ചെന്നൈ: മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി പിതാവും സഹോദരങ്ങളും. തേനി ഉത്തമപാളയം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന കടലൂർ സ്വദേശി മദനനാണു കൊല്ലപ്പെട്ടത്. കൂടല്ലൂരിനടുത്തുള്ള കുള്ളപ്പ ഗൗണ്ടൻപെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെൽവേന്ദ്രൻ, കുമാർ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് തേനി ഉത്തമപാളയത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

കഴിഞ്ഞ വർഷം ഉത്തമപാളയത്ത് ഭൂമിവിൽപന സംബന്ധിച്ച തർക്കത്തെ തുടർന്ന് കരുണാനിധിയുടെ മകൻ അഭിഭാഷകനായ രഞ്ജിത്ത് കുമാർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയായിരുന്നു മദനൻ. ജയിലിലായിരുന്ന മദനൻ ഈയിടെയാണു പുറത്തിറങ്ങിയത്.

ഇന്നലെ ഉച്ചയോടെ കോടതിയിൽനിന്നു സ്വന്തം ഓഫിസിലേക്കു ബൈക്കിൽ പോകുന്നതിനിടെ ഉത്തമപാളയം പഞ്ചായത്തു യൂണിയൻ ഓഫിസിനു സമീപത്തായിരുന്നു ആക്രമണം. മദനന്റെ ൈബക്കിൽ കാറിടിപ്പിച്ചു വീഴ്‌ത്തിയതിനുശേഷം വെട്ടിക്കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയതിനുശേഷമാണു അക്രമി സംഘം മടങ്ങിയത്.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ അക്രമികൾ വടിവാൾ വീശി അകറ്റി നിർത്തിയതിനുശേഷമായിരുന്നു കൊലപാതകം. രക്ഷപ്പെട്ട അക്രമി സംഘത്തെ കിലോമീറ്ററുകൾക്ക് അപ്പുറത്തു ജനക്കൂട്ടം തടഞ്ഞു പൊലീസിനു കൈമാറുകയായിരുന്നു. മകന്റെ മരണത്തിനു പ്രതികാരം വീട്ടാൻ കരുണാനിധിയും മക്കളും നടത്തിയ ആസൂത്രിത കൊലയാണു മദനന്റേതെന്ന് ഉത്തമപാളയം പൊലീസ് അറിയിച്ചു. കേസിൽ 8 പേർ കൂടി പിടിയിലാകാനുണ്ട്.