ന്യൂഡൽഹി: ഡൽഹി എയിംസിലും കോവിഡ് വ്യാപിക്കുന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ള 32 ഓളം ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വൻ ആശങ്കയുയർത്തുന്നതിനിടെയാണ് ആശുപത്രികളിലും കൂട്ട രോഗബാധ സ്ഥിരീകരിക്കുന്നത്.

രോഗബാധ സ്ഥിരീകരിച്ചവരിൽ ചിലർ കോവിഡ് വാക്സിൻ സ്വീകരിച്ചവരല്ല എന്നാണ് വിവരം. മുപ്പതിലധികം ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ച നഗരത്തിലെ രണ്ടാമത്തെ പ്രധാന ആശുപത്രിയാണ് എയിംസ്. വ്യാഴാഴ്ച സർ ഗംഗാ റാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 32 ഡോക്ടർമാർ ഹോം ഐസോലേഷനിലും അഞ്ച് ഡോക്ടർമാരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.