തിരുവനന്തപുരം: ഉത്രയും ഉത്തരയും ഉത്തമയും പിന്നെ ഏകസഹോദരൻ ഉത്രജനും തങ്ങളുടെ സഹോദരി ഉത്രജയുടെ കല്യാണത്തിന്റെ ത്രില്ലിലാണ്. വരൻ സ്ഥലത്തില്ലാത്തതുകൊണ്ട് കഴിഞ്ഞ വർഷം മറ്റ് സഹോദരിമാർക്കൊപ്പം നടക്കാതെ പോയ വിവാഹമാണ് നാളെ നടക്കാൻ പോകുന്നത്.

പത്തനംതിട്ട സ്വദേശി ആകാശാണ് വരൻ. ഞായറാഴ്‌ച്ച രാവിലെ 10 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരാകും. 1995 നവംബർ 19 ന് ഒറ്റപ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളയിൽ പിറന്ന്, പഞ്ചരത്‌നങ്ങൾ എന്ന പേരിൽ വാർത്തയിൽ ഇടം നേടിയ അഞ്ച് സഹോദരരിൽ ഒരാളാണ് ഉത്രജ.

സഹോദരിമാരായ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം കഴിഞ്ഞ വർഷം ഒക്ടോബർ 25 ന് ഗുരുവായൂരിൽ നടന്നിരുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റി വിവാഹിതരാകുന്ന അപൂർവ്വ സഹോദര സംഘത്തിന്റെ വിവാഹം കാണാൻ സിനിമാഷൂട്ടിങ്ങിനെ വെല്ലുന്ന തിരക്കായിരുന്നു. അതുകൊണ്ടുതന്നെ ഈ കോവിഡ് സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി വിവാഹത്തിന് ശേഷമുള്ള സൽക്കാരവും ഒഴിവാക്കിയിട്ടുണ്ട്.

നാല് പെൺകുട്ടികളുടെയും വിവാഹം കഴിഞ്ഞ വർഷം ഏപ്രിൽ മാസം ഒന്നിച്ചു നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും, ലോക്ഡൗണിനെ തുടർന്ന് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഉത്രജയുടെ വരൻ ആകാശിന് കുവൈത്തിൽ നിന്നും നാട്ടിൽ എത്താൻ കഴിയാത്തതിനാൽ അവരുടെ വിവാഹം മാത്രം മാറ്റിവെക്കുകയായിരുന്നു. ആ വിവാഹമാണ് നാളെ നടക്കുക.

തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റേയും രമാദേവിയുടെയും മക്കളായി നാല് പെൺകുഞ്ഞുങ്ങളും, ഒരു ആൺകുഞ്ഞുമാണ് പിറന്നത്. ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാൽ മക്കൾക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിങ്ങനെയാണ് പേരിട്ടത്. വീടിന് പഞ്ചരത്‌നമെന്നാണ് പേര്. കുട്ടികൾക്ക് ഒമ്പത് വയസുള്ളപ്പോൾ അച്ഛൻ പ്രേംകുമാർ മരിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് തികച്ചും ഒറ്റപ്പെട്ടുപോയ കുടുംബത്തെ കൈപിടിച്ചുയർത്തിയത് ഗുരുവായൂരപ്പനായിരുന്നെന്ന് രമാകുമാരിയും മക്കളും വിശ്വസിക്കുന്നു. അതുകൊണ്ടാണ് നാലുമക്കളുടെയും വിവാഹം ഗുരുവായൂരപ്പന്റെ നടയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചതും. ഉത്രജയും ആകാശും എറണാകുളം അമൃതാ ഹോസ്പിറ്റലിൽ സഹപ്രവർത്തകരായിരുന്നു. അവിടെ നിന്നും വളർന്ന പരിചയമാണ് ഒടുവിൽ വിവാഹത്തിലെത്തിയിരിക്കുന്നത്.

പ്രേംകുമാറിന്റെ മരണത്തെതുടർന്ന് ആ കുടുംബത്തെ മലയാളി സമൂഹവും സർക്കാരും ഏറ്റെടുക്കുകയായിരുന്നു. അവരുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും മലയാളി ഏറ്റെടുക്കാറുണ്ട്. അവർ വളർന്നതും, ഒരുമിച്ച് എസ്എസ്എൽഎസി എഴുതിയതും, കന്നിവോട്ട് ചെയ്തതും, പഠനം പൂർത്തിയാക്കി ജോലി നേടിയതും, മൂന്നുപേർ കഴിഞ്ഞ വർഷം ഗുരുവായൂർ നടയിൽ വിവാഹിതരായതുമൊക്കെ മലയാളി സ്നേഹത്തോടെ സന്തോഷത്തോടെ കണ്ടറിഞ്ഞതാണ്.

ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും അവയോടെല്ലാം പൊരുതിയാണ് രമാദേവി അഞ്ചുപേരെയും വളർത്തിയത്. ഇടക്കാലത്ത് രമാദേവിക്ക് ഹൃദ്രോഗത്തിന്റെ രൂപത്തിലും വിധിയൂടെ ക്രൂരത പഞ്ചരത്നത്തിലേക്ക് കടന്നുവന്നു. പെയ്സ്മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. സഹകരണ ബാങ്കിൽ സർക്കാർ നൽകിയ ജോലി മാത്രമായിരുന്നു ആശ്രയം.

പഞ്ചരത്‌നങ്ങളിലെ ഉത്തര കഴിഞ്ഞ മാസം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ധാർമിക് എന്നാണ് കുഞ്ഞിന്റെ പേര്. മറുനാടൻ മലയാളിയിലെ മാധ്യമ പ്രവർത്തകകൂടിയാണ് ഉത്തര.