തിരുവനന്തപുരം: തോപ്പിൽഭാസിയുടെ മകനാണ് അജയൻ. പെരുന്തച്ചൻ എന്ന ഒരേയൊരു സിനിമ മാത്രം സംവിധാനം ചെയ്ത് മലയാളികളെ ത്രസിപ്പിച്ച സംവിധായകൻ. എന്തുകൊണ്ട് അജയൻ മറ്റൊരു സിനിമ ചെയ്തില്ല. മെഴുകുതി പോലുള്ള ആ ജീവിതം ചർച്ചയാക്കുകയാണ് മാധ്യമ പ്രവർത്തകനായ റോയി മാത്യു.

എന്തുകൊണ്ട് 'മാണിക്യക്കല്ല് സിനിമയാക്കിയില്ല. ആരാണ് സിനിമ രംഗത്ത് അജയന്റെ വളർച്ചയെ തടഞ്ഞത്? ആരാണ് ഈ കലാകാരനെപ്പറ്റി ഇല്ലാത്ത കഥകളും നുണകളും പറഞ്ഞു പരത്തിയത്? അതുകൊണ്ട് അവർ എന്ത് നേടി?-ഈ ചോദ്യമാണ് റോയി മാത്യു ഉയർത്തുന്നത്. ഗുഡ് നൈറ്റ് മോഹനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങൾ. ഒപ്പം പ്രിയദർശന്റെ പേരും കടന്നു വരുന്നു. മോഹൻലാലും സൽമാൻഖാനും എല്ലാം പരാമർശ വിഷയങ്ങൾ. റോയിമാത്യുവിന്റെ ഈ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.

റോയി മാത്യു ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം

മെഴുകുതിരി പോലെ ഒരു ജീവിതം

ഈയടുത്ത കാലത്തൊന്നും ഇത്ര ആർത്തിയോടെ ഒരു പുസ്തകം വായിച്ചിട്ടില്ല.- സിനിമാ ലോകത്തെ ചതിയുടേയും അധോലോക സംസ്‌കാരത്തിന്റേയും നേർ സത്യങ്ങൾ പറയുന്നതാണ് '
മകുടത്തിൽ ഒരു വരി ബാക്കി ' (DC ബുക്‌സ് ). പെരുന്തച്ചൻ എന്ന ഒരേയൊരു സിനിമ മാത്രം സംവിധാനം ചെയ്ത് മലയാളികളെ ത്രസിപ്പിച്ച അജയന്റെ ആത്മകഥയാണിത്.

ശ്രീകുമാരൻ തമ്പി പ്രവേശികയിലി ങ്ങനെ എഴുതിയിട്ടുണ്ട് - ' അജയൻ നമ്മളെ വിട്ടു പോയി; പെരുന്തച്ചൻ എന്ന ഒറ്റ ചിത്രത്തിലൂടെ നവ്യമായ ഒരു ചലച്ചിത്രഭാഷ പകർന്നു നൽകിയിട്ട് - എന്തുകൊണ്ട് 'മാണിക്യക്കല്ല് സിനിമയാക്കിയില്ല. ആരാണ് സിനിമ രംഗത്ത് അജയന്റെ വളർച്ചയെ തടഞ്ഞത്? ആരാണ് ഈ കലാകാരനെപ്പറ്റി ഇല്ലാത്ത കഥകളും നുണകളും പറഞ്ഞു പരത്തിയത്? അതുകൊണ്ട് അവർ എന്ത് നേടി? ഒരു മഹാ സ്വപ്നത്തിന്റെ മാസ്മര വലയത്തിൽ അകപ്പെടുകയും ആ സ്വപ്നം തകർന്നപ്പോൾ ഉൾവലിഞ്ഞ് വീട്ടിൽ ഒതുങ്ങിപ്പോയി, രോഗിയായി ക്രമേണ മരണത്തിന് കീഴടങ്ങുകയും ചെയ്ത അജയന്റെ ലോലമായ മനസ് സിനിമയ്ക്ക് ഒട്ടും അനുയോജ്യമല്ലായിരുന്നു എന്നാണോ നാം തിരിച്ചറിയേണ്ടത്?

