കണ്ണൂർ: ഷൂഹൈബ് വധക്കേസിലെ ഒന്നാം പ്രതിയും പാർട്ടിയുടെ സൈബർ പോരാളികളിലെ മുൻനിരക്കാരനുമായ ആകാശ് തില്ലങ്കേരിയുമായി സിപിഎമ്മിന് ഒരു ബന്ധവും ഉണ്ടാകില്ല. നേരത്തെ ഷുഹൈബ് വധക്കേസ് നടന്നപ്പോഴും അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാട് പ്രഖ്യാപിച്ച് ആകാശിനെ പുറത്താക്കിയിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ ആകാശ് വീണ്ടും സിപിഎം ഗ്രൂപ്പുകളിൽ സജീവമായി. എന്നാൽ ആകാശിന്റെ ഇടപെടൽ പാർട്ടിക്ക് ഭീഷണിയായി മാറുന്നുവെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ ഒഴിവാക്കൽ.

ആകാശിനെ പുറത്താക്കിക്കൊണ്ടുള്ള ആദ്യ നടപടിയിലുടെ പല പ്രമുഖരെയും പാർട്ടി പിന്നാലെ ലക്ഷ്യം വെക്കുന്നുണ്ടെന്നും വ്യക്തമാണ്. പാർട്ടിക്കു പുറമെ സ്വന്തമായി ക്വട്ടേഷൻ ടീം വളർത്തിയെടുത്തുന്നു എന്നതാണ് ആകാശിന് മേൽ പാർട്ടി ചുമത്തുന്ന കുറ്റം. ഇതിനു പുറമെ മാസം ലക്ഷങ്ങളുടെ വരുമാനവും നടപടിക്ക് കാരണമായി എന്നാണ് വിവരം. ഷൂഹൈബ് വധക്കേസിൽ പ്രതിസ്ഥാനത്ത് വന്നപ്പോൾ സിപിഎമ്മിൽ നിന്ന് പുറത്താക്കിയെന്ന് പേരിന് പ്രചരണം ഉണ്ടായിരുന്നെങ്കിലും ഡിവൈഎഫ്‌ഐയിൽ ഉൾപ്പടെ ആകാശ് സജീവ സാന്നിദ്ധ്യമായിരുന്നു. എന്നാൽ മട്ടന്നൂരിലെ ഇടപെടുലുകൽ പാർട്ടി ഗൗരവത്തോടെ എടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തിൽ ഇടപെട്ടു. ഇതോടെയാണ് ആകാശ് തില്ലങ്കേരി പുറത്താകുന്നത്.

പാർട്ടിയുടെ പുതിയ നയരൂപീകരണത്തിന്റെ ഭാഗമായാണ് വിശ്വസ്തനെ തന്നെ എല്ലാ അംഗത്വത്തിൽ നിന്നും ആദ്യം പുറത്താക്കിയിരിക്കുന്നത്. മട്ടന്നൂർ എയർപോർട്ട് കേന്ദ്രീകരിച്ച് സകലവിധ ക്വട്ടേഷൻ ജോലികളും പാർട്ടിക്കതീതമായി ആകാശ് നടത്തിയിരുന്നുവെന്നും ഇതുവഴി ലക്ഷങ്ങൾ മാസവരുമാനം ഉണ്ടാക്കിയെന്നുമാണ് പാർട്ടിക്ക് ലഭിച്ച വിവരം. കൃത്യമായ പ്ലാനിങ്ങ് പാർട്ടി ഇതിനായി നടത്തിയിരുന്നു എന്നാണ് സൂചനകൾ.കണ്ണൂർ ജില്ലയിൽ സമീപകാലത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ അക്രമത്തിനെതിരായി നടത്തിയ രണ്ട് ജാഥകൾ ആകാശിനെക്കുറിച്ച് വ്യക്തമായ ധാരണ അണികൾക്കു നൽകാനായിരുന്നു. അക്രമരഹിത ആകാശുമാർ രഹിത പാർട്ടിയാണ് വരും നാളുകളിൽ സിപിഎം മുന്നോട്ട് വെക്കുന്ന ആശയം.

