കണ്ണൂർ: സ്വർണക്കള്ളക്കടത്തിൽ കർശന നിലപാടുമായി രംഗത്തെത്തിയ ഡിവൈഎഫ്‌ഐയെ പരസ്യമായി  വെല്ലുവിളിച്ച സംഭവം മുമ്പ് കൂത്തുപറമ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു ഈ പ്രചരണം. ഇതിനിടെയാണ് വൈദ്യുത ബന്ധം വിച്ഛേദിച്ചത്. ഇത് പാർട്ടിയിൽ ചർച്ചയാവുകയും ചെയ്തു. അതിന് ശേഷം തെരഞ്ഞെടുപ്പ് എത്തി. ഇതോടെ ഇതെല്ലാം എല്ലാവരും മറന്നു. അകാശ് തില്ലങ്കേരിയും ശിഷ്യന്മാരും പ്രചരണത്തിൽ സജീവമായി. എല്ലായിടത്തും സിപിഎം ജയിക്കുകയും ചെയ്തു.

ക്വട്ടേഷൻ, കള്ളക്കടത്ത് സംഘങ്ങൾക്ക് എതിരേ ഡിവൈഎഫ്ഐ. നടത്തിയ പ്രചാരണജാഥയ്ക്കിടെ ക്വട്ടേഷൻ സംഘം വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. മൊബൈൽ ഫോൺ വെളിച്ചത്തിലാണ് തുടർന്ന് അന്ന് നേതാക്കൾക്ക് സംസാരിക്കേണ്ടി വന്നത്. ഫെബ്രുവരിയിലാണ് ഇത്തരത്തിൽ ജാഥകൾ നടത്തിയത്. അന്ന് ആകാശ് തില്ലങ്കേരിയ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയും പാർട്ടിയുടെ സൈബർ പോരാളികളിലെ മുൻനിരക്കാരനുമായ ആകാശ് തില്ലങ്കേരിയുമായി സിപിഎമ്മിന് ഒരു ബന്ധവും ഉണ്ടാകില്ലെന്ന സന്ദേശം നൽകാനായിരുന്നു ഇത്തരത്തിൽ ജാഥകൾ നടത്തിയത്. നേരത്തെ ഷുഹൈബ് വധക്കേസ് നടന്നപ്പോഴും അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാട് പ്രഖ്യാപിച്ച് ആകാശിനെ പുറത്താക്കിയിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ ആകാശ് വീണ്ടും സിപിഎം ഗ്രൂപ്പുകളിൽ സജീവമായി. എന്നാൽ ആകാശിന്റെ ഇടപെടൽ പാർട്ടിക്ക് ഭീഷണിയായി മാറുന്നുവെന്ന തിരിച്ചറിവിലായിരുന്നു 2021ലെ നടപടി. പാർട്ടിക്കു പുറമെ സ്വന്തമായി ക്വട്ടേഷൻ ടീം വളർത്തിയെടുത്തുന്നു എന്നതായിരുന്നു അന്ന് ആകാശിന് മേൽ പാർട്ടി ചുമത്തിയ കുറ്റം.

ഷൂഹൈബ് വധക്കേസിൽ പ്രതിസ്ഥാനത്ത് വന്നപ്പോൾ സിപിഎമ്മിൽ നിന്ന് പുറത്താക്കിയെന്ന് പേരിന് പ്രചരണം ഉണ്ടായിരുന്നെങ്കിലും ഡിവൈഎഫ്ഐയിൽ ഉൾപ്പടെ ആകാശ് സജീവ സാന്നിദ്ധ്യമായിരുന്നു. എന്നാൽ മട്ടന്നൂരിലെ ഇടപെടുലുകൽ പാർട്ടി ഗൗരവത്തോടെ എടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തിൽ ഇടപെട്ടു. ഇതോടെയാണ് ആകാശ് തില്ലങ്കേരി പുറത്താകുന്നത്. പാർട്ടിയുടെ പുതിയ നയരൂപീകരണത്തിന്റെ ഭാഗമായാണ് വിശ്വസ്തനെ തന്നെ എല്ലാ അംഗത്വത്തിൽ നിന്നും ആദ്യം പുറത്താക്കിയിരിക്കുന്നത്. മട്ടന്നൂർ എയർപോർട്ട് കേന്ദ്രീകരിച്ച് സകലവിധ ക്വട്ടേഷൻ ജോലികളും പാർട്ടിക്കതീതമായി ആകാശ് നടത്തിയിരുന്നുവെന്നും ഇതുവഴി ലക്ഷങ്ങൾ മാസവരുമാനം ഉണ്ടാക്കിയെന്നുമാണ് പാർട്ടിക്ക് ലഭിച്ച വിവരം. കൃത്യമായ പ്ലാനിങ്ങ് പാർട്ടി ഇതിനായി നടത്തിയിരുന്നു എന്നാണ് സൂചനകൾ.

