പാലക്കാട്: തന്റെ ഭാര്യ പികെ ജമീല മത്സരിക്കുമെന്ന വാർത്തകൾ അസംബന്ധമെന്ന് മന്ത്രി കൂടിയായ എകെ ബാലൻ. ഇന്നലെ തരൂർ സീറ്റിൽ ബാലന്റെ ഭാര്യ പിന്തുടർച്ചാവകാശവുമായി സിപിഎം സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ എത്തിയിരുന്നു. ഇത് നിഷേധിക്കുകയാണ് ബാലൻ. എന്നാൽ ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ജമീലയ്ക്ക് സിപിഎമ്മുമായുള്ളത് പൊക്കിൾകൊടി ബന്ധമാണ്. കോളേജ് കാലത്തെ പ്രണയമാണ് ബാലന്റേയും ജമീലയുടേയും കുടുംബ ജീവിതത്തിലേക്ക് എത്തിയത്. മുന്മന്ത്രി ശിവദാസൻ മോനോന്റെ ഇടപെടലായിരുന്നു ഇതിന് വഴിയൊരുക്കിയതും. എന്നാൽ ഭർത്താവിന്റെ പാരമ്പര്യത്തിന് അപ്പുറത്തേക്ക് ജമീലയ്ക്ക് പാർട്ടി പാരമ്പര്യം ഉണ്ടെന്നതാണ് വസ്തുത. മൂന്ന് തവണ എംഎൽഎയും ഒരിക്കൽ രാജ്യസഭാ അംഗവുമായിരുന്ന പികെ കുഞ്ഞച്ചന്റെ മകളാണ് ജമീല. പാർട്ടിക്ക് വേണ്ടി ജീവിച്ച കുടുംബമാണ് കുഞ്ഞച്ചന്റേത്.

ഒന്നും, രണ്ടും കേരളനിയമസഭകളിൽ മാവേലിക്കര നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ പന്തളം നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.കെ. കുഞ്ഞച്ചൻ. ആദ്യ രണ്ട് സഭയിലും സിപിഐ നേതാവ്. സിപിഐ.എം. പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നാം കേരള നിയമസഭയിലേക്കെത്തിയത്. 1954-1956 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു. 1973-79 വരേയും 188-91 വരേയും രാജ്യസഭയിലും കുഞ്ഞച്ചൻ അംഗമായിരുന്നു.

പാർട്ടി പിളർപ്പിൽ സിപിഎമ്മിനൊപ്പം നിന്ന നേതാവ്. സിപിഐ.എം.ന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗം, കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന ഭവനവികസന കോർപ്പറേഷൻ അംഗം, അഖിലേന്ത്യാ കർഷകതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും കുഞ്ഞച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന കുഞ്ഞച്ചൻ കരസേനയിൽ ഒരു ക്ലാർക്കായും സേവനമനുഷ്ഠിച്ചിരുന്നു. ഇതിനു ശേഷമാണ് ഇദ്ദേഹം സിപിഐ.യിൽ അംഗത്വമെടുത്തത്. ഇങ്ങനെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ച കുഞ്ഞച്ചന്റെ മകളാണ് ജമീല.

കമ്മ്യൂണിസ്റ്റ് പാർട്ടിയേ കെട്ടിപ്പടുക്കുന്നതിലും കർഷക തൊഴിലാളികളെ ഒന്നിപ്പിക്കുന്നതിലും പി.കെ.കുഞ്ഞച്ചൻ നടത്തിയ പോരാട്ടങ്ങൾ ഏറെ വലുതാണ്. കുഞ്ഞച്ചൻ 91ലും ഭാര്യ ഭാസുരദേവി 94ലും അന്തരിച്ചു. ചെങ്ങന്നൂരിലെ പുരാതന നായർ കുടുംബാംഗമായിരുന്ന ഭാസുരദേവി പട്ടികവിഭാഗക്കാരനായ കുഞ്ഞച്ചനൊപ്പം ജീവിക്കാനായി വീടു വിട്ടതിന്റെ പ്രണയകഥയും കേരളം അത്ഭുതത്തോടെ കേട്ട ജീവിത കഥയാണ്. 1957ൽ വിവാഹിതരാകുംമുമ്പ് ദുരഭിമാനത്തിന്റെ ലോകം എത്രമേൽ ഭീതിജനകമാണെന്ന് തിരിച്ചറിഞ്ഞ ദമ്പതികൾ. പി കെ കുഞ്ഞച്ചൻ 'മഹിളാ സംഘടന' ഉണ്ടാക്കി സ്ത്രീകളെ രംഗത്തു കൊണ്ടുവരാൻ നിയോഗിക്കപ്പെട്ടു.

ചെങ്ങന്നൂരിൽ മഹിളാ സംഘത്തിന്റെ സെക്രട്ടറിയായിരുന്ന ഭാസുരാദേവിയുടെ കവിതകൾ പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്ത അദ്ദേഹം അവരോട് പ്രണയം തുറന്നു പറഞ്ഞു. ''ഞാനൊരു മുഴുവൻ സമയ പാർട്ടി പ്രവർത്തകനാണ്. ചിലപ്പോഴൊക്കെ ജയിലിൽ പോകേണ്ടിവരും. ഈ ബന്ധം നാട്ടിലാരും അംഗീകരിക്കില്ല. പ്രധാന കാരണം ഞാനൊരു പട്ടിക ജാതിക്കാരനാണ്. സാംബവനാണ്.''. പക്ഷേ ഈ വാക്കുകളിൽ ജീവിതം തുടങ്ങി.

