വാഗ: ബിഎസ്എഫ് സൈനികർക്കൊപ്പം കൈയിൽ ദേശീയപതാകയുമേന്തി ചലച്ചിത്ര താരം അജിത്ത്. രാജ്യത്തിനകത്തു തന്നെയുള്ള ബൈക്ക് യാത്രയിലാണ് അദ്ദേഹം വാഗ അതിർത്തിയിൽ എത്തിയത്. ചിത്രങ്ങൾ ട്വിറ്ററിൽ വൈറൽ ആയിട്ടുണ്ട്. ഒപ്പം ലഘു വീഡിയോകളുമുണ്ട്. കഴിഞ്ഞ ദിവസം ആഗ്രയിലെത്തിയ അദ്ദേഹം ചൊവ്വാഴാചയാണ് വാഗയിലെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ എത്തിയത്.

 

തന്റെ ബിഎംഡബ്ല്യു ബൈക്കിൽ ഒരു ലോകപര്യടനത്തിനുള്ള ഒരുക്കത്തിലാണ് സൂപ്പർ താരം. ഇതിന്റെ ഭാഗമായി പ്രശസ്ത വനിമാ ബൈക്കർ മാരൽ യസർലൂവുമായി റഷ്യയിൽ വച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

പുതിയ ചിത്രം 'വലിമൈ'യുടെ വ്യത്യസ്ത ഷെഡ്യൂളുകൾക്കിടെ തന്റെ പ്രിയപ്പെട്ട ബിഎംഡബ്ല്യു ആർ 1200 ജിഎസിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചിരുന്നു. ഇപ്പോഴിതാ റഷ്യയിൽ വലിമൈ പാക്കപ്പ് ആയതിനു ശേഷവും അദ്ദേഹം സഞ്ചാരം തുടരുകയാണ്. റഷ്യയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തിയ അജിത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയാണ്.

അതേസമയം അജിത്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'വലിമൈ' 2022 പൊങ്കൽ റിലീസ് ആയാണ് എത്തുക. 'നേർകൊണ്ട പാർവൈ'ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് 'വലിമൈ'. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറിൽ അജിത്ത് കുമാർ ഒരു പൊലീസ് വേഷത്തിലാണ് എത്തുന്നത്. 'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ഒരു ചിത്രം ഇപ്പോഴാണ്. കാർക്കശ്യക്കാരനായ ഒരു പൊലീസ് ഓഫീസറാണ് അജിത്തിന്റെ കഥാപാത്രം. ടൈറ്റിൽ റോളിലാണ് 'തല' എത്തുക.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാർത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലർ എന്നു കരുതപ്പെടുന്ന ചിത്രത്തിൽ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാർ. കാർത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാർ, സുമിത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബേവ്യൂ പ്രോജക്റ്റ്‌സ് എൽഎൽപിയുടെ ബാനറിൽ ബോണി കപൂറും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. നീരവ് ഷാ ഛായാഗ്രഹണവും യുവൻ ശങ്കർ രാജ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.