തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികളെല്ലാം തന്നെ അതിനുള്ള മുന്നൊരുക്കങ്ങൾ നടത്തണം. കുട്ടികളിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാർഡുകളിൽ പരമാവധി സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ജില്ലാ ആശുപത്രിയിലും വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും മന്ത്രി വീണാ ജോർജ് നിർദേശിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കലക്ടറേറ്റിൽ നടന്ന ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിൽ ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി പഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതാണ്. വൈറസ് സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത കൈവിടരുത്. ജില്ലയിലെ വാക്സിനേഷൻ കൂട്ടണമെന്ന് മന്ത്രി നിർദേശിച്ചു. ഒരു ദിവസം 50,000 ഡോസ് വരെ കുത്തിവെപ്പ് എടുക്കുന്നതിന് ജില്ല പര്യാപ്തമാണ്. ട്രൈബൽ മേഖലയിൽ വാക്സിനേഷൻ നല്ല രീതിയിൽ നടക്കുന്നുണ്ട്. 82 ശതമാനവും പൂർത്തിയായിട്ടുണ്ട്. പ്രവാസികൾക്ക് പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സജ്ജമാക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകി വാക്സിനേഷൻ നടത്താനും മന്ത്രി നിർദേശിച്ചു.

ജില്ലാ ആശുപത്രിയിൽ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും കോവിഡ് ബാധിതരല്ലാത്ത രോഗികളെ കൂടി ചികിത്സിക്കാൻ നടപടിയെടുക്കേണ്ടതാണ്. കൂടാതെ പിഎച്ച്സികളിലും സിഎച്ച്സികളിലും ഇതിനായി ചികിത്സാസൗകര്യങ്ങൾ വർദ്ധിപ്പിക്കണം. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പരിശോധന വർദ്ധിപ്പിക്കണമെന്നും മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

ജില്ലയ്ക്ക് കൂടുതലായി ആവശ്യമുള്ള ഓക്സിജൻ ബെഡുകൾ, വെന്റിലേറ്ററുകൾ മറ്റ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി.

ഷാഫി പറമ്പിൽ എംഎൽഎ, ജില്ലാ കലക്ടർ മൃൺമയി ജോഷി, ഡി.എം.ഒ ഡോ. കെ.പി. റീത്ത, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.