ന്യൂഡൽഹി: സാമൂഹിക നീതി നടപ്പാക്കുന്നതിനെ ബിജെപി എപ്പോഴും എതിർത്തിട്ടുണ്ടെന്ന് ജാതിസെൻസസിൽ കേന്ദ്രസർക്കാരിനെതിരെ സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. രാജ്യത്ത് ജാതിസെൻസസ് നടത്തുന്നതിനെ ബിജെപി എതിർക്കുകയാണ്. സാമൂഹ്യനീതി നടപ്പാക്കുന്നതിനെ ബിജെപി തുടക്കം മുതൽ എതിർത്തിട്ടുണ്ടെന്നും അഖിലേഷ് വിമർശിച്ചു. ജാതിസെൻസസ് നടത്തുന്നതിൽ ഭരണപരമായ പ്രയാസങ്ങളുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് വിമർശനവുമായി രംഗത്തു വന്നത്.

ദീർഘകാലമായി ഉയരുന്ന ഒബിസി വിഭാഗത്തിന്റെ സെൻസസ് എന്ന ആവശ്യം ബിജെപി സർക്കാർ നിരാകരിക്കുകയാണ്. അതിലൂടെ ജനസംഖ്യാക്രമം അനുസരിച്ച് ഒബിസി വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്ല്യങ്ങൾ നിഷേധിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു. പണത്തിനേയും അധികാരത്തിനേയും മാത്രമാണ് ബിജെപി പിന്തുണക്കുന്നത് . സാമൂഹ്യനീതി നടപ്പാക്കുന്നതിനെ തുടക്കം മുതലേ ബിജെപി എതിർക്കുകയാണ് ചെയ്യുന്നതെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ ബിജെപിക്കെതിരെ ആഞ്ഞടിച്ചു.

അടുത്തവർഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പിൽ ജാതി സെൻസസും പ്രധാനവിഷയമായി ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെയാണ് അഖിലേഷിന്റെ പ്രസ്താവന. ജാതിസെൻസസ് വേണ്ടെന്ന ബിജെപിയുടെ കടുത്ത നിലപാട് യുപി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.