തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതാവസ്ഥയ്ക്ക് ശേഷം ജീവിക്കാനായി വിദേശത്ത് പോകുന്ന പ്രവാസികളെ പിഴിയാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി കേരളത്തിലെ എയർപോർട്ടുകൾ. എയർപോർട്ടുകൾക്ക് ഉള്ളിൽ നടത്തുന്ന റാപ്പിഡ് പിസിആർ ടെസ്റ്റുകൾക്ക് ഈടാക്കുന്നത് രണ്ടായിരത്തി ആഞ്ഞൂറ് രൂപയോളം. ആർടിപിസിആർ ടെസ്റ്റുകൾക്ക് 500 രൂപയെ ഈടാക്കാൻ പാടുള്ളു എന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവും അതിനെതിരായ ഹർജികൾ തള്ളിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധിയും നിലനിൽക്കുമ്പോഴാണ് എയർപോർട്ടുകൾക്കുള്ളിലെ റാപ്പിഡ് പിസിആറിന്റെ പേരിലുള്ള ചൂഷണം.

ഗൾഫിലേയ്ക്ക് പോകുന്നവർ ആറ് മണിക്കൂർ മുമ്പ് റാപ്പിഡ് പിസിആർ ടെസ്റ്റ് നടത്തണമെന്ന നിർദ്ദേശത്തിന്റെ തണലിലാണ് ഈ കൊള്ള. മുമ്പ് നാല് മണിക്കൂർ മുമ്പ് നടത്തണമെന്നായിരുന്നു നിർദ്ദേശം. അര മണിക്കൂറിനുള്ളിൽ റിസൾട്ട് കിട്ടുന്ന ഈ പരിശോധന എയർപോർട്ടുകൾക്ക് ഉള്ളിൽ മാത്രമേ ലഭ്യമുള്ളു. അതുകൊണ്ടുതന്നെ എല്ലാ യാത്രക്കാരും അതാത് എയർപോർട്ടുകളിൽ നിന്നും ടെസ്റ്റ് നടത്താൻ നിർബന്ധിതരാകുകയാണ്. ഈ അവസരം മുതലെടുത്താണ് എയർപോർട്ടുകൾ ഏൽപ്പിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ യാത്രക്കാരെ പിഴിയുന്നത്.

എയർപോർട്ടുകൾക്കുള്ളിൽ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നതിനുള്ള കരാർ നൽകിയിട്ടുള്ളത് ഓരോ സ്വകാര്യ സ്ഥാപനങ്ങൾക്കാണ്. ആർടിപിസിആർ ടെസ്റ്റുകൾക്ക് പരമാവധി 500 രൂപ മാത്രമേ ഈടാക്കാവു എന്ന നിർദ്ദേശമുണ്ടെങ്കിലും അതിന്റെ അഞ്ചിരട്ടി വില ഈടാക്കുന്ന റാപ്പിഡ് പിസിആറിന് ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ല. പുറത്തെ ലാബുകൾക്ക് ഈ ടെസ്റ്റിനെ പറ്റി അറിവ് പോലുമില്ലെന്നതാണ് സത്യം.

തിരുവനന്തപുരം എയർപോർട്ടിൽ 2500 രൂപയാണ് ടെസ്റ്റിന്റെ പേരിൽ ഈടാക്കുന്നത്. കൊച്ചിൻ എയർപോർട്ടിൽ അത് 2490 രൂപയും കാലിക്കറ്റ് എയർപോർട്ടിലും കണ്ണൂർ എയർപോർട്ടിലും 2500 രൂപ വീതവുമാണ് ഇതിന്റെ പേരിൽ യാത്രക്കാരെ പിഴിയുന്നത്. കുറച്ചുദിവസങ്ങൾക്ക് മുമ്പ് വരെ 3000 രൂപ വീതമായിരുന്നു ഇവിടങ്ങളിലെ റേറ്റ്. നിരന്തരമായ പരാതികളെ തുടർന്നാണ് 500 രൂപ കുറയ്ക്കാനുള്ള മഹാമനസ്‌കത അവർ കാണിച്ചത്. കോവിഡ് മൂലം മാസങ്ങളോളം തിരിച്ചുപോകാനാകാതെ നാട്ടിൽ കുടുങ്ങിക്കിടന്നിട്ട്, ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടംവാങ്ങിയും ജീവിക്കാനായി തിരിച്ച് വിമാനം കയറുന്ന പ്രവാസികളെയാണ് സ്വകാര്യ ലാബുകളുടെ പീഡനത്തിനായി എയർപോർട്ട് അധികൃതർ എറിഞ്ഞുകൊടുക്കുന്നത്. ഇവരെയൊക്കെ നിയന്ത്രിക്കേണ്ട അധികാരികളാകട്ടെ ഈ ചൂഷണത്തിന് മുന്നിൽ കണ്ണടയ്ക്കുകയാണ്.

കേരളത്തിലെ ലാബുകളിലെ ആർടിപിസിആർ ടെസ്റ്റിന് ഈടാക്കുന്ന റേറ്റ് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഇടപെട്ട് റേറ്റ് ഏകീകരിക്കുകയും 500 രൂപയിൽ ഈടാക്കാൻ പാടില്ലെന്ന ഉത്തരവിറക്കുകയും ചെയ്തത്. ഇതിനെതിരെ ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നിരക്ക് കുറച്ച സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന സ്വകാര്യ ലാബുകളുടെ ആവശ്യം ഹൈക്കോടതി തള്ളുകയാണ് ഉണ്ടായത്. അതിന് മുമ്പ് 1750 രൂപ വരെ പല സ്വകാര്യ ലാബുകളിലും ഈടാക്കിയിരുന്നു. ആ രീതിയിൽ റാപ്പിഡ് പിസിആർ ടെസ്റ്റുകളുടെ നിരക്കും നിയന്ത്രിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.