തമ്പി സാറിന്റെ ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് സംവിധായകനും നാടകകൃത്തും രാഷ്ടീയ നേതാവുമായിരുന്ന തോപ്പിൽ ഭാസിയുടെ മകനായ അജയൻ ജീവിത കഥയിൽ വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്. പെരുന്തച്ചനു ശേഷം എം ടിയുടെ മാണിക്യക്കല്ല് എന്ന സിനിമ നിർമ്മിക്കാമെന്ന് ഗുഡ് നൈറ്റ് മോഹൻ സമ്മതിക്കുകയും പിന്നീടത് അട്ടിമറിക്കുകയും ചെയ്തതോടെയാണ് അജയന്റെ ജീവിതം കീഴ്‌മേൽ മറിഞ്ഞത്. അജയന്റെ സ്വപ്ന പദ്ധതിയായിരുന്നു മാണിക്യക്കല്ല് - പെരുന്തച്ചന് മുന്നേ എം ടി തിരക്കഥ എഴുതിക്കൊടുത്തത് മാണിക്യക്കല്ലായിരുന്നു. പക്ഷേ, ആദ്യം ചെയ്തത് പെരുന്തച്ചനും.

മാണിക്യക്കല്ലിന്റെ സാങ്കേതിക വശങ്ങളെപ്പറ്റിയും ഗ്രാഫിക്‌സിനെക്കുറിച്ചും പഠിക്കാൻ നിർമ്മാതാവ് മോഹനും ക്യാമറമാൻ മധു അമ്പാട്ടുമൊത്ത് അമേരിക്കയിലേക്ക് പോകാൻ ബോംബെയിലെത്തുന്നു. അജയനും കൂട്ടരും താമസിക്കുന്ന ഹോട്ടൽ മുറിയിൽ മോഹനുമൊത്ത് സംവിധായകൻ പ്രിയദർശനുമെത്തുന്നു. അന്നു തന്നെ ലോസാഞ്ചൽസിലേക്ക് യാത്ര തിരിക്കുന്നു. അവിടെ, അമേരിക്കയിൽ എത്തിക്കഴിഞ്ഞതോടെ മാണിക്യക്കല്ലിന്റെ കഷ്ടകാലം തുടങ്ങുന്നു.

- നേരത്തെ തയ്യാറാക്കി നിർമ്മാതാവിനെ ഏൽപ്പിച്ച വർക്കിങ് സ്‌ക്രിപ്റ്റ് അദ്ദേഹം കൊണ്ടുവന്നില്ല. മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിൽ ചെയ്യാനാണ് മോഹൻ സമ്മതിച്ചത്. സൂപ്പർ സ്റ്റാറുകളെ വെച്ച് പടം ചെയ്യണമെന്ന നിർദ്ദേശം നിർമ്മാതാവ് മുന്നോട്ട് വെക്കുന്നു - കുട്ടികൾ പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രത്തിൽ സൂപ്പർ സ്റ്റാറുകൾക്ക് സ്ഥാനമില്ലെന്ന് അജയൻ പറഞ്ഞതോടെ അവർ തമ്മിൽ തെറ്റുന്നു - മലയാളത്തിൽ മോഹൻലാലും , ഹിന്ദിയിൽ സൽമാൻ ഖാനും വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം - മാനസികമായ അകൽച്ചയോടെ അമേരിക്കയിൽ നിന്ന് മടങ്ങുന്നു. പിന്നീടാണ് കളികൾ, ചതികൾ ഒക്കെ ആരംഭിക്കുന്നത്-

'ഒരു ദിവസം മോഹനന്റെ തിരുവനന്തപുരത്തുള്ള ഓഫീസിൽ നിന്നൊരാൾ എന്നെ കാണാൻ വന്നു. എന്തോ ഒരു പേപ്പർ ഒപ്പിടിക്കാനാണ് അയാൾ വന്നത്. മാണിക്യക്കല്ലിന്റെ മലയാളത്തിലുള്ള അവകാശം ( Right) കൈമാറ്റം (Transfer) ചെയ്യാനുള്ള പേപ്പറായിരുന്നു. അതോടെ മാണിക്യക്കല്ലിന് എന്താണ് സംഭവിച്ചിരിക്കുന്നത് എന്നെനിക്ക് മനസിലായി. മാണിക്യക്കല്ല് ഡയറക്ട ചെയ്യുന്നത് ഞാനാണ് എന്നൊരു സൂചന അതിൽ ഒരിടത്തുമില്ല. ഞാൻ അതിൽ ഒപ്പിടാതെ തിരിച്ചയച്ചു. '

