കൊച്ചി: കൊച്ചിയിൽ യോഗത്തിനിടെ ഐഎൻഎൽ നേതാക്കൾ തമ്മിലടിച്ച് പിരിയുമ്പോൾ വെട്ടിലാകുന്നത് ഇടതുപക്ഷം. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിലായിരുന്നു കൊച്ചിയിലെ സംഘർഷം. ഇത് മുഖ്യമന്ത്രി പിണറായി വിജയനേയും പ്രകോപിപ്പിക്കുന്നുണ്ട്. പി എസ് സി അംഗത്തെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ടെലിഫോൺ സംഭാഷണവും ഇടതുമുന്നണിക്ക് തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രശ്‌നം.

ഇന്ന് ഐഎൻഎൽ യോഗത്തിലുണ്ടായത് മുന്നണിക്ക് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളായിരുന്നു. കോവിഡ് മാനദണ്ഡം ലംഘിക്കരുതെന്ന് പൊലീസ് അറിയിച്ചിട്ടും യോഗം ചേർന്നു. മന്ത്രിയും പങ്കെടുത്തു. കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ പ്രതിഷേധം ഉയരുമ്പോഴാണ് ഇതെല്ലാം നടന്നത്. മന്ത്രിയെന്ന നിലയിലെ ഉത്തരവാദിത്തം അഹമ്മദ് ദേവർകോവിൽ മറന്നുവെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ ഇടതു പക്ഷം തങ്ങളുടെ നിലപാട് ഐഎൻഎല്ലിനെ അറിയിക്കും.

സർക്കാരിനെ വെട്ടിലാക്കുന്ന നടപടികളുടെ ഭാഗമായ മന്ത്രിയെ മാറ്റുന്നതിനെ കുറിച്ചും ചിന്തയിലുണ്ട്. എന്നാൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയെ മാറ്റുന്നതിൽ കരുതലോടെ മാത്രമേ തീരുമാനം ഉണ്ടാകൂ. മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തും അതൃപ്തിയിലാണ്. അഹമ്മദ് ദേവകർകോവിലിനെ ഇക്കാര്യം നേരിട്ട് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. വിവാദം തുടർന്നാൽ പുറത്താക്കുമെന്നും അറിയിക്കും. ദേവർകോവിലിന് പകരം കെടി ജലീലിനെ മന്ത്രിയാക്കുന്നതിനെ കുറിച്ചും മുഖ്യമന്ത്രി ആലോചിക്കുന്നുണ്ട്.

കൊച്ചിയിലെ യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുൾ വഹാബ് അറിയിച്ചതിന് പിന്നാലെ ഹോട്ടലിന് പുറത്ത് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പിന്നാലെ അബ്ദുൾ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോയി. ഹോട്ടലിൽ തുടർന്ന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരിനും, മന്ത്രി അഹമ്മദ് ദേവർകോവിലിനും എതിരെ ചീത്ത വിളികളും പ്രതിഷേധങ്ങളും ഒരു വിഭാഗം പ്രവർത്തകർ ഉയർത്തി. ഇതെല്ലാം ചാനലുകൾ തൽസമയം കാട്ടി.

ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ യോഗത്തിന്റെ തുടക്കം മുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചെന്ന് പ്രസിഡന്റ് അബ്ദുൾ വഹാബ് പറഞ്ഞു. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളയുർത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂർ മോശമായി പ്രതികരിച്ചെന്നും അബ്ദുൾ വഹാബ് ആരോപിച്ചു.

ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പ്രതികരണങ്ങൾ ഉണ്ടായപ്പോൾ യോഗത്തിൽ വലിയ തോതിൽ തർക്കങ്ങൾ ഉണ്ടായി. ഇതിന് പിന്നാലെയാണ് യോഗം നിർത്തിവെച്ചതായി താൻ അറിയിച്ചതെന്നും അബ്ദുൾ വഹാബ് പറഞ്ഞു. എന്നാൽ പാർട്ടിയിൽ പ്രശ്‌നങ്ങളില്ലെന്നും തമ്മിൽ അടിക്കുന്നവരല്ല പ്രവർത്തകരെന്നും കാസിം ഇരിക്കൂർ പറഞ്ഞു. അച്ചടക്ക ലംഘനം നടത്തിയവർക്ക് എതിരെ നടപടി വരും. ഇത് പാർട്ടിയെ പിളർപ്പിലേക്കും നയിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം ചേർന്നതെന്നും സംസ്ഥാന ഭാരവാഹികൾ വൈകുന്നേരം വിശദീകരിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അതേസമയം സമ്പൂർണ്ണ ലോക്ക്ഡൗൺ ദിവസം കോവിഡ് ചട്ടങ്ങൾ ലംഘിച്ച് യോഗം ചേർന്നതിൽ ഹോട്ടലിന് എതിരെ കോവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ കേസിൽ മന്ത്രിയും പ്രതിയാകും.