കാബൂൾ: കാബൂളിലെ ചാവേർ ബോംബ് സ്‌ഫോടനത്തോടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ലോകരാജ്യങ്ങളുടെ രക്ഷാ ദൗത്യങ്ങൾ അവതാളത്തിലായി. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെല്ലാം നിർത്തിവെച്ചിരിക്കയാണ്. ഇന്ത്യയുടെ രക്ഷാപ്രവർത്തനംഅടക്കം അവതാളത്തിലാണ്.

അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന്റെ തിരക്കിനിടയിൽ ഭീകരാക്രമണമുണ്ടാവുമെന്ന ബ്രിട്ടന്റെയും യു.എസിന്റെയും മുന്നറിയിപ്പുവന്ന് മണിക്കൂറുകൾക്കകമാണ്, കാബൂളിൽ ചാവേർ ആക്രമണമെന്ന് സംശയിക്കുന്ന ഇരട്ടസ്‌ഫോടനങ്ങളുണ്ടായത്. കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട ചാവേർ സ്‌ഫോടനത്തിനുപിന്നിൽ ഐ.എസ് ആണെന്ന് താലിബാനും വിശദീകരിക്കുന്നു.

വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിനരികിലാണ് സ്‌ഫോടനമുണ്ടായത്. താലിബാൻ സേനാംഗങ്ങൾക്കും പരിക്കേറ്റുവെന്ന് റിപ്പോർട്ടുണ്ട്. വിമാനത്താവളം അമേരിക്കൻ സേനയും പുറത്ത് താലിബാനുമാണ് നിയന്ത്രിക്കുന്നത്. ഐ.എസ് ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും ആളുകൾ വിമാനത്താവളത്തിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും യു.എസ്-യു.കെ സഖ്യകക്ഷികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

ഓഗസ്റ്റ് 31നകം ഒഴിപ്പിക്കൽ ദൗത്യം പൂർത്തിയാക്കി വിദേശരാജ്യങ്ങൾ അഫ്ഗാൻ വിടണമെന്ന് താലിബാൻ അന്ത്യശാസനം നൽകിയതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ അഭൂതപൂർവമായ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിരവധി രാജ്യങ്ങൾ പൗരന്മാരോട് നിർദേശിച്ചിരുന്നു. താലിബാൻ കാബൂൾ പിടിച്ചശേഷം ആയിരങ്ങളാണ് രാജ്യം വിടാൻ വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുന്നത്.

വിമാനത്താവളത്തിൽ തങ്ങളുടെ സേനാംഗങ്ങളും ആക്രമണഭീഷണിയിലാണെന്നും ഐ.എസിന്റെ ഭീഷണി നിലനിൽക്കുന്നുവെന്നും താലിബാൻ ഉന്നതൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഓഗസ്റ്റ് 31നുള്ളിൽ സൈനികർ പൂർണമായി പിന്മാറുമെന്ന് പ്രഖ്യാപിച്ച അമേരിക്ക ഒഴിപ്പിക്കൽ ഊർജിതമാക്കിയിരിക്കുകയാണ്. അതിനിടെ കാബൂൾ വിമാനത്താവളത്തിൽ രക്ഷാദൗത്യത്തിനെത്തിയ ഇറ്റാലിയൻ വിമാനത്തിന് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുകൾ. കാബൂളിൽനിന്നും വിമാനം പറന്നുയർന്നതിന് ശേഷമാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറ്റലിയുടെ ഇ130 വിമാനത്തിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ഇറ്റാലിയൻ പൗരന്മാർക്കും രാജ്യം വിടാൻ ആഗ്രഹിക്കുന്ന മറ്റ് അഫ്ഗാൻ പൗരന്മാരെയും ഒഴിപ്പിക്കാൻ വേണ്ടിയാണ് വിമാനമെത്തിയത്. ഇറ്റാലിയൻ സേനയ്ക്ക് വേണ്ടി ജോലി ചെയ്തവരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിക്കുന്ന നടപടികൾ രാജ്യം തുടരുകയാണ്.

ജി 7 രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന അടിയന്തര ചർച്ചയിൽ ഓഗസ്റ്റ് 31-നു ശേഷം രാജ്യം വിടാനാഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കാൻ താലിബാൻ തയ്യാറാകണമെന്ന് നിർദ്ദേശം രാജ്യങ്ങൾ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഡോക്ടർമാർ, എഞ്ചിനീയർമാർ എന്നിവരടങ്ങുന്ന അഫ്ഗാൻ പൗരന്മാരെ രാജ്യം വിടാൻ സഹായിക്കരുതെന്ന് അമേരിക്കയ്ക്ക് താലിബാൻ വക്താവ് സബ്ബീഹുള്ള മുജാഹിദ് താക്കീത് നൽകി. അഫ്ഗാന് അവരുടെ വൈദഗ്ധ്യം ആവശ്യമാണ്, അവരെ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകരുതെന്ന് പറഞ്ഞ സബ്ബീഹുള്ള അഫ്ഗാൻ പൗരന്മാരെ അഫ്ഗാനിസ്താൻ വിടാൻ പ്രോൽസാഹിപ്പിക്കരുതെന്നും കൂട്ടിച്ചേർത്തു.

അതേസമയം അഫ്ഗാനിസ്താനിൽ യു.എസ് രക്ഷാദൗത്യം ഇപ്പോഴും തുടരുകയാണ്. ഓഗസ്റ്റ് 31-നാണ് പൂർണമായി സൈനികപിന്മാറ്റം നടത്തുമെന്ന് അമേരിക്ക അറിയിച്ചത്. 82,000 പേരെ അമേരിക്ക ഇതുവരെ കാബൂളിൽ നിന്നും ഒഴിപ്പിച്ചതായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ അറിയിച്ചു.