തിരുവനന്തപുരം: ജീവിതത്തിലെ കറുത്ത അധ്യായങ്ങൾക്ക് വിട നൽകി കൂടുതൽ മനോഹരമായ സ്വപ്‌നങ്ങളുമായി സിപിഒ അജേഷ് പോൾ തിരികെ ജീവിതത്തിലേക്ക്.അജേഷിന്റെ ആരോഗ്യനിലയും വിവരങ്ങളും അറിയുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വീട്ടിലെത്തി സന്ദർശിച്ചു.മന്ത്രി വീട്ടിലേക്കെത്തിയപ്പോൾ അജീഷ് മുറ്റത്തിറങ്ങി വന്ന് സ്വീകരിക്കുകയും മന്ത്രിക്ക് മുന്നിൽ സിവിൽ പൊലീസ് ഓഫീസറുടെ ഉത്തരവാദിത്വത്തോടെ അറ്റൻഷനാവുകയും ചെയ്തു. തുടർന്ന് ഗൃഹനാഥന്റെ റോളിൽ മന്ത്രിയെ വീട്ടിലേക്ക് സ്വീകരിച്ചു. ആശുപത്രി വിട്ടതിന് ശേഷം അജീഷ് ഇപ്പോൾ ആലക്കോട് ചെലവിലുള്ള വീട്ടിൽ വിശ്രമത്തിലാണ്.

പരിക്കേറ്റതിനെക്കുറിച്ചും നിലവിലെ ചികിത്സയെക്കുറിച്ചും അജീഷും വീട്ടുകാരും മന്ത്രിയോട് വിവരിച്ചു.മുടങ്ങാതെയുള്ള ചികിത്സയുടെ ഭാഗമായി ഇപ്പോൾ സംസാര ശേഷിയിലും ഓർത്തെടുക്കാനുള്ള കഴിവിലും കാര്യമായ പുരോഗതിയുണ്ട്. സഹപ്രവർത്തകരോടും മറ്റും ഫോണിൽ അജീഷ് സംസാരിക്കുന്നുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. എത്രയും വേഗം ജോലിയിൽ പ്രവേശിക്കാമെന്ന വിശ്വാസത്തിലാണ് അജീഷും കുടുംബവും.വിവരങ്ങൾ വിശദമായ ചോദിച്ചറിഞ്ഞ മന്ത്രി എത്രയും വേഗം സുഖമായി ജോലിയിൽ പ്രവേശിക്കാനാവട്ടെയെന്നു ആശംസിക്കുകയും സർക്കാർ ഒപ്പമുണ്ടെന്നു അജീഷിന് ഉറപ്പ് നൽകുകയും ചെയ്തു.

മാസ്‌ക്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മറയൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അജീഷ് പോളിനെയുവാവ് തലക്ക് കല്ലുകൊണ്ടു അക്രമിച്ചത്.ജൂൺ ഒന്നിനാണ് ഡ്യൂട്ടിക്കിടെ അജീഷ് പോളിന് കല്ലു കൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് കോവിൽക്കടവ് സ്വദേശി സുലൈമാൻ എസ്എച്ച്ഒ രതീഷ് ജിഎസിനെയും അജീഷിനെയും മർദ്ദിച്ചത്. ഉടൻ തന്നെ സഹപ്രവർത്തകർ അജിഷീനെ ആലുവ രാജഗിരി ആശുപത്രിയിൽഎത്തിച്ചെങ്കിലും സംസാരശേഷിയും വലതു കയ്യുടെയും കാലിന്റെയും ചലന ശേഷിയും നഷ്ടപ്പെട്ട നിലയിലായിരുന്നു.

അജീഷിന്റെ ജീവൻ നിലനിർത്തുക എന്നതായിരുന്നു ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം നേരിട്ട ആദ്യ വെല്ലുവിളി. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അജീഷ് പോളിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ആക്രമണത്തെ തുടർന്ന് അജീഷിന്റെ തലയോട്ടി തകർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു.തലച്ചോറിന്റെ ഇടതു ഭാഗത്ത് സംസാരശേഷിയെ നിയന്ത്രിക്കുന്ന കേന്ദ്രമാണ് തകർക്കപ്പെട്ടത്. അതുകൊണ്ടു തന്നെ സംസാര ശേഷി തിരിച്ചു ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ഡോക്ടർമാർ. എന്നാൽ വിദഗ്ധ ചികിത്സ അദ്ദേഹത്തെ ജീവിതത്തിലേയ്ക്കു തിരിച്ചെത്തിച്ചു. സംസാര ശേഷിയും ഏറെക്കുറെ വീണ്ടെടുത്തു.

എന്നാൽ തലയോട്ടിയുടെ ഒരു ഭാഗം നിലവിൽ വയറിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടു മാസത്തിനകം മറ്റു ചികിത്സകൾ വിജയം കണ്ടാൽ തലയോട്ടി പുനഃസ്ഥാപിക്കാനാകുമെന്നാണ് ഡോക്ടർ പറയുന്നത്.കഴിഞ്ഞ ജൂൺ 24 നാണ് അജേഷ് ആശുപത്രി വിട്ടത്.ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ ഫലമായി സംസാരശേഷിയും കൈകാലുകളുടെ ചലന ശേഷിയും ഒരു പരിധി വരെ തിരിച്ചു കിട്ടി. ആറ് മാസം കൂടിയെങ്കിലും ഇദ്ദേഹത്തിന് സ്പീച്ച് തെറാപ്പി ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരിക്കുന്നത്.