം പിടിച്ചെടുക്കാൻ ഇപ്പോഴിതാ മറ്റൊരാൾ കുതിച്ചെത്തുകയാണ്, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.

കഴിഞ്ഞദിവസം ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനെന്ന പട്ടം ഗൗതം അദാനി സ്വന്തമാക്കിയിരുന്നു. ഇതോടെ, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ആദ്യ രണ്ടുസ്ഥാനങ്ങൾ ഇന്ത്യക്കാരുടെ കൈവശമായി. 800 കോടി ഡോളറിന്റെ (59,000 കോടി രൂപ) അകലമേ അംബാനിയും അദാനിയും തമ്മിൽ ആസ്തിയിൽ ഇപ്പോഴുള്ളു. കോവിഡ് കാലത്ത് അദാനിയുടെ ആസ്തിക്കുതിപ്പ് കണക്കാക്കിയാൽ, ഈ അകലം അതിവേഗം അദാനി കീഴടക്കുമെന്നാണ് സാമ്പത്തിക ലോകത്തിന്റെ വിലയിരുത്തൽ.കൊവിഡിന് മുമ്പ് ഗൗതം അദാനിയുടെ ആസ്തി 3,380 കോടി ഡോളറായിരുന്നു (2.50 ലക്ഷം കോടി രൂപ). കോവിഡ് കാലത്ത് ആസ്തി 3,520 കോടി ഡോളർ (2.60 ലക്ഷം കോടി രൂപ) വർദ്ധിച്ചു. ഇപ്പോൾ ആകെ ആസ്തി 6,900 കോടി ഡോളർ (5.10 ലക്ഷം കോടി രൂപ). 7,700 കോടി ഡോളറാണ് (5.69 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ ആസ്തി. ബ്‌ളൂംബെർഗിന്റെ ആഗോള ശതകോടീശ്വര പട്ടികയിൽ 13ാമനാണ് മുകേഷ്. 14ാം സ്ഥാനത്ത് അദാനിയുണ്ട്. നിലവിലെ ട്രെൻഡ് തുടർന്നാൽ, ആഗോളപട്ടികയിലും മുകേഷ് അംബാനി വൈകാതെ അദാനിയുടെ പിന്നിലേക്ക് വീഴും.

കുതിക്കുന്ന സമ്പത്ത്‌കൊവിഡിൽ ഗൗതം അദാനിയുടെ ആസ്തിയിലുണ്ടായ വർദ്ധന 3,520 കോടി ഡോളറാണ്. ഏറ്റവും സമ്പന്നരായ മറ്റ് 19 ഇന്ത്യൻ ശതകോടീശ്വരന്മാർ ചേർന്ന് ആസ്തിയിൽ ഇക്കാലയളവിൽ കൂട്ടിച്ചേർത്തത് ആകെ 2,450 കോടി ഡോളർ. അസിം പ്രേംജി 607 കോടി ഡോളർ, ഒ.പി. ജിൻഡാൽ ഗ്രൂപ്പിലെ സാവിത്രി ജിൻഡാൽ 400 കോടി ഡോളർ, ലക്ഷ്മി മിത്തൽ 393 കോടി ഡോളർ എന്നിവരാണ് മികച്ച സമ്പദ് വളർച്ച കുറിച്ച മറ്റ് പ്രമുഖർ. 33.4 കോടി ഡോളറിന്റെ മുകേഷിന്റെ നേട്ടം. കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജിങ് ഡയറക്ടർ ഉദയ് കോട്ടക് മാത്രമാണ് ആസ്തിയിൽ 100 കോടിയിലേറെ ഡോളറിന്റെ ഇടിവ് നേരിട്ടത്.

അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരിവില കോവിഡ് കാലത്ത് മുന്നേറിയത് 100 മുതൽ 260 ശതമാനം വരെയാണ്. ഗൗതം അദാനിയുടെ ആസ്തിക്കുതിപ്പിനെ പിന്നിലെ കാരണവും ഇതാണ്. അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി എന്റർപ്രൈസസ് എന്നിവയുടെ കുതിപ്പ് 175 മുതൽ 257 ശതമാനം വരെയാണ്.