മാണിക്യക്കല്ല് പ്രിയദർശൻ സംവിധാനം ചെയ്യുമെന്നൊക്കെ അക്കാലത്ത് വാർത്തകൾ പ്രചരിച്ചിരുന്നു. അതോടെ അജയൻ മാനസികമായി തകർന്നു - തന്നിലേക്ക് ഉൾവലിഞ്ഞു. മദ്യപാനവും രോഗവും പീഡകളുമായി ഒതുങ്ങിക്കുടി. പെരുന്തച്ചൻ എന്ന ലക്ഷണമൊത്ത ചിത്രം സംവിധാനം ചെയ്ത പ്രതിഭാശാലിയാണ് ഇവ്വിധം എരിഞ്ഞടങ്ങിയത്. മാണിക്യക്കല്ലിന്റെ ഒറിജിനൽ സ്‌ക്രിപ്റ്റ് മടക്കിക്കൊടുക്കാതെ, താൻ അറിയാതെ മറ്റ് ഭാഷകളിലേക്കുള്ള അവകാശം പോലും തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും അജയൻ എഴുതിയിട്ടുണ്ട്. സ്വപ്നങ്ങൾ തകർന്നു പോയ നിസ്സഹായനായ ഒരു മനുഷ്യൻ മെഴുകുതിരി പോലെ എരിഞ്ഞു തീർന്നു പോയതിന്റെ നേർ സാക്ഷ്യമാണി പുസ്തകം.

നട്ടെല്ല് വളയ്ക്കാനും നിലപാട് പണയം വെയ്ക്കാനും ആവതില്ലാതാവുന്ന ഏതൊരാൾക്കും സംഭവിക്കുന്ന ദുരന്തമാണ് അജയനും സംഭവിച്ചത്. അജയന്റ ഹൈസ്‌ക്കൂൾ കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ച് സയൻസ് പഠിപ്പിച്ച വർഗീസ് മാത്യു എന്ന അദ്ധ്യാപകനെ ക്കുറിച്ച് ആരാധനയോടെ എഴുതിയിട്ടുണ്ട് - 'ജീവിതത്തിൽ എന്തെങ്കിലും ചിട്ടകൾ പഠിച്ചിട്ടുണ്ടെങ്കിൽ അത് വർഗീസ് മാത്യു സാറിൽ നിന്ന് പഠിച്ചതാണെന്നാണ് അജയന്റെ പക്ഷം. തോപ്പിൽ ഭാസിയുടെ ആവശ്യപ്രകാരമാണ് അദ്ദേഹം വീട്ടിൽ താമസിച്ച് അജയനെ സയൻസ് പഠിപ്പിച്ചത്. (വർഗീസ് മാത്യു എന്റെ അമ്മയുടെ സഹോദരനാണ്)

അജയനെന്ന പ്രതിഭയെ തകർത്ത് തരിപ്പണമാക്കിയ നിർമ്മാതാവും സംവിധായകനുമൊക്കെ എന്നെങ്കിലും കാലത്തിന്റെ വിചാരണ നേരിടുമായിരിക്കും. ഹൃദയഹാരിയായ ഭാഷയിൽ തന്റെ പ്രണയത്തെപ്പറ്റി അജയൻ വർണിച്ചിരിക്കുന്നതും ഈ ആത്മകഥയുടെ പ്രത്യേകതയാണ്. ഒരു പാട് സ്വപ്നങ്ങൾ നെയ്ത് കുട്ടിയ നെയ്ത്തുകാരന്റെ ജീവിതമാണ് കുറെപ്പേർ ചേർന്ന് തച്ചുടച്ചത്.
അതേ, ശ്രീകുമാരൻ തമ്പി എഴുതിയ പോലെ - നാമിതുവരെ വായിച്ചിട്ടുള്ള ആത്മകഥകളിൽ നിന്നെല്ലാം വ്യത്യസ്തമാണിത്.