തിരുവന്നതപുരം: പിണറായി സർക്കാരിനെതിരേ പ്രമേയം പാസാക്കി ഭരണകക്ഷിയിലെ സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്. കാലടി സംസ്‌കൃത സർവ്വകലാശാല യൂണിറ്റ് സമ്മേളനത്തിലാണ് സർക്കാരിനെതിരെ പ്രമേയം പാസാക്കിയത്. ഏപ്രിൽ ഒന്നിന് പുറത്തിറക്കിയ അദ്ധ്യാപക നിയമന ഭേദഗതി ഉത്തരവിനെതിരെയാണ് പ്രമേയം.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളേയും ഗവേഷകരേയും പ്രതികൂലമായി ബാധിക്കുന്ന നിയമമാണിതെന്നും പലരുടേയും അദ്ധ്യാപന സ്വപ്നമാണ് ഇതിലൂടെ തകരുന്നതെന്നും പ്രമേയത്തിൽ പറയുന്നു. പുതിയ അദ്ധ്യാപക തസ്തിക രൂപപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന ഒമ്പത് മണിക്കൂർ വർക്കിങ് അവർ എന്നത് 16 മണിക്കൂർ എന്നാക്കി മാറ്റിയതോടെ അദ്ധ്യാപക തസ്തിക നിരോധന നിയമമാണ് സർക്കാർ നടപ്പിലാക്കുന്നത്. അദ്ധ്യാപക തൊഴിൽ നിരോധന നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നുമാണ് പ്രമേയത്തിലൂടെ എഐഎസ്എഫ് ആവശ്യപ്പെട്ടത്.