തിരുവനന്തപുരം : പ്രകൃതിക്ഷോഭം മൂലം കാർഷിക വിളകൾ നശിക്കുകയും വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും ചെയ്യുമ്പോൾ ഗതികെട്ട് കർഷകൻ ജീവനൊടുക്കുന്നത് നിത്യ സംഭവമായിട്ടും സർക്കാരിന് അനങ്ങാപ്പാറ നയം തന്നെ. കർഷകരക്ഷക്കായുള്ള കടാശ്വാസ കമ്മീഷൻ 77 കോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാരിനോട് നിർദ്ദേശിച്ചിട്ടും നയാ പൈസ അനുവദിക്കാതെ കൃഷി വകുപ്പും സർക്കാരും. കടാശ്വാസ കമ്മീഷനും സഹകരണ ബാങ്കുകളും തമ്മിൽ ചർച്ച ചെയ്ത് ധാരണയിലെത്തിയ തുകയാണ് ഖജനാവിൽ നിന്ന് നൽകേണ്ടത്.

77,41, 09,608 രൂപയാണ് കടാശ്വാസ കമ്മീഷൻ എഴുതി തള്ളാൻ സർക്കാരിനോട് കഴിഞ്ഞ വർഷം അവസാനം ആവശ്യപ്പെട്ടത്. കൃഷി വകുപ്പിന് മുന്നിൽ വന്ന 1,38,451 അപേക്ഷകൾ പരിഗണിച്ചാണ് തീരുമാനത്തിലെത്തിയത്. ഇതിനും പുറമേ കഴിഞ്ഞ രണ്ട് വർഷത്തിലധികമായി പുതിയ അപേക്ഷകളും ക്ഷണിക്കുന്നില്ലെന്ന് കമ്മീഷനിലെ മുതിർന്ന ഒരംഗം വെളിപ്പെട്ടുത്തി.

വേനൽ മഴയെ തുടർന്ന് കൃഷി നശിച്ച കുട്ടനാട്ടിലേയും മറ്റ് പ്രദേശങ്ങളിലേയും കൃഷിക്കാർക്ക് അപേക്ഷ പോലും നൽകാനാവാത്ത സ്ഥിതിയാണ്. സർക്കാരാണ് കടാശ്വാസത്തിനായി അപേക്ഷ ക്ഷണി ക്കേണ്ടത്. കോവിഡ് മൂലമാണ് അപേക്ഷ ക്ഷണിക്കാതിരുന്നതെന്നാണ് സർക്കാർ ന്യായം. കൃഷിക്കാരെ സുഖിപ്പിക്കുന്ന ബഡായികൾ പതിവുപോലെ കൃഷിമന്ത്രിയും സർക്കാരും തട്ടിവിടുന്നുണ്ടെങ്കിലും കടം കേറി മുടിയുന്ന കൃഷിക്കാർ കയറിലും കീടനാശിനികളിലും ജീവനൊടുക്കുകയാണ്.

അന്നം മൂട്ടുന്നവനോട് സർക്കാരിന് ഒരു ദയാദാക്ഷണ്യവുമില്ല. കടാശ്വാസ കമ്മീഷനേയും സർക്കാർ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്. ആവശ്യത്തിന് ഫണ്ടും സ്റ്റാഫും നൽകുന്നില്ല. അതു കൊണ്ട് തന്നെ കമ്മീഷൻ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു കിടക്കയാണ്. രണ്ടാഴ്ച മുമ്പാണ് തിരുവല്ല - നിരണം കാണാത്ര പറമ്പിൽ രാജീവ് എന്ന കർഷകൻ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണം. കാർഷിക ആവശ്യങ്ങൾക്കായി രാജീവ് ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു വെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.

രാജീവ് പാട്ടത്തിനെടുത്ത പാടത്തെ വരമ്പിൽ തൂങ്ങിമരിക്കുകയായിരുന്നു. വേനൽ മഴ മൂലം രാജീവിന് വൻ തോതിൽ കൃഷി നാശവും സംഭവിച്ചിരുന്നു. ഭരണ- പ്രതിപക്ഷങ്ങളുടെ പതിവ് ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുമല്ലാതെ കർഷകനെ സഹായമെത്തിക്കുന്ന ഒരു പദ്ധതിയും സംസ്ഥാനത്തില്ല. ലക്ഷങ്ങൾ മുടക്കിയിറക്കിയ വിള നശിക്കുമ്പോൾ കേവലം ആയിരവും രണ്ടായിരവുമാണ് സർക്കാർ ധന സഹായം. ഈ വേനൽ മഴയിൽ മാത്രം ഏതാണ്ട് 400 കോടി രൂപയുടെ കാർഷിക വിളകളാണ് നശിച്ചത്.

' ഇതേ വരെ ഒരു ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കെ- റെയിലിന് പിന്നാലെ പായുന്ന മുഖ്യമന്ത്രിക്ക് കർഷക ആത്മഹത്യയിലും വിളനാശത്തിലും യാതൊരു ഉത്കണ്ഠയു മില്ലെന്നാണ് പ്രതിപക്ഷ ആക്ഷേപം. 2018- 2020 കാലത്ത് കേരളത്തിൽ 104 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാത്ത് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ലോക് സഭയിൽ പറഞ്ഞത്. ഇക്കാലയളവിൽ രാജ്യത്ത് 17,299 കർഷകർ ജീവനൊടുക്കിയെന്നാണ് ക്രൈം റിക്കോർഡ് ബ്യൂറോയെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞത്.

2018, 2019 വർഷങ്ങളെ അപേക്ഷിച്ച് 2020ൽ കേരളത്തിലെ കർഷക ആത്മഹത്യയുടെ എണ്ണം ഇരട്ടിയായി. 2018ൽ 25 പേരും 2019ൽ 22 പേരുമാണ് ആത്മഹത്യ ചെയ്തതെങ്കിൽ 2020ൽ 57 പേരാണ് ജീവനൊടുക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്നിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം 2016- 2021 വരെ 25 കൃഷിക്കാർ ആത്മ ഹത്യ ചെയ്തുവെന്നാണ് അവകാശ വാദം

സംസ്ഥാനത്ത് കടബാദ്ധ്യതമൂലം ദുരിതത്തിലാണ്ട കർഷകർക്ക് ആശ്വാസം നൽകുന്നതിനുവേണ്ടി, ന്യായനിർണ്ണയം നടത്തി അവാർഡുകൾ പാസ്സാക്കുന്നതിന് അധികാരമുള്ളതും മദ്ധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും അത്തരം കർഷകരുടെ സങ്കടങ്ങൾ പരിഹരിക്കുന്നതിന് ഉചിതമായ നടപടികൾക്ക് ശുപാർശ നൽകുന്നതിനു വേണ്ടിയുമാണ് സംസ്ഥാന ഗവൺമെന്റ് കേരള കർഷക കടാശ്വാസ കമ്മീഷൻ രൂപീകരിച്ചത്.

2007ലെ കേരള കർഷക കടാശ്വാസ കമ്മീഷൻ ആക്റ്റ് പ്രകാരമാണ് കമ്മീഷന്റെ പ്രവർത്തനങ്ങൾ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരമാണ് കമ്മീഷന്റെ ആസ്ഥാനം. പക്ഷേ, കമ്മീഷൻ നൽകുന്ന ശുപാർശകളും നിർദ്ദേശങ്ങളും നടപ്പിലാക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനെ ഒരു കമ്മിഷൻ ?