കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനവുമായി എ.ഐ.വൈ.എഫ്. കേരളത്തിലെ പൊലീസിൽ ക്രിമിനലുകൾ കൂടിയെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ജിസ് മോൻ പറഞ്ഞു. പൊലീസ് വീഴ്ച ഒറ്റപ്പെട്ട സംഭവമല്ല. പൊലീസ് അതിക്രമങ്ങൾ ഇടതുമുന്നണിയുടെ പൊലീസ് നയത്തിന്റെ ശോഭ കെടുത്തിയെന്നും ജിസ് മോൻ കുറ്റപ്പെടുത്തി.

നിലവിലുള്ള സംഭവങ്ങൾ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണോയെന്ന് പരിശോധിക്കണം. കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ കേരളാ പൊലീസ് മർദിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് എ.ഐ.വൈ.എഫിന്റെ വിമർശനം. തിങ്കളാഴ്ച രാവിലെയായിരുന്നു ട്രെയിനിൽ വെച്ച് പൊലീസ് മധ്യവയസ്‌കനെ മർദിച്ച സംഭവമുണ്ടായത്.

മാവേലി എക്സ്‌പ്രസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരനെയാണ് കണ്ണൂരിൽ നിന്ന് എഎസ്ഐ ക്രൂരമായി മർദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തത്. സ്ലീപ്പർ കംപാർട്ട്‌മെന്റിൽ എത്തിയ പൊലീസുകാർ യാത്രക്കാരോട് ടിക്കറ്റ് ചോദിക്കുകയായിരുന്നു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്നും യാത്രക്കാരൻ മറുപടി നൽകി.

തുടർന്ന് കൈയിലുള്ള ടിക്കറ്റ് ബാഗിൽ നിന്ന് എടുത്ത് നൽകാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയായിരുന്നു. കംപാർട്ട്‌മെന്റിൽ യാത്ര ചെയ്ത ഒരു യാത്രക്കാരൻ എടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസിന്റെ ക്രൂരത പുറത്തറിഞ്ഞത്.

മാവേലി എക്സ്‌പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് പൊലീസിന്റെ മർദനമുണ്ടായത്. മർദ്ദനമേറ്റ യാത്രക്കാരനെ പിന്നീട് വടകരയിൽ പൊലീസ് ഇറക്കിവിട്ടു. മർദനം ചോദ്യം ചെയ്തതോടെ മറ്റ് യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

മാവേലി എക്സ്പ്രസിൽ എഎസ്ഐ.യുടെ മർദനത്തിനിരയായ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ക്രിമിനൽ കേസുകളിൽ പ്രതിയായ കൂത്തുപറമ്പ് നീർവേലി സ്വദേശി ഷമീർ(50) എന്ന 'പൊന്നൻ ഷമീറാ'ണ് തീവണ്ടിയിൽ മർദനത്തിനിരയായതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. എന്നാൽ ഇത് മനസ്സിലാക്കാതെ പൊലീസ് ഇയാളെ ട്രയിനിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഇപ്പോൾ ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂത്തുപറമ്പ് സ്വദേശിയായ പൊന്നൻ ഷമീർ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസമെന്നും പീഡനക്കേസിലടക്കം പ്രതിയാണെന്നും പൊലീസ് പറയുന്നു. ഷമീറിനെതിരേ മാല പൊട്ടിക്കൽ, ഭണ്ഡാര കവർച്ച തുടങ്ങിയ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ചില കേസുകളിൽ ഇയാൾ നേരത്തെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് മദ്യലഹരിയിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എഎസ്ഐ. ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇയാൾ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നു. സംഭവം വിവാദമായതോടെയാണ് മർദനത്തിനിരയായ ആളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചത്.