തുടക്കത്തിൽ തന്നെ ആകാശിനെപ്പോലെ പാർട്ടിക്കായി സർവ്വവും ത്യജിച്ച ഒരാളെ തെരഞ്ഞെടുത്തതിലുടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കുമുള്ള മുന്നറിയിപ്പായി വേണം കരുതാൻ. പ്രത്യേകിച്ചും പി ജയരാജനെ. ജയരാജനും ആകാശും തമ്മിലുള്ള ബന്ധം ഷൂഹൈബ് വധക്കേസിൽ തന്നെ പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇത്തരത്തിലൊരു അണിയെയാണ് പാർട്ടി മാറ്റി നിർത്തുന്നത്. മട്ടന്നൂരിലെ സൈബർ സഖാക്കളും സിപിഎമ്മിന്റെ നിരീക്ഷണത്തിലാണ്. ഇനി ആകാശ് തില്ലങ്കേരിക്ക് കേസുകളിലും പാർട്ടി സഹായം കിട്ടില്ല.

അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഷുഹൈബിനെയും കൂടെയുള്ളവരെയും വെട്ടുകയായിരുന്നു ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. ഇതോടെ രക്തം വാർന്നു ഷുഹൈബ് മരിക്കുകയായിരുന്നു. ഈ കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരി, ദീപ് ചന്ദ് എന്നിവരെ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് വീണ്ടും സിപിഎമ്മിന്റെ ഭാഗമായി. ഷുഹൈബ് വധക്കേസ് പ്രതികൾക്ക് ജയിലിൽ സ്പെഷൽ പരിഗണനയാണ് ലഭിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ആകാശ് തില്ലങ്കരി ജയിൽ അധികാരിയെപോലെ പെരുമാറുന്നതായി പരാതിയിൽ ഉയർന്നു. സെൽ പൂട്ടാറില്ല. ആകാശിനെ കൂത്തുപ്പറമ്പ് സ്വദേശിനി മൂന്നു ദിവസത്തിനുള്ളിൽ 12 മണിക്കൂർ സന്ദർശിച്ചതും വിവാദമായി. യുവതിയുമായി സ്വതന്ത്രമായി ഇടപെടാനും സ്വകാര്യസംഭാഷണം നടത്താനും അധികാരികൾ സാഹചര്യമൊരുക്കിയതായും പരാതി ഉയർന്നു.

'അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്നിക്കുന്നു' എന്നു പേരുള്ള സിപിഎം അനുകൂല സൈബർ സംഘത്തിലെ അംഗമാണ് ആകാശ്. ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫേസ്‌ബുക് പ്രൊഫൈലിൽ ആകാശ് സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മിനെ ന്യായീകരിച്ചും എതിരാളികളെ രൂക്ഷമായി വിമർശിച്ചും ഫേസ്‌ബുക്കിൽ സജീവമായി ഇടപെടുന്നയാളാണ് ആകാശ്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവരോടുള്ള ആരാധന സ്ഫുരിക്കുന്ന ചിത്രങ്ങളും കമന്റുകളും ആകാശിന്റെ പേജിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ജയരാജൻ എന്നിവരോടൊപ്പമെടുത്ത സെൽഫി ചിത്രങ്ങളും പുറത്തു വന്നിരുന്നു.

2016ൽ തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലും ആകാശ് പ്രതിയായിരുന്നു. വിനീഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാർ തന്നെയെന്നു സിപിഎം പ്രചരിപ്പിച്ചുവെങ്കിലും, ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ വാഹനത്തിനു നേരെ ബോംബേറുണ്ടായതിനു പ്രതികാരമായാണു വിനീഷിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പിന്നീടു കണ്ടെത്തി. 'വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ തില്ലങ്കേരിയിൽ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും പിന്നീടു പുറത്തു വന്നിരുന്നു.

വിമാനത്താവള ജോലികളും ഹോട്ടൽ മാനേജ്മെന്റും പരിശീലിപ്പിക്കുന്ന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ കുറച്ചുകാലം ആകാശ് പഠിച്ചിരുന്നു. വിനീഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നാട്ടിലുണ്ടാവാറില്ല. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിൽ ജോലിയെന്നാണു നാട്ടിൽ പറഞ്ഞിരുന്നത്.