ലഖ്നൗ/അലിഗഢ്: അന്തരിച്ച ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന് ആദരാഞ്ജലി അർപ്പിച്ച് പ്രസ്താവനയിറക്കിയ അലിഗഢ് സർവകലാശാല വൈസ് ചാൻസലർ താരിഖ് മൻസൂറിനെതിരേ ക്യാംപസിൽ പോസ്റ്ററുകൾ. താലിബാൻ ചിന്താഗതിയുള്ളവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു.പി. സർക്കാർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സർക്കാർ അറിയിച്ചു.

അലിഗഢ് മുസ്ലിം സർവകലാശാല വിദ്യാർത്ഥികൾ എന്ന പേരിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. കല്യാൺ സിങ്ങിനെ അനുസ്മരിച്ചുകൊണ്ടുള്ള സർവകലാശാല വി സിയുടെ വാക്കുകൾ നാണക്കേടുമാത്രമല്ല മറിച്ച് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും പോസ്റ്ററിൽ പറയുന്നു.

ബാബറി മസ്ജിദ് തകർത്ത പ്രധാന പ്രതികളിലൊന്ന് മാത്രമല്ല കല്യാൺ സിങ് എന്നും, സൂപ്രീം കോടതിയുടെ ഉത്തരവ് അനുസരിക്കാത്ത ആൾ കൂടിയാണെന്നും പോസ്റ്റർ പറയുന്നു. എ.എം.യു. സമൂഹത്തിനു മുഴുവനും സർവകലാശാലയുടെ പാരമ്പര്യങ്ങൾക്കും വി സി.യുടെ അനുശോചനം അപമാനമുണ്ടാക്കിയെന്നും പോസ്റ്ററിൽ പറയുന്നു.

നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ് വി സി.യുടെ പ്രവർത്തിയെന്നും ഇത്തരം പോസ്റ്ററുകൾ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും യു.പി. മന്ത്രി മൊഹ്സിൻ റാസ പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സർവകലാശാലയാണ് അലിഗഢ്. സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിത്-ന്യൂനപക്ഷകാര്യമന്ത്രി കൂടിയായ റാസ പറഞ്ഞു.