ആലപ്പുഴ: നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ഒടുവലാണ് ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം ഇന്ന് പൂർത്തിയാകുന്നത്. ആലപ്പുഴക്കാർക്ക് സന്തോഷത്തിന്റെ അവസരമാണ് ഇതെങ്കിലും കേരളത്തിലെ വികസന മുരടിപ്പിന്റെ കഥയാണ് ഇതിൽ ശരിക്കും ചർച്ചയാകുന്നത്. അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറന്നു കൊടുക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രധാന ആകർഷണം. ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരമാകും.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകുന്നത്. ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1969 ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം 1990 ഡിസംബറിലായിരുന്നു ആദ്യ നിർമ്മാണോദ്ഘാടനം. 2001 ൽ ഒന്നാംഘട്ട പൂർത്തിയായി. 2004 ൽ രണ്ടാംഘട്ടനിർമ്മാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പിന് ഒപ്പം റെയിൽവേ മേൽപ്പാലങ്ങളുടെ പേരിലും വർഷങ്ങളോളം നിർമ്മാണം വൈകി. ഇതോടൊപ്പം കടൽമണ്ണ് ശേഖരിച്ചുള്ള റോഡ്‌നിർമ്മാണത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും തടസ്സം നിന്നു.

2006 ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ. മുനീറാണ് ബീച്ചിലൂടെ മേൽപ്പാലം എന്ന ആശയം പ്രഖ്യാപിച്ചത്. എന്നാൽ റെയിൽവേ മേൽപ്പാലം, ഫ്‌ളൈ ഓവർ എന്നിവയുടെ പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തർക്കം തുടർന്നു. ഒടുവിൽ 2009 ൽ ഹൈക്കോടതി വടിയെടുത്തു. കൊല്ലം, ആലപ്പുഴ ബൈപ്പാസുകൾ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു. തുടർന്ന് 2012 ൽ ഉമ്മൻ ചാണ്ടി സർക്കാർ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായി ബൈപ്പാസ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു.

2015 ൽ 344 കോടി രൂപ ചെലവിൽ പുതിയ എസ്റ്റിമേറ്റ് വന്നു. ഏപ്രിൽ 10 ന് വീണ്ടും നിർമ്മാണോദ്ഘാടനം. 2016 ൽ മേൽപ്പാലത്തിനായി ബീച്ചിനോട് ചേർന്ന് കൂറ്റൻ തൂണുകൾ ഉയർന്നു. അപ്പോഴും കുതിരപ്പന്തിയിലെയും മാളിമുക്കിലെയും റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം തുടങ്ങിയിരുന്നില്ല. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴും പൊതുമരാമത്ത് വകുപ്പ് കൂടുതൽ സമയം ചെലവഴിച്ചത്, റെയിൽവേയുമായുള്ള തർക്കം പരിഹരിക്കാനായിരുന്നു. 2020 ജൂൺ മാസത്തോടെ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കി. പിന്നെ അതിവേഗത്തിൽ ടാറിംഗും നവീകരണ ജോലികളും തീർന്നു.

6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ ദൂരം. ഇതിൽ 3.2 കിലോമീറ്റർ ബീച്ചിന് മുകളിലൂടയുള്ള മേൽപ്പാലമാണ്. കൊല്ലം ഭാഗത്ത് നിന്ന് വരുമ്പോൾ കളർകോട് നിന്നാണ് ബൈപ്പാസിന്റെ തുടക്കം. എറണാകുളം ഭാഗത്ത് നിന്ന് വരുമ്പോൾ കൊമ്മാടിയിൽ നിന്നും ബൈപ്പാസിൽ കയറാം. ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം. രാത്രികാല കാഴ്ചകളും മനോഹരമാണ്. നിലവിൽ രണ്ട് വരിയാണ് ബൈപ്പാസ്. ദേശീയപാതയുടെ ഭാഗമായതിനാൽ ആറുവരിയായി മാറണം.

ദേശീയപാത 66-ൽ (പഴയ എൻ.എച്ച്.-47) കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 4.8 കിലോമീറ്റർ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേൽപ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടൽത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങൾക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തിൽ യാത്രചെയ്യാം.

കേന്ദ്രസർക്കാർ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയിൽവേയ്ക്ക് നൽകിയതുംകൂടി ചേർത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയിൽ 92 വഴിവിളക്കുകൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 412 വിളക്കുകളുണ്ട്.ആകെ നീളം-6.8 കി.മീ.

ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം സംബന്ധിച്ച വിവാദം അടുത്തിടെയാണ് ഒഴിഞ്ഞത്. ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയവരെ ഉൾപ്പെടുത്തി കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് പുറത്തുവന്നിരുന്നു. മന്ത്രിമാരായ തോമസ് ഐസക്ക്, പി. തിലോത്തമൻ, എംപിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാൽ എന്നിവരെ കേന്ദ്രം ഉൾപ്പെടുത്തി. സംസ്ഥാനം നിർദ്ദേശിച്ച തിരുത്തലുകൾ വരുത്തിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. നേരത്തെ, കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസിൽ നിന്നയച്ച പട്ടികയിലാണ് മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കിയത്. പകരം കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രിയെയും കേന്ദ്രസഹമന്ത്രി വി.മുരളീധരനെയും പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് പട്ടികയിൽ തിരുത്തൽ ആവശ്യപ്പെട്ട് സംസ്ഥാനം കത്തയച്ചു.

ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ടി.എം. തോമസ് ഐസക്, പി.തിലോത്തമൻ എന്നിവരെ ചടങ്ങളിൽ ഉൾക്കൊള്ളിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രൊട്ടോക്കോൾ പ്രകാരം സ്ഥലം എംപി എ.എം. ആരിഫും ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ട്. രാജ്യാസഭാംഗമായ കെ.സി.വേണുഗോപാലിനെയും ചടങ്ങിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദ്ദേശം. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ സംഘാടകരായി വരുന്നത് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയവും ദേശീയപാത അഥോറിറ്റിയുമാണ്. സംസ്ഥാനത്തിന് തങ്ങളുടെ നിർദ്ദേശം സമർപ്പിക്കാൻ മാത്രമേ സാധിക്കൂ.