കോഴിക്കോട്:മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന '1921' സിനിമയുടെ തിരക്കഥ മൂകാംബികാ ക്ഷേത്രത്തിൽ സമർപ്പിച്ച് സംവിധായകൻ അലി അക്‌ബർ. 'മമ ധർമ്മ' എന്ന പേരിൽ സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ച് ജനകീയപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിങ് വഴിയാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ സിനിമ പുറത്തിറക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നേരത്തേ തുടങ്ങിയിരുന്നു.മലബാർ കലാപവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതവും പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനായി ജനകീയ കൂട്ടായ്മയിലൂടെയാണ് പണം പിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ച ശേഷം ആദ്യ ദിവസം പത്തുലക്ഷത്തോളം രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഫോണിലൂടെ ഒട്ടേറെ ഭീഷണികൾ വരുന്നുണ്ടെന്നും അലി അക്‌ബർ നേരത്തെ ഫേയ്സ്ബുക്കിൽ കുറിച്ചിരുന്നു.

മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന 'വാരിയംകുന്നൻ' എന്ന സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്‌ബർ ചിത്രം തന്റെ ചിത്രവും പ്രഖ്യാപിച്ചത്.

1921ലെ മലബാർ മാപ്പിള ലഹളയുടെ പിന്നിലെ യഥാർത്ഥ ചരിത്രം പറയുന്ന കഥയാണ് താൻ സിനിമയാക്കുന്നത് എന്ന് സംവിധായകൻ അലി അക്‌ബർ നേരത്തെ വ്യക്തമാക്കിയിരുന്നു. മാധവൻ നായർ, നെടുങ്ങാടി എന്നിവരുടേതു ഉൾപ്പടെ നാല് പുസ്തകങ്ങളെ ആസ്പദമാക്കിയാണ് 1921 ലെ ചരിത്രം അലി അക്‌ബർ സിനിമയാക്കുന്നത്. 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.