ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ പിതാവിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ച് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി. സിദ്ദിഖിയുടെ വിയോഗം തീരാനഷ്ടമാണെന്നും മരണത്തിൽ ഖേദിക്കുന്നുവെന്നും അഫ്ഗാൻ പ്രസിഡന്റ് സിദ്ദിഖിയുടെ പിതാവ് മുഹമ്മദ് അക്തർ സിദ്ദിഖിയോട് പറഞ്ഞു. ഡാനിഷിന്റെ ഭാര്യയോടും മക്കളോടും അനുശോചനം അറിയിക്കണമെന്ന് ഗനി അറിയിച്ചതായും ഡാനിഷിന്റെ പിതാവ് പറഞ്ഞു.

ഇന്നലെ വൈകീട്ടായിരുന്നു ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം. അഫ്ഗാൻ-താലിബാൻ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ജൂലായ് 16ന് കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൽഡാക്കിൽ വച്ചാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. താലിബാൻ സേനയുടെ ബോംബാക്രമണത്തിലായിരുന്നു അഫ്ഗാൻ സൈന്യത്തിനൊപ്പമുണ്ടായിരുന്ന ഡാനിഷിന്റെ മരണം.