ആറു പതിറ്റാണ്ട് മുമ്പ് ഒരു സാംബ-വനായർ വിവാഹത്തെ സമൂഹം എതിർക്കുമോ എന്ന ഭയത്തെ രാഷ്ട്രീയമായാണ് അവർ മറികടന്നത്. തൊഴിലാളി പ്രസ്ഥാനം കൂടെയുള്ളപ്പോൾ ഭയം അഭയമായി മാറുകയായിരുന്നു. ഇതെല്ലാം 'പി കെ കുഞ്ഞച്ചൻ: ഭാസുര ഓർമകൾ.'' ജിവ ചരിത്രത്തിൽ വിശദീകരിക്കുന്നുണ്ട്. തേഡ് ഫോറത്തിൽ പഠിക്കുമ്പോൾ കണക്ക് മനസ്സിലായില്ല; ഒന്നുകൂടെ പറഞ്ഞു തരണമെന്ന് പറഞ്ഞതിന് ശരീരം തല്ലിപ്പൊട്ടിച്ച അദ്ധ്യാപകനെക്കുറിച്ച് പറയുന്നുണ്ട്. ''ഇരിക്കെടാ അഹങ്കാരി! ചോദിക്കാൻ നിനക്കെന്തവകാശം'' എന്ന് അദ്ധ്യാപകൻ. 'സംശയം തീരുംവരെ ഞാനിരിക്കില്ല' എന്ന് ധീരതയോടെ കുഞ്ഞച്ചൻ-അങ്ങനെ ധീരതയോടെ മുന്നേറിയ കമ്മ്യൂണിസ്റ്റ് നേതാവ് കുഞ്ഞച്ചൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്ന കാലവും ട്രാൻസ്പോർട്ട് കണ്ടക്ടറായി സേവനം അനുഷ്ഠിച്ച കാലവും ജയിൽ ജീവിതവും എല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.

ജീവചരിത്ര പുസ്തകത്തിൽ ഒരു വിപ്ലവകാരിയുടെ പിറവി എന്ന അധ്യായത്തിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞ കാലം വിവരിക്കുന്നു. ജയിലിന്റെ പട്ടിക ഇളക്കി ജയിലിനുള്ളിൽ വെള്ളത്തുണിയിൽ ചുവന്ന ചായം മുക്കിയ കൊടി നാട്ടി. തുടർന്ന് ക്രൂരമർദനം. എല്ലാവരും ചിതറിയോടി. കൊടികെട്ടിയ മുറിയിൽ മുഹമ്മ അയ്യപ്പനും കുഞ്ഞച്ചനും മാത്രം. ഇരുവരും തല്ലുകൊണ്ടു വീണു. മരിച്ചെന്നു കരുതി പൊലീസ് ഉപേക്ഷിച്ചു. പിന്നെ ഇ ബാലാനന്ദനെയും മർദിച്ച് അവശനാക്കി ആ മുറിക്കുള്ളിലേക്ക് കൊണ്ടുവന്നുഅങ്ങനെ പോകുന്നു ആ വിപ്ലവ ജീവിതം. ഇതെല്ലാം കണ്ടും കേട്ടുമാണ് ജമീലയും വളർന്നത്. കോളേജ് പഠന കാലത്ത് പ്രണയം തുടങ്ങി. സിപിഎം നേതാവായ ശിവദാസ മേനോൻ മുൻകൈയെടുത്ത് വിവാഹം നടത്തി. ആരോഗ്യ വകുപ്പിൽ ഡയറക്ടറായി വിരമിച്ചു. ഇപ്പോൾ ആർദ്രം മിഷനിലെ ചുമതലയും. അങ്ങനെ കമ്യൂണിസ്റ്റുകാർക്ക് ഏറ്റവും വിശ്വാസമുള്ള കുടുംബത്തിലെ പെൺ കരുത്താണ് ജമീലയും.

ആരോഗ്യ വകുപ്പിന്റെ പദ്ധതിയായ 'ആർദ്രം മിഷന്റെ' മാനേജ്‌മെന്റ് കൺസൽറ്റന്റായി മന്ത്രി എ.കെ. ബാലന്റെ ഭാര്യയും മുൻ ആരോഗ്യ വകുപ്പ് ഡയറക്ടറുമായ ഡോ.പി.കെ. ജമീലയെ നിയമിച്ചത് വിവാദത്തിലായിരുന്നു.ഇതേ സ്ഥാനത്തേക്കായി മൂന്നു പേർ അപേക്ഷിച്ചിരുന്നെങ്കിലും പി.കെ. ജമീല മാത്രമേ അഭിമുഖത്തിൽ പങ്കെടുത്തുള്ളൂ. അഭിമുഖം നടക്കുന്ന ഹാളിൽ മറ്റൊരു അപേക്ഷകൻ കൂടി ഉണ്ടായിരുന്നെങ്കിലും മന്ത്രിയുടെ ഭാര്യ എത്തിയതറിഞ്ഞ് അദ്ദേഹം മടങ്ങുകയായിരുന്നു എന്നാണു വിവരം. ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് മാനേജ്‌മെന്റ് കൺസൽറ്റന്റിന്റെ ചുമതല. എന്നാൽ ജമീലയുടെ യോഗ്യതകളിൽ പ്രതിപക്ഷത്തിന് പോലും സംശയമുണ്ടായില്ല.