ഈ സാഹചര്യത്തിലാണ് കണ്ണൂർ ജില്ലയിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ അക്രമത്തിനെതിരായി നടത്തിയ ജാഥകൾ ആകാശിനെക്കുറിച്ച് വ്യക്തമായ ധാരണ അണികൾക്കു നൽകാനായിരുന്നു. അക്രമരഹിത ആകാശുമാർ രഹിത പാർട്ടിയാണ് വരും നാളുകളിൽ ഈ ജാഥയിൽ ഉയർത്തിയ മുദ്രാവാക്യം. ഇത്തരത്തിലൊരു ജാഥയെയാണ് ഇരുട്ടിലാക്കിയത്. വൈദ്യുത ബോർഡിന്റെ അനുമതിയില്ലാതെ ഫീസ് ഊരുന്നത് കുറ്റമാണ്. എന്നാൽ ഇതിനെതിരെ അന്ന് പാർട്ടി പരാതിയൊന്നും ആർക്കും നൽകിയില്ല. പൊലീസ് അന്വേഷണവും നടന്നില്ല.

കണ്ണൂർ, കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ, മട്ടന്നൂർ എന്നീ അഞ്ചുബ്ലോക്കുകളിലാണ് കള്ളപ്പണക്കാർക്കും ക്വട്ടേഷൻ സംഘത്തിനുമെതിരേ ഡിവൈഎഫ്ഐ. പ്രചാരണ ജാഥ നടത്തിയത്. ക്വട്ടേഷൻ സംഘങ്ങളുടെയും കൊള്ളപ്പണക്കാരുടെയും സ്വാധീനമുള്ള പ്രദേശങ്ങൾ തിരഞ്ഞെടുത്തായിരുന്നു പ്രചാരണ ജാഥ സഘടിപ്പിച്ചത്. കൂത്തപറമ്പിലെ ജാഥയുടെ സമാപനത്തിൽ പ്രസംഗിക്കാനായി നേതാക്കളെത്തുമ്പോഴാണ് ക്വട്ടേഷൻ സംഘം ഫ്യൂസ് ഊരി പ്രദേശം മുഴുവൻ ഇരുട്ടിലാക്കിയത്. തുടർന്ന് നേതാക്കൾ കത്തിച്ചുപിടിച്ച മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം നടത്തി.

