മുംബൈ: നടൻ അക്ഷയ് കുമാറിനടക്കം 'രാം സേതു' സെറ്റിലെ 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം പൂർണമായി നിർത്തിവച്ചു. സെറ്റിലുണ്ടായിരുന്ന എല്ലാവരോടും സമ്പർക്ക വിലക്കിൽ പോകാനും ആവശ്യപ്പെട്ടു.

സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച മുതൽ മുംബൈയിലെ പുതിയ സ്ഥലത്ത് ആരംഭിക്കുന്നതിനു മുന്നോടിയായി കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. പരിശോധനയിലാണ് 100 ആളുകൾ അടങ്ങുന്ന ക്രൂവിൽ 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ അക്ഷയ് ആശുപത്രിയിൽ ചികിത്സ തേടി. 'നിങ്ങളുടെ ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി. ഡോക്ടർമാർ നൽകിയ നിർദ്ദേശം അനുസരിച്ച് മുൻകരുതൽ എന്ന നിലയിൽ ഞാൻ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഉടൻ വീട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു,- അക്ഷയ് കുറിച്ചു.

അയോധ്യയിലാണ് 'രാം സേതു' വിന്റെ ചിത്രീകരണം തുടങ്ങിയത്. ഒരു പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാർ ചിത്രത്തിൽ അഭിനയിക്കുന്നത്. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.