അബുദാബി: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 മത്സരത്തിൽ നമീബിയയെ 62 റൺസിന് കീഴടക്കി അഫ്ഗാനിസ്താൻ. 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റിന് 98 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ഹാമിദ് ഹസനും നവീൻ ഉൾ ഹഖും മൂന്ന് വീതവും ഗുൽബാദിൻ നൈബ് രണ്ടും റാഷിദ് ഖാൻ ഒന്നും വിക്കറ്റ് നേടി. നവീനാണ് കളിയിലെ മികച്ച താരം. ഗ്രൂപ്പിൽ അഫ്ഗാന്റെ രണ്ടാം ജയമാണിത്. വിരമിക്കൽ മത്സരം കളിക്കുന്ന മുൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാന് ജയത്തോടെ മടങ്ങാനായി.

ഓപ്പണർമാരെ നവീൻ ഉൾ ഹഖ് മൂന്ന് ഓവറിനിടെ മടക്കിയതോടെ നമീബിയ തുടക്കത്തിലെ പതറി. ഓപ്പണർമാരായ ക്രെയ്ഗ് വില്യംസ്(1), മൈക്കൽ വാൻ ലിങ്കൻ(11), ജാൻ നിക്കോൾ ലോഫ്റ്റീ(14), സാനേ ഗ്രീൻ(1) എന്നിവർ പുറത്താകുമ്പോൾ 7.1 ഓവറിൽ 36 റൺസ് മാത്രമായിരുന്നു സ്‌കോർ ബോർഡിലുണ്ടായിരുന്നത്. 10 ഓവർ പൂർത്തിയാകുമ്പോൾ സ്‌കോർ 55-4.

11-ാം ഓവറിൽ ഹാമിദ് ഹസൻ ഇരട്ട പ്രഹരം നൽകി. നായകൻ ഗെർഹാർഡ് എരാസ്മസ് 12നും ജെജെ സ്മിത് പൂജ്യത്തിനും പുറത്തായി. ജാൻ ഫ്രൈലിൻക്ക്(6), പിക്കി യാ ഫ്രാൻസ്(3), ഡേവിഡ് വീസ്(26), റൂബൻ(12*), ബെർണാഡ് സ്‌കോൾസ്(6*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോർ. 30 പന്തിൽ നിന്ന് രണ്ടു ഫോറടക്കം 26 റൺസെടുത്ത ഡേവിഡ് വൈസാണ് നമീബിയയുടെ ടോപ് സ്‌കോറർ.

മൂന്ന് വിക്കറ്റ് വീതമെടുത്ത നവീൻ ഉൾ ഹഖും ഹമീദ് ഹസനുമാണ് നമീബിയയെ തകർത്തത്. ഗുൽബാദിൻ നയ്ബ് രണ്ടു വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തിരുന്നു. ഹസ്‌റത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ്, അസ്ഗർ അഫ്ഗാൻ, മുഹമ്മദ് നബി എന്നിവരുടെ ഇന്നിങ്‌സുകളാണ് അഫ്ഗാനെ മികച്ച സ്‌കോറിലെത്തിച്ചത്.

ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് വേണ്ടി ഓപ്പണർമാരായ ഹസ്‌റത്തുള്ള സസായിയും മുഹമ്മദ് ഷഹ്‌സാദും തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 40 പന്തിൽ 53 റൺസ് കൂട്ടിച്ചേർത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 27 പന്തിൽ നിന്ന് രണ്ടു സിക്‌സും നാലു ഫോറുമടക്കം 33 റൺസെടുത്ത സസായിയെ ഏഴാം ഓവറിൽ ജെ.ജെ സ്മിത്ത് പുറത്താക്കുകയായിരുന്നു.

റഹ്‌മാനുള്ള ഗുർബാസിന് നാലു റൺസെടുക്കാനേ സാധിച്ചുള്ളൂ. 13-ാം ഓവറിൽ ഷഹ്‌സാദിനെ റൂബൻ ട്രംപെൽമാൻ പുറത്താക്കി. 33 പന്തിൽ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 45 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ നജിബുള്ള സദ്രാൻ ഏഴു റൺസെടുത്ത് പുറത്തായി.

തന്റെ അവസാന രാജ്യാന്തര മത്സരം കളിക്കുന്ന മുൻ അഫ്ഗാൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാന്റെ ഊഴമായിരുന്നു അടുത്തത്. 23 പന്തിൽ നിന്നും ഒരു സിക്‌സും മൂന്നു ഫോറുമടക്കം 31 റൺസാണ് അസ്ഗർ തന്റെ അവസാന ഇന്നിങ്‌സിൽ സ്വന്തമാക്കിയത്.

തകർത്തടിച്ച് 17 പന്തിൽ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 32 റൺസെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാൻ സ്‌കോർ 150 കടത്തിയത്. നമീബിയക്കായി റൂബൻ ട്രംപെൽമാനും ലോഫി ഈട്ടണും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.