ഫ്യൂസ് ഊരി പരസ്യമായി തങ്ങളുടെ പ്രതിഷേധം അറിയിച്ച ക്വട്ടേഷൻ സംഘത്തിന് പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നതിനുള്ള സൂചന കൂടിയായിട്ടാണ് സംഭവത്തെ വിലയിരുത്തിയത്. കണ്ണൂരിൽ ഈ സംഘങ്ങൾക്കുള്ള സ്വാധീനശക്തികൂടി വെളിവാക്കുന്നതായിരുന്നു ഫ്യൂസ് ഊരിക്കൊണ്ടുള്ള പ്രതിഷേധം. അതിനെതിരെ പരാതി നൽകാൻ സിപിഎം തയ്യാറാകാത്തതിന് പിന്നിലും തെരഞ്ഞെടുപ്പ് അടുത്തു വരുന്നുവെന്ന നിഗമനത്തിലായിരുന്നു. പി ജയരാജനും ആകാശും തമ്മിലുള്ള ബന്ധം ഷൂഹൈബ് വധക്കേസിൽ തന്നെ പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഷുഹൈബിനെയും കൂടെയുള്ളവരെയും വെട്ടുകയായിരുന്നു ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. ഇതോടെ രക്തം വാർന്നു ഷുഹൈബ് മരിക്കുകയായിരുന്നു. ഈ കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരി, ദീപ് ചന്ദ് എന്നിവരെ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് വീണ്ടും സിപിഎമ്മിന്റെ ഭാഗമായി. ഷുഹൈബ് വധക്കേസ് പ്രതികൾക്ക് ജയിലിൽ സ്‌പെഷൽ പരിഗണനയാണ് ലഭിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ആകാശ് തില്ലങ്കരി ജയിൽ അധികാരിയെപോലെ പെരുമാറുന്നതായി പരാതി ഉയർന്നു. സെൽ പൂട്ടാറില്ല. ആകാശിനെ കൂത്തുപ്പറമ്പ് സ്വദേശിനി മൂന്നു ദിവസത്തിനുള്ളിൽ 12 മണിക്കൂർ സന്ദർശിച്ചതും വിവാദമായി. യുവതിയുമായി സ്വതന്ത്രമായി ഇടപെടാനും സ്വകാര്യസംഭാഷണം നടത്താനും അധികാരികൾ സാഹചര്യമൊരുക്കിയതായും ആക്ഷേപം ഉയർന്നു.

'അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്‌നിക്കുന്നു' എന്നു പേരുള്ള സിപിഎം അനുകൂല സൈബർ സംഘത്തിലെ അംഗമായിരുന്നു അന്ന് ആകാശ്. ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫേസ്‌ബുക് പ്രൊഫൈലിൽ ആകാശ് സ്വയം രേഖപ്പെടുത്തിയിരുുന്നതും. സിപിഎമ്മിനെ ന്യായീകരിച്ചും എതിരാളികളെ രൂക്ഷമായി വിമർശിച്ചും ഫേസ്‌ബുക്കിൽ സജീവമായി ഇടപെടുന്നയാളാണ് ആകാശ്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവരോടുള്ള ആരാധന സ്ഫുരിക്കുന്ന ചിത്രങ്ങളും കമന്റുകളും ആകാശിന്റെ പേജിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ജയരാജൻ എന്നിവരോടൊപ്പമെടുത്ത സെൽഫി ചിത്രങ്ങളും പുറത്തു വന്നിരുന്നു.

2016ൽ തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലും ആകാശ് പ്രതിയായിരുന്നു. വിനീഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാർ തന്നെയെന്നു സിപിഎം പ്രചരിപ്പിച്ചുവെങ്കിലും, ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ വാഹനത്തിനു നേരെ ബോംബേറുണ്ടായതിനു പ്രതികാരമായാണു വിനീഷിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പിന്നീടു കണ്ടെത്തി. 'വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ തില്ലങ്കേരിയിൽ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും പിന്നീടു പുറത്തു വന്നിരുന്നു.

വിമാനത്താവള ജോലികളും ഹോട്ടൽ മാനേജ്‌മെന്റും പരിശീലിപ്പിക്കുന്ന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ കുറച്ചുകാലം ആകാശ് പഠിച്ചിരുന്നു. വിനീഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നാട്ടിലുണ്ടാവാറില്ല. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിൽ ജോലിയെന്നാണു നാട്ടിൽ പറഞ്ഞിരുന്നത്. ഇതിനിടെയാണ് കള്ളക്കടത്തുകാരുമായി അടുക്കുന്നത്. കൊടി സുനിയുമായും വ്യക്തിബന്ധമുണ്ടായിരുന്നു. ആകാശിന്റെ അതിവിശ്വസ്തനാണ് ഇപ്പോൾ സ്വർണ്ണ കടത്തു കേസിൽ പ്രതിയായ അർജുൻ ആയങ്കി.