തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ അന്തിമ അനുമതി ലഭിച്ചില്ലെങ്കിലും കെ റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന തീരുമാനത്തിൽ ഉറച്ചിരിക്കയാണ് സംസ്ഥാന സർക്കാർ. പിണറായി സർക്കാറിന്റെ തിലക കുറിയാകുന്ന പദ്ധതിയായി കെ റെയിൽ പദ്ധതിയെ മാറ്റുക എന്ന തീരുമാനത്തിലാണ് സർക്കാർ മുന്നോട്ടു പോകുന്നത്. സർക്കാർ കടുംപിടുത്തം പിടിക്കുന്ന പദ്ധതിക്ക് വേണ്ടി ഒടുവിൽ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി) ആണ്. ഒരുകാലത്ത് സിപിഎമ്മിൽ ആഭ്യന്തര പോരിന്് വഴിവെച്ചത് ഇതേ എഡിബി വായ്‌പ്പ ആയിരുന്നു എന്നതും കൗതുകരമായ കാര്യമായി.

ഒരു ബില്യൺ ഡോളർ (7500 കോടിയോളം രൂപ)യാണ് തിരുവനന്തപുരം-കാസർകോട് കെ റെയിലിന് വായ്പ നൽകാൻ എഡിബി സന്നദ്ധതയറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ കേരളാ റെയിൽ വികസന കോർപറേഷൻ അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ് എ.ഡി.ബി അറിയിച്ചത്.എ.ഡി.ബി വായ്പയ്ക്ക് ഒന്നര ശതമാനം വരെയാണ് പലിശ. പരിസ്ഥിതി ആഘാത പഠനം, പുനരധിവാസം, സാമൂഹ്യാഘാത പഠനം എന്നിവയെല്ലാം കൃത്യമായി നടത്തണമെന്നാണ് വ്യവസ്ഥ. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ശുപാർശയോടെയാവും വായ്പാ നടപടികൾ.

പദ്ധതിയെക്കുറിച്ച് പഠിക്കാൻ എ.ഡി.ബി കൺസൾട്ടന്റുമാരെ നിയോഗിക്കും. എ.ഡി.ബിയെക്കാൾ കുറഞ്ഞ നിരക്കിൽ (0.2 0.5 %) പലിശ നൽകാൻ ജപ്പാനിലെ ജൈക്ക സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഭൂമിവിലയടക്കം 2.5 ബില്യൺ ഡോളർ (19000കോടി രൂപ) ഒറ്റ വായ്പ നൽകാൻ ജൈക്ക തയ്യാറാണ്. ചൈനയിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്, ജർമ്മൻബാങ്ക് എന്നിവയെയും വായ്പയ്ക്കായി സമീപിച്ചിട്ടുണ്ട്. 66,405 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിക്കായി 33,700 കോടിയാണ് വിദേശവായ്പയെടുക്കുക. വായ്പയുടെ തിരിച്ചടവ് ബാദ്ധ്യത പൂർണമായി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

ഇത്രയും വായ്പയ്ക്ക് പ്രതിവർഷം 1946 കോടി തിരിച്ചടവുണ്ടാവും. തിരിച്ചടവ് മുടങ്ങിയാൽ, സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിൽ നിന്ന് തുക കുറവു ചെയ്ത് ബാങ്കിന് കൈമാറും. അതിനിടെ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ ഡെപ്യൂട്ടി കലക്ടറെ നിയമിച്ചു. അനിൽ ജോസിനെയാണ് ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടറായി നിയമിച്ചത്. ഡെപ്യൂട്ടി കലക്ടർക്ക് കീഴിൽ 11 തഹസിൽദാർമാരും ഉണ്ടാകും.

ഏരിയൽ സർവെയിൽ രേഖപ്പെടുത്തിയ ഭൂമിയിൽ കല്ലിട്ട് അതിര് തിരിക്കുന്നത് അടക്കമുള്ള പ്രവൃത്തികളുടെ ചുമതല ഡെപ്യൂട്ടി കലക്ടറും തഹസിൽദാർമാരും അടങ്ങുന്ന സംഘത്തിനാണ്. എറണാകുളം കേന്ദ്രമാക്കിയാണ് ഡെപ്യൂട്ടി കലക്ടറിന്റെ പ്രവർത്തനം. അതിവേഗപാത കടന്നു പോകുന്ന 11 ജില്ലകളിലും സ്‌പെഷ്യൽ തഹസിൽദാർമാരെ സർക്കാർ നേരത്തെ നിയമിച്ചിരുന്നു.

11 ജില്ലകളിൽ നിന്നായി 1221 ഹെക്ടർ ഭൂമിയാണ് കെ റെയിൽ റെയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഭൂമിയേറ്റടുക്കലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം.

ഭൂമിയേറ്റെടുക്കലിന് 2100കോടി കിഫ്ബി വായ്പ അനുവദിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാനും നഷ്ടപരിഹാരം നൽകാനും ചെലവ് 13,362കോടി.വായ്പ തിരിച്ചടയ്ക്കൽമുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടും. നഗരവികസനം കൂടിയാവുമ്പോൾ ഇത് 16ശതമാനമാവും. ചരക്കുലോറികൾ കൊണ്ടുപോവുന്ന റോറോ സർവീസും ലാഭകരമാന്നാണ് വിലയിരുത്തൽ. മൂന്നാംവർഷത്തിൽ പദ്ധതി ലാഭകരമാവുമെന്നാണ് കെ.ആർ.ഡി.സി.എൽ ടിക്കറ്റ് വരുമാനത്തിൽ നിന്ന് തിരിച്ചടവിനുള്ള മുതലും പലിശയും കിട്ടും.

ഏറ്റെടുക്കുന്ന ഭൂമിക്ക് ഗ്രാമങ്ങളിൽ വിപണി വിലയുടെ നാലിരട്ടിയും നഗരങ്ങളിൽ രണ്ടര ഇരട്ടിയും നഷ്ടപരിഹാരം നൽകും. ഒരു ഹെക്ടറിന് 9 കോടിയാണ് നഷ്ടപരിഹാരം.9314 കെട്ടിടങ്ങളാണ് പൊളിക്കേണ്ടത്. ഇതിന് 4460 കോടി നഷ്ടപരിഹാരം നൽകും. പുനരധിവാസത്തിന് 1735 കോടി നീക്കിവച്ചിട്ടുണ്ട്.