തിരുവനന്തപുരം: തിരുവനന്തപുരത്തിന് പുറമെ മൂന്ന് വേദികളിൽ കൂടി ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇതല്ലെങ്കിൽ പിന്നെ ചലച്ചിത്രമേള തന്നെ വേണ്ടെന്ന് വയ്ക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.ഇപ്പോഴത്തെ തീരുമാനം അല്ലാതെ മറ്റ് വഴികളൊന്നും ഇല്ല. ഇത്രയധികം ആളുകൾ വന്ന് സിനിമ കാണുന്നതൊന്നും കോവിഡ് കാലത്ത് പ്രായോഗികമല്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ മൂന്ന് ജില്ലകളിൽ കൂടി നടത്താനുള്ള സർക്കാർ തീരുമാനത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. തീരുമാനത്തെ അനുകൂലിച്ചും എതിർത്തും സാമൂഹ്യ മാധ്യമങ്ങളിലടക്കം വിവാദം അരങ്ങേറവെയാണ് അടൂരിന്റെ പ്രതികരണം.