തിരുവനന്തപുരം: കോവളത്ത് മദ്യവുമായെത്തിയ വിദേശി പൗരനെ പൊലീസ് ഉദ്യോഗസ്ഥർ അധിക്ഷേപിച്ച സംഭവത്തിൽ മന്ത്രി റിയാസിന്റെ പ്രതികരണത്തെ വിമർശിച്ച് അഡ്വ എ ജയശങ്കർ. അള്ളിനെപറ്റി മിണ്ടരുത് എന്ന തലക്കെട്ടോടെ റിയാസിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പരിഹസിച്ചു കൊണ്ടുള്ള ട്രോൾ ഫേസ് ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് അഡ്വ.ജയശങ്കർ.

മദ്യവുമായി എത്തിയ വിദേശിയെ തടഞ്ഞ സംഭവത്തിൽ കേരളാ പൊലീസിനെതിരെ ടൂറിസം മന്ത്രി റിയാസ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കേരളാ പൊലീസിന്റെ ഇത്തരത്തിലുള്ള സമീപനം ടൂറിസം മേഖലയെ സാരമായി ബാധിക്കുമെന്നും മന്ത്രി റിയാസ് പ്രതികരിച്ചിരുന്നു.

പൊലീസിന്റെ നടപടി ദൗർഭാഗ്യകരമാണ്. ഇത് സർക്കാരിന്റെ നയമല്ല. സർക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്ക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തിൽ ആഭ്യന്തര വകുപ്പിന് നടപടി എടുക്കട്ടെ എന്നും റിയാസ് പറഞ്ഞിരുന്നു.

'പൊലീസിനെതിരെ നടപടിയെടുക്കേണ്ടത് മറ്റൊരു വകുപ്പാണ്. അന്വേഷണത്തിലൂടെ അവർ അത് നടത്തട്ടെ. ഞങ്ങളെ സംബന്ധിച്ച് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു നിലപാടല്ല ഇത്. ഒരു ഭാഗത്ത് വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്ത് വിദേശ സഞ്ചാരികൾ ഉൾപ്പടെ കേരളത്തിന്റെ ടൂറ്സ്റ്റ് കേന്ദ്രങ്ങളിലേക്ക് കടന്ന് വരാനുള്ള പുതിയ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണ്. കോവിഡിന്റെ രൂക്ഷത മാറി ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ തീർച്ചയായും പരിശോധിക്കപ്പൈടണം. സർക്കാരിനൊപ്പം നിന്ന് സർക്കാരിനെ അള്ള് വെക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർ നടപടിയെടുക്കണം' ഇതായിരുന്നു വിഷയത്തിൽ മന്ത്രി റിയാസിന്റെ പ്രതികരണം.

ഇതിനെയാണ് അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് സിപിഎം നടത്തിയ അള്ള് സമരവുമായി താരതമ്യം ചെയ്ത് ജയശങ്കർ പരിഹസിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

അള്ളിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്!

1969ൽ രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ പതനത്തിനു ശേഷം സി അച്യുതമേനോൻ ബദൽ മന്ത്രിസഭ രൂപീകരിച്ച സമയത്ത്, മാർക്സിസ്റ്റു ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത രഹസ്യായുധമാണ് 'അള്ള്'. നാല് ആണിയുണ്ടെങ്കിൽ ഒരു അള്ളുണ്ടാക്കാം. ബസ്സിന്റെ ടയർ പഞ്ചറാക്കാൻ അത്യുത്തമം.

ലോക സംസ്‌കാരത്തിന് സഖാക്കൾ നൽകിയ ഏറ്റവും വലിയ സംഭാവനയാണ് അള്ള്. അള്ളിനെ തള്ളിപ്പറയുന്നത് മാർക്സിസം ലെനിനിസത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്.

മരുമകൻ സഖാവേ, പൊലീസിനെ കുറ്റപ്പെടുത്തിക്കൊള്ളൂ, പക്ഷേ അള്ളിനെ തൊട്ടു കളിക്കരുത്

കോവളത്തെ സ്വകാര്യ ഹോട്ടലിൽ നാലു വർഷമായി താമസിക്കുന്ന സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്ബെർഗിനെ(68)യാണ് വാഹനപരിശോധനയ്ക്കിടെ കോവളം പൊലീസ് അവഹേളിച്ചെന്ന് ആക്ഷേപമുണ്ടായത്. പരിശോധനയ്ക്കിടെ ഇയാൾ കൈവശമുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളിൽ രണ്ടെണ്ണത്തിലെ മദ്യം ഒഴുക്കിക്കളഞ്ഞിരുന്നു.വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം.

വെള്ളാറിലുള്ള ബിവറേജ് ഔട്ട്‌ലെറ്റിൽനിന്നാണ് സ്റ്റീഫൻ ആസ്ബെർഗ് മൂന്നു കുപ്പി വിദേശമദ്യം വാങ്ങിയത്. ഇതുമായി ഹോട്ടലിലേക്കു പോകുമ്പോൾ വാഹനപരിശോധന നടത്തുകയായിരുന്ന കോവളം പൊലീസ് സ്‌കൂട്ടർ കൈകാണിച്ചു നിർത്തുകയായിരുന്നു. പിന്നാലെയാണ് വിവാദങ്ങൾക്ക് ഇടയാക്കിയ സംഭവം അരങ്ങേറിയത്.