ലണ്ടന്: ലോകത്തെ മുഴുവൻ കണ്ണുനീരുകുടിപ്പിക്കുന്ന കോവിഡ് എന്ന മഹാമാരിയെ ഇനിയും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ദുഃഖകരമായ സത്യം. ഈ രോഗത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചും നിരവധി ആശങ്കകളുണ്ട്. ചിലയിടങ്ങളിൽ കോവിഡ് നെഗറ്റീവ് ആയശേഷം രോഗികള വളരെ വേഗത്തിൽ മരണമടഞ്ഞത് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തി് വഴിതെളിച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്നവിവരം മാക്രോഗ്ലോസ്സിയ എന്ന ആരോഗ്യപരമായ അവസ്ഥയ്ക്കും കോവിഡ് കാരണമായേക്കാം എന്നാണ്.

ഒരു വ്യക്തിയുടെ നാക്ക് ക്രമാതീതമായ രീതിയിൽ വലുതാവുകയും തത്ഫലമായി അയാൾക്ക് സംസാരിക്കുവാനോ ഭക്ഷണം കഴിക്കുവാനോ സാധിക്കാത്ത അവസ്ഥ വരികയും ചെയ്യുന്ന അവസ്ഥയാണ് മാക്രോഗ്ലോസ്സിയ എന്നത്. ഈ അവസ്ഥയെ കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. ജെയിംസ് മെൽവില്ലി പറയുന്നത് ഇതുവരെ കോവിഡ് ബാധിച്ച് സുഖപ്പെട്ടവരിൽ ഒമ്പത് പേർക്ക് ഈ അവസ്ഥ വന്നിട്ടുണ്ട് എന്നാണ്.

ഇത്തരത്തിൽ ഒരു രോഗി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കോവിഡ് ഭേദമായതിനെ തുടർന്ന് അല്പ സമയത്തിനകം തന്നെ നാക്ക് ക്രമാതീതമായി വീർക്കുവാൻ തുടങ്ങിയതായി ഡോക്ടർജെയിംസ് പറയുന്നു. ഇയാളെ ചികിത്സിച്ച് ഭേദമാക്കുവാൻ ആയെങ്കിലും ഇത്തരത്തിൽ ഒരു രോഗാവസ്ഥ ഉണ്ടാകുവാനുള്ള കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞവർഷവും,കോവിഡുമായി ബന്ധപ്പെട്ട മാക്രോഗ്ലോസ്സിയ രണ്ടുപേർക്ക് റിപ്പോർട്ട് ചെയ്യപ്പെടുകയും അവരെ ചികിത്സിക്കുകയും ചെയ്തതായി ഡോ. ജെയിംസ് പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ചാൽ ഹൃദയം, ഉൾപ്പടെയുള്ള അവയവങ്ങൾക്ക് വീക്കം സംഭവിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരുപക്ഷെ അതേ പ്രക്രിയ തന്നെയായിരിക്കും നാക്കുകൾക്ക് വീക്കം സംഭവിക്കാനുള്ള കാരണമെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.