അമ്പലപ്പുഴ : സിപിഎമ്മുകാരനും സിപിഐക്കാരനും വിവാഹ ജീവിതത്തിലേക്ക് കടന്നു. അതും കമ്യൂണിസത്തിന്റെ ഈറ്റില്ലമായിരുന്ന ആലപ്പുഴയിലെ അമ്പലപ്പുഴയുടെ മണ്ണിൽ. ഈ വിവാഹം സിപിഎം ആഘോഷമാക്കി. എന്നാൽ സിപിഐക്കാർ വന്നതുമില്ല. കാരണം സിപിഐക്കാരെ ആരും കല്യാണത്തിന് വിളിച്ചില്ലത്രേ. അങ്ങനെ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭരണപക്ഷത്തെ തർക്കത്തിന് പുതിയ മാനം നൽകുകയാണ് ഈ വിവാഹം.

സിപിഐയുടെ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗത്തിനു വരനായി സിപിഎമ്മിന്റെ ഗ്രാമപഞ്ചായത്തംഗം എത്തുകയായിരുന്നു. അമ്പലപ്പുഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം പി.അഞ്ജുവും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് അംഗം എ.അജീഷും തമ്മിലുള്ള വിവാഹമാണ് ഇന്നലെ സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിൽ നടന്നത്. പ്രണയമാണ് വിവാഹത്തിലെത്തിയത്. രണ്ടും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കൾ.

ലളിതമായ ചടങ്ങിൽ ഇരുവർക്കും തുളസിമാല എടുത്തു നൽകി സിപിഎം ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ മുഖ്യ കാർമികനായി. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം നടത്താൻ സിപിഎം ഏരിയ കമ്മിറ്റി മുൻകയ്യെടുക്കുകയായിരുന്നു. ചുവപ്പു കരയുള്ള മുണ്ടും നേര്യതും ചുവപ്പു ബ്ലൗസുമായിരുന്നു വധുവിന്റെ വേഷം. വരൻ ചുവപ്പ് കരയുള്ള മുണ്ടും ചുവപ്പു ഷർട്ടും അണിഞ്ഞെത്തി. അങ്ങനെ വസ്ത്രത്തിലും കമ്മ്യൂണിസ്റ്റ് ചുവപ്പ് നിറഞ്ഞ വിവാഹം.

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട മുരിങ്ങനാട്ട് വീട്ടിൽ അശോകന്റെയും പരേതയായ സുഷമയുടെയും മകനായ അജീഷ് സിപിഎം ആമയിട ബ്രാഞ്ച് അംഗമാണ്. സിപിഐ പഴയങ്ങാടി ബ്രാഞ്ച് അംഗമായ അഞ്ജു പുറക്കാട് പൊക്കപ്പുറത്ത് ഫൽഗുനന്റെയും ഉമയമ്മയുടെയും മകളാണ്. അജീഷിന്റെ പിതാവും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തെങ്കിലും അഞ്ജുവിന്റെ കുടുംബം ചടങ്ങിനെത്തിയില്ല.

എച്ച്.സലാം എംഎൽഎ, മറ്റു ജനപ്രതിനിധികൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസയുമായെത്തി. ലളിതമായ സൽക്കാരവും നടന്നു. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന വിവാഹച്ചടങ്ങിൽ നിന്ന് സിപിഐ നേതാക്കളും ജനപ്രതിനിധികളും വിട്ടു നിന്നു. ക്ഷണിക്കാത്തതിനാലാണ് അഞ്ജുവിന്റെ വിവാഹത്തിൽ സിപിഐ പ്രതിനിധികൾ പങ്കെടുക്കാത്തതെന്നു സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ പറഞ്ഞു.