ന്യൂ യോർക്ക്: ജീവനക്കാർക്ക് 1.2 ലക്ഷം രൂപ ബോണസ് പ്രഖ്യാപിച്ച് ആഗോള ടെക് ഭീമനായ ഗൂഗിൾ (ആൽഫബെറ്റ്). കോവിഡ് വ്യാപന സമയത്ത് ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം അലവൻസിനും ക്ഷേമ ബോണസിനും പുറമെയാണിത്.

എല്ലാ ജീവനക്കാർക്കും ബോണസ് ലഭിക്കും. 1,600 ഡോളറോ അവരവരുടെ രാജ്യത്തെ അതിന് തത്തുല്യമായ തുകയോ ആണ് നൽകുക. കഴിഞ്ഞ മാർച്ചിൽ നടത്തിയ ആഭ്യന്തര സർവെയിൽ ജീവനക്കാരുടെ സുസ്ഥിതിയിൽ ഇടിവുണ്ടായതായി കണ്ടെത്തിയതിനെതുടർന്നാണ് ക്ഷേമ ബോണസ് അനുവദിച്ചത്. 500 ഡോളറിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും അടങ്ങുന്നതായിരുന്നു അത്.

ഓമിക്രോൺ വകഭേദത്തിന്റെ വ്യാപനവും വാക്സിനേഷനോട് ചില ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചതുംമൂലം വർക്ക് ഫ്രം ഹോം തുടരാൻ കഴിഞ്ഞയാഴ്ചയാണ് കമ്പനി തീരുമാനിച്ചത്. ജനുവരി 10 മുതൽ ജീവനക്കാരെ ഓഫീസിലേയ്ക്ക് തിരികെ കൊണ്ടുവരാനായിരുന്നു ഗുഗിൾ പദ്ധതിയിട്ടിരുന്നത്.