ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. കഴിഞ്ഞ ആറുവർഷമായി ഈ പദവി അലങ്കരിച്ചിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്നാണ് ഗൗതം അദാനി അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമത് എത്തിയത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ ഉണ്ടായ മുന്നേറ്റമാണ് ഗൗതം അദാനിക്ക് ഗുണമായത്.

2015 മുതൽ മുകേഷ് അംബാനിയായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ബ്ലൂംബെർഗ് ബില്യണയർ സൂചിക അനുസരിച്ച് 9100 കോടി ഡോളറായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയുടേത് 8800 കോടി ഡോളറാണ്. ബുധനാഴ്ച റിലയൻസിന്റെ ഓഹരിയിൽ 1.72 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിയിൽ മുന്നേറ്റമാണ് ദൃശ്യമായത്. ഇതാണ് ഗൗതം അദാനിയുടെ ആസ്തിമൂല്യം വർധിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

അദാനി എന്റർപ്രൈസസിന്റെ ഓഹരിമൂല്യത്തിൽ മാത്രം 2.34 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. അദാനി പോർട്ട്സ് നാലുശതമാനമാണ് മുന്നേറിയത്. ഇന്നത്തെ മുന്നേറ്റത്തോടെ, ഇരുകമ്പനികളുടെയും വിപണിമൂല്യം 3.5 ലക്ഷം കോടി രൂപയായി ഉയർന്നു.