ജയ്പൂർ: രാജ്യത്തിന് നേരെയുള്ള ഭീഷണികൾ വർധിക്കുമ്പോൾ പ്രതിരോധ രംഗവും കൂടുതൽ ശക്തമാക്കി ഇന്ത്യൻ സുരക്ഷസേന.ഒരു അത്യാവശ്യഘട്ടം വന്നാൽ വ്യോമസേനയുടെ യുദ്ധഹെലികോപ്ടറുകൾ റോഡിലും ഒരു കൈ നോക്കും.പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ശ്രമം വിജയകരമായി പൂർത്തിയാക്കി.

രാജസ്ഥാനിലെ ജലോറിൽ നടത്തിയ പരീക്ഷണത്തിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യുദ്ധഹെലികോപ്ടറുകൾ റോഡിൽ വിജയകരമായി ഇറക്കി. വ്യോമസേനയുടേയും നാഷണൽ ഹൈവേ അഥോറിറ്റിയുടേയും ജലോർ പൊലീസ് സേനയുടേയും നേതൃത്വത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തിയതിനു ശേഷമാണ് ഹെലികോപ്ടറുകൾ റോഡിൽ ഇറക്കിയത്.

യുദ്ധത്തിനും പ്രകൃതിദുരന്ത സമയങ്ങളിലും യുദ്ധവിമാനങ്ങൾ റോഡുകളിൽ ഇറക്കുവാൻ സാധിച്ചാൽ ഇന്ത്യൻ വ്യോമസേനയ്ക്ക് അതനുസരിച്ചുള്ള പല ഓപ്പറേഷനുകളും തയ്യാറാക്കുവാൻ സാധിക്കും. പ്രതിരോധ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി യുദ്ധവിമാനങ്ങൾ ഇറക്കുവാൻ സാധിക്കുന്ന 25 ഓളം റോഡുകൾ കേന്ദ്ര ഗതാഗതവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തിനകത്ത് നിരവധി റോഡുകൾ ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും രാജ്യരക്ഷ പരിഗണിച്ച് അവയുടെ പട്ടിക അതീവ രഹസ്യമായി തന്നെ സൂക്ഷിക്കാനാണ് വ്യോമസേനയുടേയും കേന്ദ്ര പ്രതിരോധ വകുപ്പിന്റെയും തീരുമാനമെന്ന് ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.